പ്രവാസലോകത്തു പണിയെടുക്കുന്നവരുടെ മിനിമം വേതനം ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. ഈ ഉത്തരവുമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കു ലഭിച്ചുവന്ന വേതനത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കുറവുണ്ടായി. ഓരോ തസ്തികയ്ക്ക് പ്രവാസികളുടെ മിനിമം റഫറല്‍ വേതനം നിര്‍ണയിക്കുന്നത് അതാതു രാജ്യങ്ങളാണ്. 2020 സെപ്റ്റംബറിലാണ് കേന്ദ്രം ഈ പ്രവാസിവിരുദ്ധ ഉത്തരവിറക്കിയത്. ഇതുമൂലം ഇതുവരെ പ്രവാസികള്‍ക്കുണ്ടായ വേതനനഷ്ടം ശതകോടികളാണ്.
ചെലവുകഴിഞ്ഞാല്‍ നാട്ടിലേക്കു പണമയയ്ക്കുന്ന പ്രവാസികളുടെ ഈ പണം മുഴുവന്‍ ഇന്ത്യയിലേക്ക് ഒഴുകേണ്ടതായിരുന്നു. കേന്ദ്ര ഉത്തരവനുസരിച്ച് യുഎഇ, ഒമാന്‍, ബഹ്റെെന്‍ എന്നീ രാജ്യങ്ങളിലേക്ക് 40,000 രൂപയും കുവെെറ്റിലേക്ക് 49,500 രൂപയും സൗദിഅറേബ്യയിലേക്ക് 65,000 രൂപയുമായിരുന്നു മിനിമം വേതനം. ഈ വേതനമനുസരിച്ച് മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലുടമകള്‍ വേതനം നല്കിയാല്‍ മതിയായിരുന്നു. കേന്ദ്ര ഉത്തരവിനെത്തുടര്‍ന്ന് ഉയര്‍ന്ന വേതനം നല്കിയിരുന്ന തൊഴിലുടമകള്‍ വേതനത്തില്‍ 50 ശതമാനം വരെ വെട്ടിക്കുറവ് വരുത്തുകയും ചെയ്തത് കനത്ത തിരിച്ചടിയുമായി.
കോവിഡ്കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍നഷ്ടം ഉണ്ടാകാതിരിക്കാനായിരുന്നു മിനിമം റഫറല്‍ വേതനം വെട്ടിക്കുറച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം ഈ കോവിഡ്കാലത്തു തന്നെയാണ് ഖത്തര്‍ മിനിമം വേതനനിരക്ക് ഗണ്യമായി ഉയര്‍ത്തിയതെന്നതും കേന്ദ്ര ന്യായീകരണത്തെ പൊളിച്ചടുക്കുന്നു. വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ തൊഴിലാളികളെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയേയും തരംതിരിക്കാതെയായിരുന്നു കേന്ദ്രത്തിന്റെ അശാസ്ത്രീയമായ വേതനനിര്‍ണയം. ഇക്കാര്യം ഏതാനും ദിവസംമുമ്പ് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസിവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെല്ലാമിടയില്‍ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് സംയുക്തസമരസമിതി ഹെെദരാബാദിലെ ഹെെക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ കേന്ദ്രത്തിനു ഗത്യന്തരമില്ലാതായി. ഇതേത്തുടര്‍ന്ന് നിലവിലെ ഉത്തരവ് പിന്‍വലിക്കുന്നതായും പഴയ മിനിമം റഫറല്‍ വേതന വ്യവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചു. നിലവിലെ ഉത്തരവ് പിന്‍വലിച്ചതായി തെലങ്കാന ഹെെക്കോടതിയെ അറിയിക്കുകയും ചെയ്തു. 2020 സെപ്റ്റംബറിനു മുമ്പുള്ള പ്രവാസികളുടെ മിനിമം റഫറല്‍വേജ് പുനഃസ്ഥാപിച്ചതായുള്ള സര്‍ക്കുലര്‍ ഇന്നലെ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയടക്കം എല്ലാ വിദേശരാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ക്കും പുതിയ സര്‍ക്കുലറുകള്‍ കെെമാറും.
ENGLISH SUMMARY;protest of Expatriate the center surrendered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.