August 12, 2022 Friday

പ്രതിഷേധങ്ങൾക്കെതിരെ കരിനിയമങ്ങൾ

Janayugom Webdesk
January 20, 2020 5:10 am

പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും തടയുന്നതിന് എല്ലാ കരിനിയമങ്ങളും പുറത്തെടുത്ത് ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ. നിയമനിർമ്മാണ വേളകളിൽ തങ്ങൾ തന്നെ എതിർത്തവയാണ് അവയിൽ പലതുമെന്നതാണ് വൈരുദ്ധ്യം. അതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങൾ ഉപയോഗിക്കുന്നത് വിമർശന വിധേയമാകുമ്പോൾ അത് നടപ്പിലാക്കിയവരെ കുറ്റപ്പെടുത്തി തടിയൂരുകയാണ് ബിജെപിക്കാർ ചെയ്യുന്നത്. ഭീകരവാദം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് എന്ന പേരിൽ 1980ലാണ് ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രാബല്യത്തിൽ വരുത്തിയത്. വക്കീലും വാദവും അപ്പീലുമില്ലാത്തത് എന്നാണ് ഈ നിയമത്തെ ഒറ്റ വാചകത്തിൽ വിശദീകരിക്കാവുന്നത്. ഏതൊരു വ്യക്തിയേയും കുറ്റപത്രം സമർപ്പിക്കാതെ 12മാസം വരെ ജയിലിൽ പാർപ്പിക്കാം. അറസ്റ്റ് ചെയ്ത് പത്ത് ദിവസം വരെ കുറ്റം എന്താണെന്ന് വിശദീകരിക്കേണ്ടതില്ല. വിചാരണ നടത്താൻ അഭിഭാഷകനെ അനുവദിക്കുന്നില്ല. അറസ്റ്റിലായ വ്യക്തിക്ക് ഹൈക്കോടതിയുടെ ഉപദേശക സമിതിക്കല്ലാതെ കീഴ്‌കോടതികളിലൊന്നും അപ്പീൽ നൽകാൻ കഴിയില്ല. ഇപ്പോൾ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ ഈ നിയമത്തിന്റെ വകുപ്പുകൾ ഉപയോഗിച്ച് ആരെയും പിടിച്ച് അകത്തിടുന്നതിന് അധികാരം നല്കിയുള്ള ഉത്തരവ് ലെഫ്റ്റനന്റ് ഗവർണർ ഡൽഹി പൊലീസിന് നല്കിയിരിക്കുകയാണ്.

ജനുവരി 16 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിൽ പ്രസ്തുത നിയമം ഉപയോഗിക്കാനാണ് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാൽ അധികാരം നല്കിയത്. സാധാരണ നടപടിക്രമമാണെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. എന്നാൽ ഡൽഹിയിൽ ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ള കാലയളവ് ഒട്ടേറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തെല്ലായിടത്തും അസാധാരണരീതിയിലുള്ള സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവും തീക്ഷ്ണമായവ ഡൽഹിയിലാണ്. ഷഹീൻബാഗ്, ജുമാമസ്ജിദ്, ഇന്ത്യാഗേറ്റ്, ജഫ്രാബാദ്, പഴയ ദില്ലി, സീമാപൂരി, ഡൽഹി ഗേറ്റ്, ഷാ ധാര, രജൗരി എന്നിങ്ങനെ ഡൽഹിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറുകയും ഇപ്പോഴും തുടരുകയുമാണ്. ഫീസ് വർധനയ്ക്കെതിരായ സമരത്തിനൊപ്പം ജെഎൻയുവും ഈ പ്രതിഷേധത്തിലുണ്ട്. ജാമിയ മിലിയയും ഡൽഹി സർവകലാശാലയും പ്രതിഷേധത്തിന്റെ വേദിയാണ്. ഈ പ്രതിഷേധങ്ങൾ തടയേണ്ടത് ഇ­പ്പോഴത്തെ സാഹചര്യത്തി­ൽ രണ്ടുകാരണങ്ങളാൽ ബിജെപിയെ സംബന്ധിച്ച് അ­ത്യാവശ്യമാണ്. അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ജനങ്ങളുടെ പ്രതിഷേധം തുടർന്നാൽ തെരഞ്ഞെടുപ്പു വിഷയമായി പൗരത്വ നിയമഭേദഗതി സജീവമായി നിലനില്ക്കുമെന്നതാണ് ഒന്നാമത്തെ കാരണം.

സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിട്ട തിരിച്ചടികൾ ഡൽഹിയിലും ആ­വർത്തിക്കാതിരിക്കണമെങ്കിൽ എതിരാളികളെ പ്രചരണങ്ങളിൽ നിന്ന് മാറ്റിനിർത്തണം. ഇതാകാം രണ്ടാമത്തെ കാരണം. ഏതായാലും വരുംദിവസങ്ങളിൽ ഈ നിയമമുപയോഗിച്ച് കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് പ്ര­തീക്ഷിക്കാവുന്നതാണ്. ക­ശ്മീരിന്റെ അനുഭവം അതാണ് ഓർമ്മിപ്പിക്കുന്നത്. ലോക്‌സഭയിൽ നല്കിയ മറുപടി പ്രകാരം ജമ്മു കശ്മീരിൽ പ്രത്യേകാവകാശം നൽകുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം അഞ്ചുമാസത്തിനിടെ എൻഎസ്എ അനുസരിച്ച് അറസ്റ്റ് ചെയ്തത് 5161 പേരെയായിരുന്നു. ഇതിൽ 609 പേർ നാലുമാസത്തിലധികമാണ് തടങ്കലിൽ കഴിഞ്ഞത്. ഇപ്പോഴും പല നേതാക്കളും തടങ്കലിൽ തന്നെ തുടരുകയുമാണ്. കുട്ടികളെ പോലും ഈ നിയമമനുസരിച്ച് ജയിലിൽ അടയ്ക്കുകയുണ്ടായി.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഈ നിയമം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷമായിരുന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 15 മാസം ജയിലിൽ കിടന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ഒന്നരവർഷത്തിനിടെ ഇരുനൂറ്റി അമ്പതിലധികം പേരെയാണ് തടവിലാക്കിയത്. വാർത്തകൾ നല്കിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ തടവിലാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ ശത്രുത തീർക്കുന്നതിനും നിയമം ഉപയോഗിച്ചതിന്റെ ഉദാഹരണമുണ്ട് യുപിയിൽ നിന്ന്. താനുണ്ടാക്കിയ യുവ ഹിന്ദു തീവ്രസംഘടനയിൽ വലംകയ്യായിരുന്ന സുനിൽ സിങ് ശത്രുപക്ഷത്തായതിന് ആദിത്യനാഥ് പകരം വീട്ടിയത് മുഖ്യമന്ത്രി ആയ ഉടൻ എൻഎസ്എ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാണ്. പത്തുവർഷം മുമ്പ് പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നത് എൻഎസ്എ പ്രകാരം തടങ്കലിലിട്ട 3,783 പേരിൽ 2,735 പേരും പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടുവെന്നാണ്. ഇത്തരത്തിലൊരു നിയമം ഉപയോഗിക്കുന്നതിന് ബിജെപിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡൽഹിയിലെ പൊലീസിന് അനുവാദം നൽകുന്നുവെന്നത് അത്യന്തം അപകടകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.