Janayugom Online
AITUC strike

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ ദ്വിദിന ദേശീയ പണിമുടക്ക്

Web Desk
Posted on September 28, 2018, 11:50 am
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 2019 ജനുവരി മാസത്തില്‍ ദ്വിദിന ദേശീയ പണിമുടക്ക് സംഘടിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളുടെയും കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വന്‍ഷനാണ് തീരുമാനം പ്രഖ്യാപിച്ചത്.
മാവ്‌ലങ്കര്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാജ്യാത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് പങ്കെടുത്തത്.
പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രാദേശികതലം വരെയുള്ള വിവിധ കണ്‍വെന്‍ഷനുകള്‍ നടത്തും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംയുക്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്യും.
പണിമുടക്ക് നോട്ടീസ് നല്‍കുന്നതിനും പ്രചരണത്തിന്റെ ഭാഗവുമായി ഡിസംബര്‍ 17 മുതല്‍ 22 വരെ സംയുക്തമായി ധര്‍ണകളും പ്രകടനങ്ങളും ചേരും. തുടര്‍ന്ന് ജനുവരി 8,9 തീയതികളില്‍ ദേശീയ പണിമുടക്ക് സംഘടിപ്പിക്കാനാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്.
എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ തൊഴിലാളി സംഘടനകളും വിവിധ കേന്ദ്ര — സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമാണ് പണിമുടക്കിന് തീരുമാനിച്ചിരിക്കുന്നത്.