18 April 2024, Thursday

Related news

January 27, 2024
December 17, 2023
October 8, 2023
February 16, 2023
February 16, 2023
January 5, 2023
December 21, 2022
December 13, 2022
December 6, 2022
November 21, 2022

ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം; കെയുഡബ്ല്യുജെ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും

Janayugom Webdesk
തിരുവനന്തപുരം
November 8, 2022 8:45 am

വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ചുവരുത്തിയ മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഭരണഘടനാ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കിവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത്‌ പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്‌ ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും കൂടിയാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ പദവിയിൽ ഇരുന്ന് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവര്‍ണര്‍ പദവിയുടെ അന്തസിന് ചേര്‍ന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.
മാധ്യമസമൂഹത്തിന്റെ ബഹിഷ്കരണം ചോദിച്ചുവാങ്ങുന്ന ഏകാധിപത്യ നിലപാട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചിരിക്കുകയാണെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. ജനാധിപത്യവ്യവസ്ഥിതിയുളള നാട്ടില്‍ ഹിറ്റ്‌ലര്‍ ചമഞ്ഞ് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നത് ഏറ്റവും അപകടകരമാണ്. കൈരളിയെയും മീഡിയ വണ്ണിനെയുമാണ് ഗവര്‍ണര്‍ നേരിട്ട് പേരുപറഞ്ഞ് ഇപ്പോള്‍ പുറത്താക്കിയതെങ്കില്‍ തനിക്ക് അനിഷ്ടം തോന്നുന്ന ഏത് മാധ്യമങ്ങളുടെ നേരെയും ഇനി തിരിയാമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Protest against the Gov­er­nor’s action is strong; KUWJ will hold a Raj Bha­van march today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.