ലഖ്നൗ: മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധവും അക്രമങ്ങളും. ജാമില മിലിയ സർവകലാശാലയിൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദക്ഷിൺടോളയിൽ നിന്നും 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് യുപി എഡിജിപി അശുതോഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മോവിലെ പൊലീസ് സ്റ്റേഷൻ അക്രമികൾ അടിച്ചുതകർത്തു. ജില്ലയിലെ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചു. അക്രമ ബാധിത പ്രദേശങ്ങളിൽ ദ്രുതകർമ്മസേന ഉൾപ്പെടെയുള്ള പൊലീസ് സേനയെ വിന്യസിച്ചതായും എഡിജിപി അറിയിച്ചു.
അക്രമം രൂക്ഷമായ മേഖലകളിലെ സ്കൂളുകൾ, കോളജുകൾ, മദ്രസകൾ എന്നിവയ്ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ബല്ലിയ, ഗാസിപൂർ, അസംഘർ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വൈകിയും അക്രമം തുടരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിൺടോളയിലെ മൗ പൊലീസ് സ്റ്റേഷൻ 300ലധികം വരുന്ന അക്രമികളാണ് അടിച്ചു തകർത്തത്. സ്റ്റേഷന്റെ ചുറ്റുമതിൽ തകർത്താണ് അകത്ത് കടന്ന് സ്റ്റേഷനിലെ കസേരകൾ, കമ്പ്യൂട്ടറുകൾ എന്നിവ നശിപ്പിച്ചത്. കൂടാതെ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന പതിനഞ്ചോളം ഇരുചക്രവാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നലെയും ശക്തമായ പ്രതിഷേധം നടന്നു. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലാണ് പ്രതിഷേധം നടന്നത്. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. സമരക്കാർക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. സമരക്കാർ പൊലീസുനേരെ കല്ലെറിഞ്ഞു. ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ദരിയാഗഞ്ചു മുതൽ ദില്ലിഗേറ്റുവരെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. സീലംപൂരിലും ജാഫറാബാദിലും സമാനരീതിയിൽ ഗതാഗതം തടസ്സപ്പെട്ടു. സമരക്കാരെ നിയന്ത്രിക്കാൻ ജനത്തിരക്കേറിയ ശിവ് വിഹാർ, സീലംപൂർ, ഗോകുൾപുരി, വെൽകം തുടങ്ങിയ സ്റ്റേഷനുകളാണ് ഇന്നലെ അടച്ചിട്ടത്. ഇതിനിടെ സമരക്കാരോടു ശാന്തരാകാൻ അടുത്തുള്ള മസ്ജിദുകളിൽനിന്നും ലൗഡ്സ്പീക്കറിലൂടെ ആഹ്വാനമുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലയാണ് സീലംപൂർ ജാഫറാബാദ് തുടങ്ങിയ മേഖലകൾ.
പ്രതിഷേധങ്ങളിൽ 21 പേർക്ക് പരിക്കേറ്റതായി ജോയിന്റ് കമ്മിഷണർ ഓഫ് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.