August 7, 2022 Sunday

Related news

July 28, 2022
July 19, 2022
July 18, 2022
July 16, 2022
July 15, 2022
July 15, 2022
July 14, 2022
July 4, 2022
June 30, 2022
June 26, 2022

മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ല; ചന്ദ്രിക ദിനപത്രം ഓഫീസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം 

Janayugom Webdesk
കോഴിക്കോട്
July 13, 2020 5:17 pm

മൂന്നു മാസമായി ശമ്പളം ലഭിക്കാതെ വന്നതോടെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം. കെ യു ഡബ്ല്യു ജെ, കെ എൻ ഇ എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. മൂന്നു മാസത്തിലധികമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട്. കോവിഡിന്റെ പേരു പറഞ്ഞ് ശമ്പളം പകുതിയായി വെട്ടിക്കുറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയതെന്ന് ജീവനക്കാർ പറയുന്നു.

മാസങ്ങൾക്ക് മുമ്പ് ചന്ദ്രികയുടെ നവീകരണത്തിനായി മുസ്ലീം ലീഗ് കോടിക്കണക്കിന് രൂപ സ്വരൂപിച്ചിരുന്നു. എന്നിട്ടു പോലും ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്. ശമ്പളം ചോദിക്കുമ്പോൾ ഉത്തരവാദപ്പെട്ടവർക്ക് വ്യക്തമായ ഉത്തരമില്ലെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ലീഗിന്റെ പോഷക സംഘടനയായ കെ എം സി സി യുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് വിദേശത്തു നിന്നും പ്രവാസികളെ നാട്ടിലെത്തിച്ചത്. എന്നാൽ മുഖപത്രത്തിലെ തൊഴിലാളികൾ പട്ടിണിയായിട്ടും പാർട്ടി ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല.

നൂറ്റാണ്ടിനടുത്ത് പാരമ്പര്യമുള്ള പാർട്ടി പത്രത്തെ നാൾക്കു നാൾ പുറകോട്ട് വലിക്കുന്നത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും ജീവനക്കാർ ചോദിക്കുന്നു. ഫിനാൻസ് ഡയരക്ടറുടെ ഇടപെടൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഡയരക്ടർമാരെയും ഗവേണിംഗ് ബോഡി യെയും നോക്കുകുത്തിയാക്കിയുള്ള റിമോട്ട് ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. കുറച്ചു മാസങ്ങളായി ചന്ദ്രികയിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ട്. തൊഴിലാളി പ്രതിഷേധം ഉയരുമ്പോൾ ഒരു മാസത്തെ ശമ്പളം നൽകി താത്ക്കാലിക പരിഹാരം ഉണ്ടാക്കുകയായിരുന്നു മാനേജ്മെന്റ് ചെയ്തു വന്നിരുന്നത്.

ചെറിയ പെരുന്നാളിന് ഉൾപ്പെടെ ശമ്പളം ലഭിക്കാതെ വന്നപ്പോൾ തിരുവനന്തപുരം പ്രൂഫ് സെക്ഷനിലെ ഒരു ജീവനക്കാരൻ രാജി വെച്ചിരുന്നു. ഒന്നിച്ച് ലീവെടുക്കുമെന്ന് മറ്റു ജീവനക്കാർ വ്യക്തമാക്കിയപ്പോൾ ഒരു മാസത്തെ ശമ്പളം നൽകുകയായിരുന്നു മാനേജ്മെന്റ് ചെയ്തത്. എന്നാലിപ്പോൾ ഒരു തുറന്ന സമരവുമായി ജീവനക്കാർ രംഗത്തുവന്നിരിക്കുകയാണ്.

Eng­lish sum­ma­ry: protest by work­ers of chan­dri­ka daily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.