ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു; വിവാദ പരാമര്‍ശവുമായി വീണ്ടും പ്രഗ്യാ സിങ് ഠാക്കൂര്‍

Web Desk
Posted on April 21, 2019, 1:05 pm

ഭോപ്പാല്‍: ബാബ്‌റി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് ഭോപ്പാലിലെ ബിജെപി സ്ഥനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സ്വാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍.
കര്‍ക്കെറയുടെ കൊലപാതകം കര്‍മ്മഫലമെന്നും തന്റെ ശാപംകൊണ്ടാണെന്നുമുള്ള വിവാദപരാമര്‍ശത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് പ്രഗ്യാ സിങ്ങ് വീണ്ടും വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യാ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഞങ്ങളെന്തിന് ബാബരി തകര്‍ത്തതില്‍ പശ്ചാത്തപിക്കണം? സത്യത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനം കൊള്ളുന്നു. അവിടെ രാമക്ഷേത്രത്തിന്റെ കുറച്ച് മാലിന്യങ്ങളുണ്ടായിരുന്നു. ഞങ്ങളത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം ഉണര്‍ത്തിയെന്നും അവിടെ കൂറ്റന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രഗ്യാ സിങ്ങ് പറഞ്ഞു.
2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിങ്, മുംബൈ ഭീകരവിരുദ്ധ സ്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞദിവസം മാപ്പു പറഞ്ഞിരുന്നു.