കർശന നിരീക്ഷണത്തിൽ പിഎസ്‌സി യുടെ വിഇഒ പരീക്ഷ

Web Desk
Posted on October 12, 2019, 10:52 pm

തിരുവനന്തപുരം: പരീക്ഷാകേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ പിഎസ് സി നടത്തി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടമായി കർശന സുരക്ഷയിൽ പിഎസ്‌സി പരീക്ഷ നടത്തിയത്. നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ തട്ടിപ്പിനെ തുടർന്ന് നാലും അഞ്ചും തവണകളായാണ് ഇത്തവണ പിഎസ്‌സി നടത്തുന്നത്. മുൻകാലങ്ങളിൽ വാച്ചും പേഴ്സും കുപ്പിവെള്ളവും ക്ലാസ് മുറികളിൽ അനുവദിച്ചിരുന്നെങ്കിൽ ഇത്തവ‍ണ അവയൊക്കെ പുറത്തു പ്രത്യേകം മുറിയിൽ വച്ച ശേഷമാണ് ഉദ്യോഗാർഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്.

പരീക്ഷ സെന്ററിനുള്ളിൽ ഉദ്യോഗാർഥികൾക്കൊപ്പം വന്നവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ടിന് മുമ്പ് മാത്രമാണ് ഉദ്യോഗാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. 14 ജില്ലകളിലുമായി മൊത്തം 12, 54, 961 അപേക്ഷകരാണുള്ളത്. രണ്ടരലക്ഷം ഉദ്യോഗാർഥിക്കുള്ള സൗകര്യം മാത്രമാണ് ഒരു ദിവസം പിഎസ്‌സി ഒരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടും 850 സെന്ററുകളിലായി ആദ്യഘട്ട പരീക്ഷ നടത്തിയത്. തിരുവനന്തപുരത്ത് 1, 24,162 പേരും 80,282 പേരുമാണ് പരീക്ഷ എഴുതിയത്.

നേരത്തെ 1, 56, 610 പേർ തലസ്ഥാനത്ത് വിഇഒ പരീക്ഷയെഴുത്താൻ അപേക്ഷിച്ചിരുന്നെങ്കിലും പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകാത്തതിനെ തുടർന്ന് ബാക്കിയുള്ളവരുടെ അപേക്ഷകൾ പിഎസ്‌സി റദ്ദാക്കുകയായിരുന്നു. കോഴിക്കോട് 28, 883 പേരെയും ഒഴിവാക്കി. രണ്ടാം ഘട്ടം ഒക്ടോബര്‍ 26ന് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകള്‍ക്കും നടക്കും.