പിഎസ് സി പരീക്ഷാ ക്രമക്കേട്; നുണപരിശോധനയ്ക്കും പരീക്ഷ എഴുതിപ്പിക്കുന്നതിനും അനുമതി തേടി

Web Desk
Posted on September 06, 2019, 11:04 pm

തിരുവനന്തപുരം: പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാക്രമക്കേടിലെ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനും പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷ വീണ്ടും എഴുതിപ്പിക്കാനുമുള്ള നടപടികള്‍ക്ക് ക്രൈംബ്രാഞ്ച് അനുമതി തേടി. കേസിലെ പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനെയുമാണ് പിഎസ്‌സി പരീക്ഷയുടെ മാതൃകയില്‍ വീണ്ടും പരീക്ഷ എഴുതിപ്പിക്കുക. ഇതിനായുള്ള അനുമതിക്കായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയില്‍ ശനിയാഴ്ച കോടതി വാദം കേള്‍ക്കും. ഇരുവരുടെയും ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്് കോടതി തള്ളി.

എസ്എംഎസായി ലഭിച്ച ഉത്തരങ്ങള്‍ നോക്കി പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയാണ് പ്രതികള്‍ ഉന്നത ജയം നേടിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ കോപ്പിയടിച്ചാണ് വിജയിച്ചതെന്നതിന് തെളിവ് ലഭ്യമാക്കാന്‍ കൂടിയാണ് വീണ്ടും പരീക്ഷ നടത്തുന്നത്. 2018 ജൂലൈ 22 ന് പിഎസ്‌സി നടത്തിയ പരീക്ഷയുടെ അതേ ചോദ്യക്കടലാസ് ഇതിനായി ഉപയോഗിക്കാന്‍ കോടതി അനുമതി നല്‍കുമോയെന്നത് നിര്‍ണായകമാണ്.

പിഎസ്‌സി പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നും നസീമിന് 28-ാം റാങ്കുമാണുള്ളത്. രണ്ടാംറാങ്കുകാരനും തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനുമെന്ന് സംശയിക്കുന്ന പ്രണവ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയും പൊലീസുകാരനുമായ ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാതട്ടിപ്പിനെ കുറിച്ച് വ്യക്തമായ ധാരണ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം കഴിഞ്ഞദിവസം ഗോകുലിനെ കോടതിയില്‍ ഹാജരാക്കി 16 വരെ റിമാന്‍ഡ് ചെയ്തു.

പിഎസ്‌സി പരീക്ഷ കേന്ദ്രമായിരുന്ന യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന നിലയിലുള്ള മൊഴിയാണ് ഗോകുല്‍ നല്‍കിയിട്ടുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും പരീക്ഷ എഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.