വിളക്കണച്ച് റെയിൽവേ, തിരിതെളിച്ച് നാട്ടുകാർ

Web Desk

കൊട്ടിയം

Posted on October 17, 2020, 8:53 am

മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരത്തും, പ്ലാറ്റ്ഫോമിലും ഇരുട്ട് പരത്തി റെയിൽവേയുടെ പ്രതികാരം. കുറ്റാക്കൂരിരുട്ടിൽ പ്രകാശത്തിന്റെ തിരിനാളം തെളിച്ച് മയ്യനാടിന്റെ പ്രതിരോധം. വേണാട് എക്സ്പ്രസ്സിന്റെ സ്റ്റോപ്പ് റദ്ദാക്കിയും, ഹാൾട്ട് സ്റ്റേഷനാക്കി തരംതാഴ്ത്തിയും തുടരുന്ന റെയിൽവേയുടെ അവഗണനയുടെ തുടർച്ചയായി രണ്ട് ദിവസത്തോളമായി മയ്യനാട് റെയിൽവേ സ്റ്റേഷനിലും പരിസരത്തുമുള്ള വിളക്കുകൾ കെടുത്തിയാണ് റെയിൽവേയുടെ പ്രതികാരം. ഇതിനെതിരെ പ്രകാശത്തിന്റെ തിരിനാളം തെളിച്ച് മയ്യനാടിന്റെ മധുര പ്രതിരോധം. 

മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ‘പ്രതിരോധത്തിന്റെ തിരിനാളം’ പരിപാടി എം.നൗഷാദ് MLA ഉത്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി അഡ്വ.കെ.ബേബിസൺ, അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ.ലക്ഷ്മണൻ, യൂത്ത് കോൺഗ്രസ്റ്റ് ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി സച്ചിൻ ദാസ് ‚ഐ.എൻ.ടി.യു.സി നേതാവ് ശങ്കരനാരായണപിള്ള, ബി.ജെ.പി പ്രതിനിധി മനു, റോജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് കെ.നജിമുദീൻ സ്വാഗതവും സന്തോഷ്.വി നന്ദിയും പറഞ്ഞു.ഡി.സ്റ്റാലിൻ കുമാർ, ബിനു.സി, അപ്പുകുമാർ.ഡി, അനിൽകുമാർ.എസ് എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry: protest against railway