പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പ്രതികളുടെ ഫോണ്‍ രേഖകളും വിശദാംശങ്ങളും ശേഖരിക്കും

Web Desk
Posted on August 09, 2019, 10:14 pm

തിരുവനന്തപുരം: പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഫോണ്‍ രേഖകളും വിശദാംശങ്ങളും ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈടെക് സെല്ലിനെ സമീപിച്ചു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ പ്രതികളായ ആര്‍ ശിവരഞ്ജിത്ത്, എ എന്‍ നസീം, പി പി പ്രണവ്, സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുടെ ഫോണ്‍ രേഖകളാണ് വിശദമായി ശേഖരിക്കുന്നത്. ആരുടെ പേരിലാണ് സിംകാര്‍ഡുകള്‍, വിളിച്ചകോളുകള്‍, അയച്ച സന്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കും.
കോണ്‍സ്റ്റബിള്‍ പരീക്ഷ നടന്ന സമയത്ത് സഫീറിന്റെ പേരിലുള്ള ഫോണ്‍ നമ്പറില്‍ നിന്നും ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈല്‍ഫോണിലേക്ക് എസ്എംഎസുകള്‍ വന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിളായ ഗോകുലിന്റെ മൊബൈലില്‍ നിന്നും പ്രണവിന് സന്ദേശം എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഇവര്‍ അഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുള്ളത്.
പരീക്ഷ നടന്ന ദിവസത്തിന് മുമ്പും ശേഷവും നടന്ന ഫോണ്‍വിളികളും സന്ദേശങ്ങളുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും. നിലവില്‍ അഞ്ച് പേരെ പ്രതിയാക്കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് എങ്ങനെ ഉത്തരം ലഭിച്ചെന്ന കാര്യം വ്യക്തമാകേണ്ടതുണ്ട്.
പിഎസ്‌സി വിജിലന്‍സ് വിഭാഗം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കും. ഉത്തരങ്ങള്‍ എങ്ങനെയാണ് പരീക്ഷയെഴുതിയവര്‍ക്ക് ലഭ്യമാക്കുന്നതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഹൈടെക് സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.
പിഎസ്‌സി സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്പി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തത്. കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്. അതിനാല്‍ ഇവരെ ചോദ്യം ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് വരും ദിവസങ്ങളില്‍ കോടതിയില്‍ അപേക്ഷ നല്‍കും.