വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

Web Desk
Posted on November 27, 2019, 3:53 pm

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ നാടകീയസംഭവങ്ങൾ. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ അഭിഭാഷകസംഘം മജിസ്ട്രേറ്റിന്റെ ചേംബറിൽ കയറി പ്രതിഷേധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പാപ്പനംകോട് കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ ഡ്രൈവർ മണിയുടെ ജാമ്യമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹൻ റദ്ദാക്കിയത്. ഒത്തുതീർപ്പു നീക്കത്തിൽനിന്ന് സാക്ഷി പിന്മാറിയതിനു പിന്നാലെയാണ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്. സാക്ഷിയെ മണി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിയുണ്ടായിരുന്നു.

തുടർന്ന് പ്രതിയുടെ അഭിഭാഷകൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയും ഈ സംഘം ചേംബറിലെത്തുകയും മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.  ഇതോടെ മജിസ്ട്രേറ്റ് ചേംബർ വിട്ടിറങ്ങി. പ്രതിഷേധം സംബന്ധിച്ച പരാതി മജിസ്ട്രേറ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് പരാതി നൽകിയിട്ടുമുണ്ട്.