പിഎസ്‌സി മുഖേന നിയമനങ്ങൾ സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

Web Desk
Posted on November 11, 2019, 10:05 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പിഎസ്‌സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനം പിഎസ്സിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.

നിയമനനിരോധനം പിൻവലിച്ചുകൊണ്ട് റെക്കോർഡ് നിയമനങ്ങളാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടത്തിവരുന്നത്. പിഎസ്‌സി മുഖേന ഇതുവരെ 1,16,000ൽപരം നിയമനങ്ങൾ നടത്തികഴിഞ്ഞു. തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിച്ച് 18,000ത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു. പുതുതായി ചില സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയും മറ്റുള്ളവയിൽ ഇതിനായുള്ള നടപടികൾ തുടർന്ന് വരികയുമാണ്.

നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട് നൽകിയ വിവിധ സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്തുന്നതിനാവശ്യമായ വിശേഷാൽ ചട്ടങ്ങൾ എത്രയും വേഗം രൂപീകരിക്കുവാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടരൂപീകരണം വൈകുന്നത് നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതിയും യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതിയും സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവന്നിരുന്നു. അതിന്റെയും കൂടി അടിസ്ഥാനത്തിൽ നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ അധീനതയിലുള്ള സ്ഥാപനങ്ങളിൽ പിഎസ്‌സി മുഖേന നിയമനം നടത്തുന്നതിന് വിശേഷാൽ ചട്ടങ്ങൾ അടിയന്തരമായി രൂപീകരിക്കുവാനും ഒഴിവുകൾ യഥാസമയം പിഎസ്‌സിയെ അറിയിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി 2019 ഓഗസ്റ്റ് 20ന് വീണ്ടും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.