പിഎസ്സി പരീക്ഷാ തട്ടിപ്പ്; എസ്എംഎസ് സന്ദേശങ്ങള്‍ വീണ്ടെടുത്തു: ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും

Web Desk
Posted on September 24, 2019, 12:29 pm

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ലഭിച്ച ഉത്തരങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ഇതോടെ കേസിലെ നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവര്‍ക്കയച്ച സന്ദേശങ്ങളാണിവയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

പ്രതികളായ സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ കോപ്പിയടി നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തു.

പരീക്ഷാഹാളില്‍ നിന്നും ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയവരെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സംശയിക്കുന്ന ആള്‍ നിലവില്‍ ഒളിവിലാണ്. ക്രമക്കേടില്‍ പങ്കുളള മറ്റ് ചിലരേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

അതേസമയം ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. പ്രതികളായ ശിവരഞ്ജിത്ത്,നസീം എന്നിവരുടെ ജാമ്യ അപേക്ഷയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്. കുത്തുകേസില്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പിഎസ്‌സി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയും.