August 12, 2022 Friday

Related news

August 12, 2022
August 12, 2022
August 12, 2022
August 11, 2022
August 10, 2022
August 8, 2022
August 7, 2022
August 7, 2022
August 6, 2022
August 6, 2022

ഫെബ്രുവരി 22 മുതൽ മാർച്ച് 23 വരെ രാജ്യവ്യാപകമായി സിപിഐ പ്രതിഷേധം

Janayugom Webdesk
കൊൽക്കത്ത
February 4, 2020 11:04 pm

ഫെബ്രുവരി 22 മുതൽ മാർച്ച് 23 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചു. കേന്ദ്രബജറ്റിനെതിരെ 12 മുതൽ 18 വരെ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽരാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധവാരാചരണം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മൂന്ന് ദിവസമായി ഭൂപേശ് ഗുപ്ത ഭവനിൽ നടന്നുവന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പ്രവർത്തന — രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജി യോഗത്തിൽ അധ്യക്ഷനായി. 1946ലെ നാവിക മുന്നേറ്റത്തിന്റെ വാർഷിക ദിനമായ ഫെബ്രുവരി 22 മുതൽ ഭഗത്‌സിങ് രക്തസാക്ഷിദിനമായ മാർച്ച് 23 വരെ ദേശവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. ഹിന്ദു വലതു തീവ്രവാദികൾ കൊലചെയ്ത ഗോവിന്ദ് പൻസാരെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 20 ന് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പൊതുമേഖലാ സംരംഭങ്ങൾ — പ്രത്യേകിച്ച് ബിപിസിഎൽ, എൽഐസി എന്നിവയുടെ ഓഹരികൾ — വില്ക്കാനുള്ള തീരുമാനമുൾപ്പെടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് ജനവിരുദ്ധവും കോർപ്പറേറ്റ് ആഭിമുഖ്യമുള്ളതുമാണെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി. തെറ്റായ ചരക്കുസേവന നികുതി നിമിത്തം നികുതി വരുമാന ലക്ഷ്യം നേടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മാന്ദ്യം കാരണം പ്രത്യക്ഷ നികുതി പിരിവിലും ഇടിവുണ്ടായി. ഇതുകാരണം ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വില്ക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഇതേ ഘട്ടത്തിൽ തന്നെ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന അനുച്ഛേദം 370 എടുത്തുകളയുക, മുത്തലാഖ് നിയമം, ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം, ദേശവ്യാപകമായി പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയിലൂടെ സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും ഭീതി പരത്താനും വിഭാഗീയത സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് യോഗം പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
ഈ വിഭാഗീയ നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രത്യേകിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവരാണ് ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്. പൗരത്വ ഭേദഗതി നിയമവും എൻആർസിയും ഹിന്ദു — മുസ്‌ലിം പ്രശ്നമാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം പരാജയപ്പെട്ടുവെങ്കിലും അപകടം മുന്നിലുണ്ടെന്നാണ് ഷഹീൻബാഗിലും ജാമിയയിലും നടന്ന വെടിവയ്പുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ഭരണഘടനയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനയ്ക്കെതിരായ എല്ലാ നീക്കങ്ങളും ചെറുക്കുന്നതിനും നിലക്കൊള്ളുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: protest con­dect by cpi against union budget

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.