പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസ്: നിർണായക തെളിവ് ലഭിച്ചു

Web Desk
Posted on November 23, 2019, 10:26 pm

തിരുവനന്തപുരം: പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ അന്വേഷണസംഘത്തിന് നിർണായക തെളിവ് ലഭിച്ചു. തട്ടിപ്പ് നടത്താൻ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ അന്വേഷണസംഘം കണ്ടെത്തി. പ്രതികൾ നശിപ്പിച്ചുവെന്ന് പലകുറി മൊഴി നൽകിയ മൊബൈൽ ഫോണാണ് ബംഗളൂരുവിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. സാങ്കേതിക സഹായം ഉപയോഗിച്ചാണ് പരീക്ഷാതട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും അതിനായി ഉപയോഗിച്ചെന്ന് പ്രതികൾ സമ്മതിച്ചിരുന്ന മൊബൈൽ ഫോണുകളോ സ്മാർട്ട് വാച്ചുകളോ കണ്ടെത്താൻ സാധിക്കാത്തതാണ് അന്വേഷണസംഘത്തെ വലച്ചിരുന്നത്. ക്രമക്കേടിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും മൂന്നാറിന് സമീപം പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നുമൊക്കെയുള്ള മൊഴികളായിരുന്നു നൽകിയിരുന്നത്. ഇത് അന്വേഷണ സംഘത്തിനെ കുഴക്കിയിരുന്നു.
അതിനിടെയാണ് ഫോണുകൾ നശിപ്പിച്ചുവെങ്കിലും പ്രതികൾ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോൺവിളിയുടെ വിശദാംശങ്ങളുമെല്ലാം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം അന്വേഷണസംഘം നടത്തവെയാണ് ഇപ്പോൾ തട്ടിപ്പ് നടത്താൻ ഉപയോഗിച്ച മൊബൈൽഫോൺ കണ്ടെത്തിയത്.
പിഎസ്‌സി പരീക്ഷാതട്ടിപ്പിൽ ചോദ്യങ്ങൾ എത്തിച്ച യൂണിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥിയും ആറാം പ്രതിയുമായ പ്രവീൺ ഉപയോഗിച്ച ഫോണാണ് ഇപ്പോൾ കണ്ടെത്തിയത്. രണ്ടാം പ്രതി നസീം പിഎസ്‌സി ചോദ്യപേപ്പർ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്പ് വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് മറ്റ് പ്രതികളായ ഗോകുൽ, സഫീർ എന്നിവർ ഉത്തരങ്ങൾ തിരികെ അയച്ചതും ഇതേ ഫോണിൽ നിന്നായിരുന്നു. കേസിൽ കീഴടങ്ങിയ പ്രവീണിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ നശിപ്പിച്ചെന്നായിരുന്നു പ്രവീണിന്റെ മൊഴി.
വിശദമായ അന്വേഷണത്തിൽ മാസത്തവണ വ്യവസ്ഥയിൽ സ്റ്റാച്യൂവിലെ ഒരു കടയിൽ നിന്ന് പ്രവീൺ ഫോൺ വാങ്ങിയതാണെന്ന് തെളിഞ്ഞു. കടയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇഎംഐ നമ്പർ പരിശോധിച്ചപ്പോൾ ഫോൺ ബംഗളൂരുവിൽ ഉണ്ടെന്ന വിവരം കിട്ടി. തുടർന്ന് ആ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും തന്ത്രപരമായ നീക്കത്തിലുമാണ് യശ്വന്ത്‍പൂരിൽ നിന്നുള്ള ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഉത്തരങ്ങൾ ചോർത്തിയശേഷം പ്രവീൺ പാളയത്തെ ഒരു കടയിൽ ഫോൺ വിൽക്കുകയായിരുന്നു.
അവിടെ നിന്നും കൈമാറിയാണ് ഫോൺ ബംഗളൂരുവിലെ തൊഴിലാളിയുടെ കൈയിൽ എത്തിയത്. ക്രൈംബ്രാഞ്ച് എസ്ഐ അനൂപ്കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽ നിന്നും ഫോൺ കണ്ടെടുത്തത്. 2018 ജൂലൈയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തി ലിസ്റ്റിൽ ഇടം നേടിയെന്നാണ് കേസ്. യൂണിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ്, ഗോകുൽ, സഫീർ, പ്രവീൺ എന്നീ ആറ് പ്രതികളാണ് കേസിലുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.