ഗ്രെറ്റ തന്‍ബര്‍ഗിന്റെ കാലാവസ്ഥ പ്രസംഗത്തെ ട്രോളിയ പ്രസിഡന്റ് ട്രംപിനെതിരെ വന്‍ പ്രതിഷേധം

Web Desk
Posted on September 25, 2019, 2:53 pm

വാഷിങ്ടണ്‍: വിഖ്യാത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ ഐക്യരാഷ്ട്രസഭയിലെ കാലാവസ്ഥ പ്രസംഗത്തെ ട്രോളിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറുകൊണ്ട് 16,000 പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രംപിനെതിരെ രംഗത്തെത്തിയത്.

കാലാവസ്ഥ ഉച്ചകോടിയില്‍ പ്രസംഗിക്കവെ വികാരവിക്ഷോഭം കൊണ്ട് ഗ്രെറ്റ വിറച്ചിരുന്നു. തന്റെ തലമുറയെ വഞ്ചിച്ച നിങ്ങളോട് പൊറുക്കാന്‍ തനിക്കാവില്ലെന്നായിരുന്നു അവളുടെ ഉറച്ച് വാക്കുകള്‍ പൊള്ളയായ വാഗ്ദാനങ്ങല്‍ നല്‍കി തങ്ങളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നുവെന്ന് അവള്‍ നാല് തവണ ആവര്‍ത്തിച്ച് ചോദിച്ചു. എന്റെ സ്വപ്‌നങ്ങളും ബാല്യവും നിങ്ങള്‍ അപഹരിച്ചുവെന്നും അവള്‍ കുറ്റപ്പെടുത്തി.

അവള്‍ വളരെ സന്തോഷമുള്ള ഒരു കൊച്ച് പെണ്‍കുട്ടിയാണെന്നും നല്ല ഭാവിയുണ്ടെന്നും കാണാന്‍ കൊള്ളാമെന്നും മറ്റുമായിരുന്നു പ്രസംഗത്തിന് ശേഷം ഗ്രെറ്റയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ട്രംപ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഓട്ടിസത്തിന്റെ താരതമ്യേന കുറഞ്ഞ അവസ്ഥയായ അസ്‌പെര്‍ജേഴ്‌സ് സിന്‍ഡ്രോം എന്ന രോഗത്തിന് അടിമയാണ് ഈ പെണ്‍കുഞ്ഞ്. നിഷ്‌കളങ്കയായ ഒരു കൊച്ചു പെണ്‍കുട്ടിക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അവഹേളനാപരമാണെന്നാണ് ഉയരുന്ന ആക്ഷേപം.
യുവജന കാലാവസ്ഥ പ്രക്ഷോഭകരില്‍ ആഗോള ശ്രദ്ധ നേടിയ കുട്ടിയാണ് ഗ്രെറ്റ. കഴിഞ്ഞാഴ്ച ലോകവ്യാപകമായി നടന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ ഗ്രെറ്റ ഏറെ ശ്രദ്ധേയയായി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഗ്രെറ്റയുടെ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമായത്. സ്‌കൂള്‍ നഷ്ടപ്പെടുത്തിയാണ് മൂന്നാഴ്ചയോളം ഇവള്‍ പ്രതിഷേധത്തിനെത്തിയത്. രണ്ടാഴ്ചയോളം നീണ്ട ബോട്ട് യാത്ര നടത്തിയാണ് ഇവള്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അറ്റ്‌ലാന്റിക് കടന്ന് ഇവള്‍ ന്യൂയോര്‍ക്കിലെത്തിയത്. വിമാനം കാര്‍ബണ്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അവള്‍ വിമാന യാത്ര നടത്താന്‍ വിസമ്മതിക്കുകയായിരുന്നു.