
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് വീട്ടില്‍ ഒളിച്ചിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം അണയുന്നില്ല. ലൈംഗികചൂഷണ ആരോപണ വിഷയത്തില്‍ കുടുങ്ങി കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത്. ഇതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനോ പൊതു-സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനോ രാഹുൽ തയ്യാറായിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി. ചിക്കാഗോയില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തിലെ മുഖ്യാതിഥിയായിരുന്നു രാഹുല്‍. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അവിടേക്ക് ചെല്ലേണ്ടതില്ലായെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനിടെ ഇന്നലെയും എഐവൈഎഫ് ഉള്‍പ്പെടെയുളള വിദ്യാര്‍ത്ഥി യുവജന സംഘടകള്‍ രാഹുലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രാജിവച്ചെന്ന വിവരം അറിയിക്കാനാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. എന്നാൽ പുറത്തുവന്ന സംഭാഷണത്തിലെ ശബ്ദം തന്റേതാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ, രാജിക്കാര്യം അറിയിച്ച് വീടിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. രാഹുലിന്റെ ഗോഡ്ഫാദറായി വിശേഷിപ്പിക്കപ്പെടുന്ന ഷാഫി പറമ്പിൽ എംപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിക്രമങ്ങൾക്ക് ഇരയായ വനിതാ പ്രവർത്തകർ ഷാഫിയോട് പരാതിപ്പെട്ടിരുന്നെന്നും, പരാതികളൊന്നും ഷാഫി ഗൗനിക്കാറില്ലെന്നും രാഹുലിൽ നിന്ന് മോശമായ മെസേജുകൾ ലഭിച്ച എഴുത്തുകാരി ഹണി ഭാസ്കരൻ വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ ഓഫിസിലേക്ക് എഐവൈഎഫ്, കേരള മഹിളാസംഘം, വർക്കിങ് വിമന്‍സ് ഫോറം സംയുക്താഭിമുഖ്യത്തില്‍ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ ധർണ സിപിഐ ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി നൗഷാദ് അധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് പ്രഭാവതി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ, സുരേഷ്, കെ ഷിനാഫ്, ഷാഫി നറുകൊട്ടിൽ, കുട്ടൻ മണലാടി, സിദ്ധാർഥ്, അഡ്വ. സുനിൽ, പിആർ രാജേഷ്, സുമല എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.