Web Desk

റിയോ ഡി ജനീറോ

June 03, 2021, 9:19 pm

കോവിഡ്; ജയ്ര്‍ ബൊള്‍സൊനാരൊയ്ക്കെതിരെ ബ്രസീലില്‍ പാത്രം കൊട്ടി പ്രതിഷേധം

Janayugom Online

ബ്രസീല്‍ പ്രസി­ഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയ്ക്കെതിരെ ബ്രസീലില്‍ പാത്രം കൊട്ടി പ്രതിഷേധം. ബൊള്‍സൊനാരൊ രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ 16 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടന്നത്. രാജ്യത്ത് ഫലപ്രദമായ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. കോവിഡ് മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഏതാനും ദിവസങ്ങളായി രാജ്യത്ത് ബൊള്‍സൊനാരൊയ്ക്കെതിരായ പ്രതിഷേധം തുടരുകയാണ്. 

സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ബുധനാഴ്ച മാത്രം രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുകയും 2507 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ പരിസ്ഥിതി മന്ത്രാലയം അനധികൃത ഇടപെടല്‍ നടത്തിയെന്ന സുപ്രീം കോടതിയുടെ നിര്‍ണായക കണ്ടെത്തലിന് പിന്നാലെയാണ് ബൊള്‍സൊനാരൊ സ്വയം വെള്ളപൂശല്‍ ആരംഭിച്ചിരിക്കുന്നത്.
രാജ്യം നിര്‍ണായകമായ സാമ്പത്തിക വളര്‍ച്ചയിലും നേട്ടത്തിലുമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ബൊള്‍സൊനാരൊ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക നേട്ടം വ്യക്തമാക്കുന്ന യാതൊരു രേഖകളും ബൊള്‍സൊനാരൊയുടെ കൈവശമുണ്ടായിരുന്നില്ല. 

കോവിഡ് വാക്സിന്‍ കുത്തിവയ്ക്കുന്നതിനെ ശക്തമായി എ­തിര്‍ത്തിരുന്ന ബൊള്‍സൊനാരോ ഈ വര്‍ഷം അവസാനത്തോ­ടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. വരുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ബൊള്‍സൊനാരൊ നടത്തുന്നത്. ശനിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാജ്യത്തെ ഇടത് രാഷ്ട്രീയ പാര്‍ട്ടികളുടേയും യൂണിയനുകളുടേയും വിദ്യാത്ഥി അസോസിയേഷനുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലെ പ്രധാന കേന്ദ്രങ്ങള്‍ പ്രതിഷേധക്കാര്‍ വളഞ്ഞു. റിയോ ഡി ജനീറോയില്‍ നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രസിഡന്റായിരുന്ന ലുല ഡി സല്‍വയുടെ ചിത്രവും ചിലര്‍ ഉയര്‍ത്തിയിരുന്നു.

ENGLISH SUMMARY:Protest in Brazil
You may also like this video