May 27, 2023 Saturday

Related news

January 13, 2020
January 13, 2020
January 12, 2020
January 9, 2020
December 30, 2019
December 28, 2019
December 28, 2019
December 27, 2019
December 27, 2019
December 26, 2019

പിടിച്ചുലച്ച് പ്രതിഷേധം; അപ്രഖ്യാപിത അടിയന്തരാവസ്ഥ

Janayugom Webdesk
December 19, 2019 10:48 pm

ഡൽഹി/ലഖ്നൗ/ബംഗളുരു: അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങളും നിരോധനാജ്ഞയും അവഗണിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയർന്ന വ്യാപക പ്രതിഷേധം രാജ്യത്തെ പിടിച്ചുലച്ചു. പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളുരുവിലും അറസ്റ്റ് ചെയ്തു. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു പുറമേ ഡൽഹി, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പല സംസ്ഥാനങ്ങളിലും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. കർഫ്യൂ, നിരോധനാജ്ഞ, ഇന്റർനെറ്റ് സേവന നിരോധനം, അന്യായമായ അറസ്റ്റ് എന്നിവ ഉപയോഗിച്ച് പ്രതിഷേധത്തെ തടയാൻ ശ്രമിച്ചുവെങ്കിലും അതുവകവെക്കാതെ ജനങ്ങൾ തെരുവിൽ ഇരമ്പിയെത്തുകയായിരുന്നു.

നിരോധനാജ്ഞ ധിക്കരിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പലയിടങ്ങളിലും പ്രതിഷേധക്കാരെ വെടിവച്ചും ജലപീരങ്കി, കണ്ണീർവാതകം എന്നിവ പ്രയോഗിച്ചുമാണ് പൊലീസ് നേരിട്ടത്. യുപിയിൽ പ്രതിഷേധിച്ച യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. ലഖ്നൗവിലെ മദേയ് ഗഞ്ചിൽ ഉണ്ടായ പൊലീസ് വെടിവയ്പ്പിലാണ് മുഹമ്മദ് വക്കീൽ എന്ന യുവാവ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് പ്രതിഷേധക്കാർക്കുനേരെ നടന്ന പൊലീസ് വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കണ്ഡുക സ്വദേശി ജലീൽ കുദ്രോളി (49), നൗഷീൻ ബെൻഗ്രെ (23) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് കമ്മിഷണർ പി എസ് ഷാ അറിയിച്ചു. മംഗളുരുവിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ചെങ്കോട്ടയിലേക്ക് പ്രതിഷേധവുമായെത്തിയവരെ തടയുന്നതിന് ഡൽഹി-ഹരിയാന അതിർത്തി അടച്ചു. ഗുജറാത്തിലും അഹമ്മദാബാദിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. നിരോധനാജ്ഞ ലംഘിച്ച് മാർച്ചിനെത്തിയ ജാമിയ മിലിയ സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, സെൻട്രൽ യൂണിവേഴ്സ്റ്റി എന്നിവിടങ്ങളിലെ വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിൽ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി 18 മെട്രോസ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും ഗുജറാത്തിലും വ്യാപക പ്രതിഷേധമാണ് നടന്നത്. ലഖ്നൗവിൽ പൊലീസ് വാനും മറ്റു വാഹനങ്ങളും സമരക്കാർ കത്തിച്ചു. യുപിയിലെ സംഭലിൽ പ്രതിഷേധക്കാർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന് തീയിട്ടു. ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷൻ അടച്ചിട്ടു. സംഭലിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ റദ്ദാക്കുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഗൊരഖ്പുരിൽ സമാജ് വാദി പാർട്ടി പ്രവർത്തകരും ശക്തമായി പ്രതിഷേധിച്ചു.

അഹമ്മദാബാദിൽ ഇടതുപാർട്ടികൾ സംയുക്തമായി നടത്തിയ പ്രതിഷേധത്തെ നേരിടാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തി ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് ഗുജറാത്തിലും ഉത്തർപ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ റദ്ദാക്കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു മൈസൂർ റോഡിൽ പൂർണമായും ഗതാഗതം സ്തംഭിച്ചു. 500ൽ അധികം പൊലീസുകാരെ പ്രതിഷേധം നടക്കുന്ന ഭാഗത്ത് വിന്യസിച്ചിട്ടുണ്ട്. ചെന്നൈ ഐഐടിയിൽ പ്രതിഷേധം കനക്കുകയാണ്. മാദ്രാസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ പൊലീസ് പ്രവേശിച്ചത് സംഘർഷത്തിനിടയാക്കി. ചെന്നൈ എംജിആർ റയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ അഭിഭാഷകരും പ്രതിഷേധവുമായെത്തി. കൊൽക്കത്തയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം കനത്തു.

കൊൽക്കത്ത നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് നിരവധി വിദ്യാർത്ഥികളാണ് പ്ലക്കാർഡുമേന്തി പ്രതിഷേധ പ്രകടനവുമായി എത്തിയത്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നീ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. നൂറിലധികം വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് എക്സിബിഷൻ ഗ്രൗണ്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിലും വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. നിയമത്തിനെതിരെയും രാജ്യവ്യാപകമായി സമരക്കാരെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചും എഐവൈഎഫ്, എഐഎസ്എഫ് സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾനടത്തി. ഡിവൈഎഫ്ഐയും എസ്എഫ്ഐ യും നടത്തിയ രാജ്ഭവൻ മാർച്ചിന് നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.