Web Desk

ന്യൂഡൽഹി

February 09, 2020, 10:41 pm

ഒമറിനെതിരെ പിഎസ്എ; കാരണം ജനസ്വാധീനമെന്ന് റിപ്പോർട്ട്

Janayugom Online

ജമ്മു കശ്മീരിലെ ജനങ്ങൾക്കിടയിലെ സ്വാധീനമാണ് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്താൻ മോഡി സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ രൂക്ഷമായ സമയത്തും തെര‍ഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്ത വേളയിലും വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് പിഎസ്എ ചുമത്തിയതുമായി ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമെന്ന നിലയിൽ ഒമർ അബ്ദുള്ളക്ക് കശ്മീരിലെ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജനുവരി അഞ്ചിനാണ് ഒമറിനെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയത്. ഇതുമായി ബന്ധപ്പെട്ട ആറുപേജുള്ള റിപ്പോർട്ടിലാണ് നിയമം ചുമത്തുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
മുൻ മുഖ്യമന്ത്രിയും പിഡ‍ിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെയും ജനുവരി അഞ്ചിന് പൊതു സുരക്ഷാ നിയമം ചുമത്തി. വിഘടനവാദികളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന പേരിലാണ് ഈ നടപടി.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ കൂടാതെ മൂന്ന് മാസംവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കഴിയും. തടങ്കൽ കാലാവധി ഒരു വർഷംവരെ നീട്ടാനും പൊതു സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു.
കശ്മീരിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരടക്കം ആറ് ഉന്നത രാഷ്ട്രീയ നേതാക്കളെയാണ് പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫാറൂഖ് അബ്ദുള്ളയെ ഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമം ചുമത്തി ജയിലാക്കിയിരുന്നു. മെഹ്ബൂബയ്ക്കും ഒമറിനും പുറമെ പിഡിപി നേതാക്കളായ നയീം അക്തർ, സർതാജ് മദനി, നാഷണൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ എന്നിവരാണ് പിഎസ്എ പ്രകാരം തടവിലുള്ളത്.

you may also like this video;