Web Desk

തിരുവനന്തപുരം

April 22, 2021, 7:46 pm

പിഎസ്‌സിക്കെതിരെ വ്യാജവാര്‍ത്ത: പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി

Janayugom Online

പിഎസ്‌സിക്കെതിരെ തുടര്‍ച്ചയായി വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണജനകവുമായ വാര്‍ത്ത സൃഷ്‌ടിക്കുന്ന മാധ്യമത്തിനെതിരെയും ലേഖകനെതിരെയും പിഎസ്‌സി സെക്രട്ടറി പൊലീസ്‌ മേധാവിക്ക്‌ പരാതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പിഎസ്‌സിക്ക്‌ എതിരെ തുടര്‍ച്ചയായി വ്യജവാര്‍ത്തകളാണ്‌ ഈ മാധ്യമം നല്‍കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
പിഎസ്‌സിയില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയിട്ട്‌ രണ്ടുപതിറ്റാണ്ട്‌ കഴിഞ്ഞു. പിഎസ്‌സിയുടെ വിശ്വാസ്യതയ്‌ക്ക്‌ യാതൊരുവിധ കളങ്കവുമേല്‍ക്കാതെ ഏറ്റവും വേഗത്തില്‍ തെരഞ്ഞെടുപ്പ്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടറൈസേഷന്‍ വഴി സാധിച്ചിട്ടുണ്ട്‌. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്‌ സംവിധാനമാണ്‌ ഇപ്പോള്‍ കേരള പിഎസ്‌സി എഴുത്തുപരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി പ്രയോഗിച്ചിട്ടുള്ളത്‌. ഈ മൂല്യനിര്‍ണ്ണയ സംവിധാനത്തിനെതിരെ അനാവശ്യ പരാതി ഉന്നയിച്ച്‌ കെഎഎസ്‌ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ചില കോണുകളില്‍ നിന്ന്‌ തുടര്‍ച്ചയായ ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
പരീക്ഷകളിലും അഭിമുഖങ്ങളിലും കമ്മിഷന്‍ സ്വീകരിക്കുന്ന രഹസ്യസ്വഭാവത്തെപ്പറ്റി യാതൊന്നും മനസ്സിലാക്കാതെയാണ്‌ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പിന്റെ ഓരോ കടമ്പയും കടന്ന്‌ ഒടുവില്‍ റാങ്ക്‌ ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കല്‍ കൂടിയാണിത്‌. നല്‍കിയ വാര്‍ത്തകള്‍ മുഴുവന്‍ നുണ മാത്രമായതിനാലാണ്‌ ലേഖകനെതിരെയും മാധ്യമത്തിനെതിരെയും പരാതിയുമായി മുന്നോട്ട്‌ നീങ്ങുന്നതെന്നും പി എസ്‌സി വ്യക്തമാക്കി.

Eng­lish sum­ma­ry; psc fake news

You may also like this video;