നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുക: സിപിഐ

Web Desk

വിജയവാഡ

Posted on January 13, 2018, 10:15 pm

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ ജനുവരി 15ന്‍റെ ഇന്ത്യ സന്ദര്‍ശനത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ ദേശീയ കൗണ്‍സില്‍ പാര്‍ട്ടി ഘടകങ്ങളോടും ബഹുജന സംഘടനകളോടും ആഹ്വാനം ചെയ്തു. പലസ്തീന്‍ ജനതയ്ക്കും ലോകസമാധാനത്തിനുമെതിരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ന്യായീകരിക്കലാണ് നെതന്യാഹുവിനെ സ്വാഗതം ചെയ്യുക വഴി ഇന്ത്യ ചെയ്യുന്നതെന്ന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.

ജെറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര ധാരണകളുടെയും നിഷേധമാണ്. ജെറുസലേം അന്താരാഷ്ട്ര പരമാധികാരത്തിന്‍ കീഴിലാണ്. അതിന്‍റെമേല്‍ ഇസ്രയേലിന് അവകാശം ഉന്നയിക്കാനാവില്ല. 1967 മുതല്‍ കിഴക്കന്‍ ജറുസലേമിന്‍റെ മേല്‍ തുടരുന്ന ഇസ്രയേല്‍ അധിനിവേശം യുഎന്‍ പ്രമേയങ്ങളുടെ ലംഘനമാണ്. ട്രംപിന്‍റെ പ്രഖ്യാപനം പലസ്തീന്‍ ജനതയുടെമേല്‍ ഇസ്രയേല്‍ തുടര്‍ന്നുവരുന്ന അതിക്രമങ്ങള്‍ കൂടുതല്‍ തീവ്രതരവും ക്രൂരവുമാക്കി മാറ്റിയിരിക്കുന്നു.

ട്രംപിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് പലസ്തീന്‍ ജനതയ്ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട ഇബ്രാഹിം അബു തുറയെ കൊലചെയ്യപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. 170 കുട്ടികളടക്കം അറുന്നൂറില്‍പരം പേര്‍ തടവുകാരാക്കപ്പെട്ടു. ട്രംപ് പ്രഖ്യാപനം പലസ്തീന്‍ പ്രശ്‌നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണുന്നതിന് പകരം ഇസ്രയേലിന്‍റെ അതിക്രമങ്ങള്‍ തീവ്രതരമാക്കാനേ സഹായകമായിട്ടുള്ളു. അത് മധ്യപൂര്‍വേഷ്യയിലാകെ യുദ്ധത്തിന്‍റെയും അശാന്തിയുടേയും നിഴല്‍ പരത്തിയിരിക്കുന്നു.

ഇന്ത്യ ഇസ്രയേലിന്‍റെ ഏറ്റവും വലിയ ആയുധ കച്ചവട പങ്കാളിയായി മാറിയിരിക്കുന്നു. നെതന്യാഹുവിനെ സ്വീകരിക്കുക വഴി ഇന്ത്യ അവരുടെ അന്താരാഷ്ട്ര നിയമലംഘനങ്ങളെ അംഗീകരിക്കുകയാണ്, പലസ്തീനും അറബ് ജനതയ്ക്കുമെതിരെ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. പ്രതിരോധ ഇടപാടുകളിലൂടെ അവര്‍ കൊയ്‌തെടുക്കുന്ന വന്‍ ലാഭം പലസ്തീന്‍ ജനതക്കെതിരായ അതിക്രമങ്ങള്‍ക്കും അവരുടെഭൂമി കയ്യടക്കുന്നതിനുമാണ് ഇസ്രയേലിനെ സഹായിക്കുന്നത്. ഇത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവും അപലപനീയവുമാണ്.
ഈ പശ്ചാത്തലത്തില്‍ നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധങ്ങള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. പലസ്തീനൊപ്പം നില്‍ക്കുക എന്നത് മതനിരപേക്ഷതയ്ക്കും തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ സമരം അതീവപ്രാധാന്യമുള്ള ആഭ്യന്തര മുന്‍ഗണനയുമാണെന്ന് പാര്‍ട്ടി പ്രമേയം അടിവരയിടുന്നു.