ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ 12 മുതൽ 18 വരെ ഒരാഴ്ചക്കാലം ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കാമ്പെയിനുകൾ സംഘടിപ്പിക്കാൻ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, മനോജ് ഭട്ടാചാര്യ (ആർഎസ്പി) എന്നിവർ സംയുക്തപ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
ജനങ്ങളുടെ ആജീവനാന്ത സമ്പാദ്യത്തിന്റെയും സുരക്ഷയുടെയും കലവറയായ എൽഐസിയുടെ ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സംരംഭങ്ങളുടെ വൻതോതിലുള്ള സ്വകാര്യവൽക്കരണം അവസാനിക്കുക, അഭൂതപൂർവ്വമായ തൊഴിലില്ലായ്മ, ഫാക്ടറികളുടെ അടച്ചുപൂട്ടൽ, ജീവനക്കാരുടെയും തൊഴിലാളികളുടെയും എണ്ണം കുറയ്ക്കൽ എന്നിവ കാരണം പിരിച്ചുവിടലിനും പരിഹാരം കാണുകയും കുറഞ്ഞ വേതനം 21,000 രൂപയായി നിശ്ചയിക്കുകയും മതിയായ തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തുകയും ചെയ്യുക, രൂക്ഷമായകാർഷിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഒറ്റത്തവണ വായ്പ എഴുതിത്തള്ളൽ പദ്ധതി നടപ്പിലാക്കുക, ഭക്ഷ്യ സബ്സിഡി (75,532 കോടി), കാർഷിക — കാർഷിക അനുബന്ധ — മത്സ്യമേഖല (30,683കോടി), ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ( 9,500കോടി), സാമൂഹ്യക്ഷേമം (2,640 കോടി), നഗരവികസനം (5,765 കോടി), ആരോഗ്യം (1,169 കോടി) എന്നിങ്ങനെ വിവിധ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഉയർത്തുന്നതിന് പകരം കോടിക്കണക്കിനാളുകളെ പട്ടിണിയിലേയ്ക്ക് തള്ളിവിടുന്നതിന് ഇടയാക്കുന്ന വിധത്തിൽ വെട്ടിക്കുറച്ച നടപടി ഉപേക്ഷിക്കുകയും ബജറ്റ് വിഹിതം പുനഃസ്ഥാപിക്കുകയെങ്കിലും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
ഈ വർഷത്തെ ബജറ്റിൽ അടങ്ങിയിരിക്കുന്ന ജനവിരുദ്ധ നിർദ്ദേശങ്ങൾ ബഹുഭൂരിപക്ഷം ആളുകളുടെയും ഉപജീവന സാഹചര്യങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും സാധാരണ ജനങ്ങൾക്കുമേൽ ഭീമമായ നികുതിഭാരം ചുമത്തി മോഡി സർക്കാർ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയംതന്നെ സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും ഇളവുകൾക്ക് പിറകേ ഇളുവകൾ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജനങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വം വ്യാപകമാക്കുന്നതിന് ഇടയാക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോഡി സർക്കാർ നമ്മുടെ ഭരണഘടനയ്ക്ക് എതിരെ കടന്നാക്രമണങ്ങൾ നടത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി സിഎഎ‑എൻപിആർ-എൻആർസി നടപ്പിലാക്കുകയും രാജ്യത്തുടനീളം ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സമയത്താണ് ജനങ്ങളുടെ ഉപജീവനത്തിനെതിരായ ഇത്തരം ക്രിമിനൽ ആക്രമണങ്ങൾ നടക്കുന്നത്. മോഡി സർക്കാർ നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയും നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കഠിനമായ ഹിന്ദുത്വ അജണ്ട, സിഎഎ‑എൻപിആർ-എൻആർസി നടപ്പിലാക്കുകയും രാജ്യത്തുടനീളം ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സമയത്തുതന്നെയാണ് ജനങ്ങളുടെ ഉപജീവനത്തിനെതിരായ ഇത്തരം കുറ്റകരമായ കടന്നാക്രമണങ്ങളും നടത്തുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
English Summary: Protest against union budget
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.