Thursday
21 Mar 2019

കെ സുരേന്ദ്രനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തം

By: Web Desk | Tuesday 4 December 2018 9:48 PM IST


surendran

കോഴിക്കോട്: ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് അറസ്റ്റിലായ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വേണ്ടി പൊതുവേദിയില്‍ രംഗത്തെത്തിയ കെ പി സി സി നിര്‍വ്വാഹക സമിതിയംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ പി എം നിയാസിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ബി ജെ പി നേതാവിനെ അനുകൂലിച്ച് സംസാരിച്ച നിയാസ് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആക്ഷേപിച്ചാണ് എതിര്‍വിഭാഗം രംഗത്തുള്ളത്.

കഴിഞ്ഞ ദിവസം നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ജസ്റ്റിസ് ഫോര്‍ കെ സുരേന്ദ്രന്‍ എന്ന പരിപാടിയിലാണ് നിയാസ് പങ്കെടുത്തത്. ഇല്ലാത്ത കേസുകളുടെ പേരിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹത്തെ ജയിലില്‍ അടച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പി എം നിയാസ് ചടങ്ങില്‍ പ്രസംഗിച്ചത്. എന്നാല്‍ പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് പരിപാടിയില്‍ ബി ജെ പി-ആര്‍ എസ് എസ് നേതാക്കളാരും പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ എന്ന നിലയിലും ബാര്‍ കൗണ്‍സില്‍ മുന്‍ അംഗമെന്ന നിലയിലുമാണ് താന്‍ പങ്കെടുത്തതെന്നും നിയാസ് പറഞ്ഞു. മനുഷ്യാവകാശം കൊലചെയ്യപ്പെട്ടാല്‍ ജനാധിപത്യം ഇല്ലാതാവുമെന്നും സമരങ്ങളെ ജനാധിപത്യ രീതിയില്‍ മാത്രമെ കൈകാര്യം ചെയ്യാവുവെന്നത് ഭരണഘടന നല്‍കിയ സ്വാതന്ത്ര്യമാണെന്നാണ് താന്‍ പ്രസംഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബി ജെ പി നേരിട്ട് പങ്കെടുപ്പിച്ച പരിപാടിയല്ലെങ്കിലും ബി ജെ പിയുടെ അനുവാദത്തോടെയാണ് പരിപാടി നടന്നതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ: ശ്രീപത്മനാഭന്‍ വേദിയില്‍ നിയാസിനൊപ്പം സംസാരിക്കാന്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ബി ജെ പി നേതാവിന് വേണ്ടിയുള്ള പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് ശരിയാണോ എന്നും ഇവര്‍ ചോദിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ അനുയായിയാണ് അഡ്വ: പി എം നിയാസ്. അദ്ദേഹം അറിഞ്ഞിട്ടാണോ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുത്തതെന്ന് നിയാസ് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സുരേന്ദ്രനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആക്ഷേപിച്ച് ബി ജെ പി മുന്‍ ഭാരവാഹികളും എ ബി വി പി നേതാക്കളുമെല്ലാം ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശബരിമല വിഷയത്തില്‍ ബി ജെ പിയേക്കാളും വലിയ വര്‍ഗ്ഗീയ നിലപാടുകള്‍ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാടുകളാണ് നേതാക്കളെ ഇത്തരം വേദികളില്‍ എത്തിക്കുന്നത്. ഇപ്പോഴെങ്കിലും സംഭവിച്ച പിഴവ് തിരിച്ചറിയാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളും അംഗങ്ങളും സംഘപരിവാര്‍ വേദികളിലെത്തുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ച തിരുവനന്തപുരത്തും വ്യാഴാഴ്ച എറണാകുളത്തും സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി ജെ പി വിമതരുടെ പരിപാടികള്‍ നടക്കുന്നുണ്ട്. ഈ നീക്കം ബി ജെ പി നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

Related News