പിഎസ്‌സി പരീക്ഷ; ക്രമക്കേട് നടന്നാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

Web Desk
Posted on August 07, 2019, 9:47 pm

തിരുവനന്തപുരം: പബ്ലിക്  സര്‍വീസ് കമ്മിഷന്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട്  എതെങ്കിലും ക്രമക്കേട് നടന്നാല്‍ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ്ലിക് സര്‍വീസ് കമ്മിഷന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പിഎസ്‌സിക്ക് ആഭ്യന്തര വിജിലന്‍സ് സംവിധാനമുണ്ട്.  നിയമപരമായ നടപടി വേണമെന്ന് നിശ്ചയിക്കുന്നത് പിഎസ്‌സിയാണ്. പിഎസ്‌സി വിജിലന്‍സ് കണ്ടെത്തിയ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് പിഎസ്‌സി ബോര്‍ഡ് യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം പിഎസ്‌സി ഇരുന്നൂറോളം പരീക്ഷകള്‍ നടത്തുകയും ഒരു കോടിയിലധികം അപേക്ഷ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്. പരീക്ഷാ നടത്തിപ്പിന് വ്യക്തമായ ചട്ടങ്ങളും നടപടിക്രമവുമുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് വന്നെന്നായിരുന്നു ആക്ഷേപം. ചില വ്യക്തികള്‍ തെറ്റായ മാര്‍ഗത്തിലൂടെ ഉത്തരം എഴുതിയോ എന്നാണ് പിഎസ്‌സിയുടെ വിജിലന്‍സ് പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അവരെ അയോഗ്യരാക്കി. പിഎസ്‌സി മാത്രമല്ല രാജ്യത്തെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ പരീക്ഷയും അവര്‍ക്ക് ഇനി എഴുതാന്‍ സാധിക്കില്ല.

2003ല്‍ ലക്ഷക്കണക്കിനു പേര്‍ എഴുതിയ എല്‍ഡിസി പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. ചോദ്യക്കടലാസ് ചോര്‍ന്നെന്നാണ് അന്ന് കണ്ടെത്തിയത്. 2010ല്‍ എസ് ഐ പരീക്ഷയും റദ്ദാക്കി. അന്നും ആഭ്യന്തര വിജിലന്‍സാണ് അന്വേഷണം നടത്തിയത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.  ഒരു പ്രൊഫഷണല്‍ സ്ഥാപനമെന്ന നിലയില്‍ പിഎസ്‌സിയുടെ പ്രൊഫഷണലിസം ഏതെല്ലാം തരത്തില്‍ മെച്ചപ്പെടുത്താമെന്നു പരിശോധിക്കും. മുഖ്യമന്ത്രി പറഞ്ഞു.

you may also like this video