തെറ്റിദ്ധാരണ പരത്തുന്ന നടപടി പിഎസ്‌സി നിര്‍ത്തണം: സുഗതകുമാരി

Web Desk
Posted on September 15, 2019, 9:52 pm

തിരുവനന്തപുരം: സമരം ശക്തമാവുമ്പോള്‍ സാങ്കേതിക വാക്കുകളുടെ പേരിലും മറ്റും സര്‍ക്കാരിനെയും ജനങ്ങളെയും പിഎസ്‌സി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കവയിത്രി സുഗതകുമാരി പ്രസ്താവനയില്‍ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനു നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. പി എസ് സി ഉന്നയിക്കുന്ന വാദങ്ങള്‍ ബാലിശവും നിരുത്തരവാദപരവും ആണ്. അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ പി എസ് സി നടത്തുന്ന ശ്രമങ്ങള്‍ മലയാളികളോടും മാതൃഭാഷയോടും നടത്തുന്ന കടുത്ത വഞ്ചനയാണ്.

മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ കഴിവുള്ളവര്‍ കേരളത്തില്‍ ഇല്ലെന്ന് പിഎസ് സി ധരിക്കരുത്. നിശ്ചിത സമയത്തിനുള്ളില്‍ കെ എ എസ് അടക്കമുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും കൂടി ചോദ്യങ്ങള്‍ നല്‍കി നടത്തുന്നതിനു യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അടുത്ത ദിവസങ്ങളില്‍ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയോട് ബഹുമാനവും സ്‌നേഹവും ഇല്ലാത്ത ഒരു പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആണ് കേരളത്തില്‍ ഉള്ളത് എന്നതില്‍ ലജ്ജയും ഖേദവും ഉണ്ടെന്നും സുഗതകുമാരി പറഞ്ഞു. മലയാള ഭാഷയെ ആദരിച്ചു കൊണ്ടുള്ള ജനാധിപത്യപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുഗതകുമാരി പറഞ്ഞു.