ഇനി മുതല്‍ പിഎസ്‌സി പരീഷകള്‍ മലയാളത്തിലും

Web Desk
Posted on September 16, 2019, 11:26 am

തിരുവനന്തപുരം: പിഎസ്‌സി പരീഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എംകെ സക്കീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന്റെ പ്രായോഗിക നടപടികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച് എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കുമെന്നും പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.