പി എസ് സി പരീക്ഷാത്തട്ടിപ്പ് : അ‍ഞ്ചാം പ്രതി പൊലീസില്‍ കീഴടങ്ങി

Web Desk
Posted on September 02, 2019, 1:07 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ  പ്രതി പൊലീസില്‍ കീഴടങ്ങി. അഞ്ചാം പ്രതിയായ ഗോകുലാണ് പൊലീസില്‍ കീഴടങ്ങിയത്. പ്രതികള്‍ക്ക് എസ് എം എസുവഴി ഉത്തരങ്ങള്‍ അയച്ചു നല്‍കിയത് ഇയാളാണ്.

പിഎസ് സി പരീക്ഷക്ക് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് ശിവരഞ്ജിത്തിനെയും നസീമിനെയും പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.

പരീക്ഷയെഴുതിയ ആറ്റിങ്ങല്‍ വഞ്ചിയൂര്‍ സര്‍ക്കാര്‍ യുപിഎസില്‍ എത്തിച്ച് ആദ്യം തെളിവെടുത്തു. നസീം പരീക്ഷ എഴുതിയ തൈക്കാട് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസം പ്രതികളെ മൂന്നാറിലെത്തിച്ച് തെളിവെടുത്തിരുന്നു.

ഉത്തരങ്ങള്‍ ലഭിക്കാന്‍ ലഭിക്കാന്‍ ഇരുവരും ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ ഒരെണ്ണം മൂന്നാറില്‍ ഉപേക്ഷിച്ചെന്ന് മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് മൂന്നാറില്‍ തെളിവെടുപ്പ് നടത്തിയത്. മറ്റൊരു സ്മാര്‍ട്ട് വാച്ച് പിഎംജിയിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററിലും ഉപേക്ഷിച്ചുവെന്നാണ് മൊഴി.
തട്ടിപ്പ് നടത്തിയവര്‍ക്കൊപ്പം പരീക്ഷ എഴുതിയവരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. പരീക്ഷാ ഡ്യൂട്ടിക്ക് നിന്നവരോട് തെളിവെടുപ്പിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പിലെ പ്രധാനികളായ പ്രണവ്, സഫീര്‍ എന്നിവര്‍ കൂടി പിടിയിലായാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.