നരേന്ദ്രമോഡിക്ക് എതിരെ ഹൂസ്റ്റണില്‍ വന്‍ പ്രതിഷേധം

Web Desk
Posted on September 22, 2019, 9:00 am

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി നഗരത്തില്‍ എത്തിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടക്കും. ആയിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എജെഎ), വിവിധ മനുഷ്യാവകാശ — സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അറിയിച്ചു.

ഹിന്ദു, മുസ്ലീം, ദലിത്, സിഖ്, ക്രിസ്ത്യന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എജെഎ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്. .
യുഎസ് ആസ്ഥാനമായുള്ള നിരവധി പൗരാവകാശ സംഘടനകളും എജെഎയുടെ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചു. ജൂത വോയ്‌സ് ഫോര്‍ പീസ് (ജെവിപി), ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ കശ്മീരികളും സിക്കുകാരും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചുന്നു.

ഇന്ത്യയില്‍ വേരുകളുള്ള ഇന്ത്യന്‍ അമേരിക്കക്കാരുടെ നല്ലൊരു കൂട്ടായ്മയാണ് തങ്ങളുടേതെന്നും മറ്റ് ദേശീയതകളുമായോ വിഘടനവാദ സംഘടനകളുമായോ ബന്ധമില്ലെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ എജെഎ പറഞ്ഞു. മോഡി സര്‍ക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യവിരുദ്ധ, ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ അജണ്ട തുറന്നുകാട്ടുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് തങ്ങളുടെ പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസ്താവനയില്‍വ്യക്തമാക്കുന്നു.
ഹിന്ദുമതത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് തങ്ങളുടെ സംഘടന പ്രതിഷേധത്തില്‍ ചേരുന്നതെന്ന് എച്ച്എഫ്എച്ച്ആര്‍ സഹസ്ഥാപക സുനിത വിശ്വനാഥ് പറഞ്ഞു.
നിരവധി അതിക്രമങ്ങള്‍ നടത്തിയതിന് കൂട്ടുനിന്ന വ്യക്തിയെന്ന നിലയിലാണ് പ്രധാനമന്ത്രി മോഡി ഹൂസ്റ്റണിലെത്തുന്ന ദിവസം പ്രതിഷേധംസംഘടിപ്പിക്കുന്നതിന് കാരണമായതെന്ന് ഹൂസ്റ്റണിലെ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ആഷ്ടണ്‍ പി. വുഡ്‌സ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ദേശി പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ കളക്റ്റീവ് ഓപ്പറേഷന്‍ ഡയറക്ടര്‍ സാറാ ഫിലിപ്‌സ്, ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. സമീന സലിം, പവന്‍ സിംഗ് (ഒഎഫ്എംഐ); സെന്റ് സ്റ്റീവന്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ റെക്ടര്‍ റവ. ലിസ ഹണ്ട്,  സാച്ച് ചാറ്റര്‍ജി ഷ്‌ലാക്റ്റര്‍ (ജെവിപി), പ്രൊഫഷണല്‍ കമ്മ്യൂണിക്കേറ്റര്‍ ഡാനിയല്‍ കോഹന്‍, ഫോര്‍ ഫാമിലിസ് ആന്റ് ദെയര്‍ എഡ്യൂക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സീസര്‍ ഒക്ടാവിയോ (എഫ്‌ഐഇഎല്‍) എന്നിവരുള്‍പ്പെടെ പല പ്രമുഖരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങളെ വിശദമായി പ്രതിപാദിച്ചാണ് എജെഎയും മറ്റ് സമാൂഹ്യപ്രവര്‍ത്തകരും മോഡിക്കെതിരായ പ്രതിഷധേത്തെ ന്യായീകരിക്കുന്നത്. കശ്മീരികളെ തടവിലാക്കിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സ്ഥിതിവിശേഷം, ആള്‍ക്കൂട്ട അതിക്രമങ്ങളുടെ
വര്‍ധന, അസമിലെ പൗരത്വ പട്ടികയുടെ പേരിലുള്ള പീഡനങ്ങള്‍ എന്നിവയെല്ലാം പരാമര്‍ശ വിഷയങ്ങളായിട്ടുണ്ട്.

മോഡിയും ട്രംപും വിതച്ച വിദ്വേഷ രാഷ്ട്രീയത്തോടുള്ള കടുത്ത എതിര്‍പ്പ് കാണിക്കാനും മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, കശ്മീര്‍ ജനത എന്നിവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഞങ്ങള്‍ ഇവിടെയുണ്ടാകുമെന്ന് ജൂത വോയ്‌സ് ഫോര്‍ പീസിന്റെ സാക്ക് ചാറ്റര്‍ജി ഷ്‌ലാച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയത്തേക്കാള്‍ പത്തര മണിക്കൂര്‍ പിറകിലാണ് ഹൂസ്റ്റണ്‍ സമയം. അങ്ങനെയെങ്കില്‍ ഇന്ത്യസമയം തിങ്കളാഴ്ച പുലര്‍ച്ചെയാകും പ്രതിഷേധം നടക്കുക.