Sunday
20 Oct 2019

ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഉടന്‍; അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്ക് സജ്ജമെന്ന് പിഎസ് സി

By: Web Desk | Friday 20 July 2018 8:20 PM IST


P S C Chairman janayugom
കോഴിക്കോട് ജില്ലാ മേഖല ഓഫീസുകളില്‍ ഇ ഓഫീസ് സംവിധാനം പി എസ് സി ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സജ്ജമാണെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍. കോഴിക്കോട് ജില്ലാ മേഖല ഓഫീസുകളില്‍ ഇ ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ എം ആറിന് പുറമെയുള്ള വിവരാത്മക പരീക്ഷയില്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. രാജസ്ഥാനില്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനമുള്ളത്. പരീക്ഷാ സിലബസ്സുകള്‍ കമ്പ്യൂട്ടറില്‍ രേഖകളാക്കി ശേഖരിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്ന രീതിയാണിത്. എഴുത്തുപരീക്ഷാ മൂല്യനിര്‍ണ്ണയത്തിലെ അപാകതയും ക്രമക്കേടുകളും ഇതുവഴി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത തസ്തികകളില്‍ കേരളീയരായ കൂടുതല്‍ വിദ്യാസമ്പന്നര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കെ എ എസ് സഹായകമാകും. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം കൂടുതല്‍ തസ്തികകളില്‍ ആറുമാസത്തിനകം നടപ്പിലാക്കും. 40000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സിഡിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ മികച്ച കമ്പ്യൂട്ടര്‍ ലാബ് സൗകര്യമുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഒരുക്കം 14 ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫീസ് നിര്‍മ്മിച്ച് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാക്കും.ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, സിവില്‍ പോലീസ് ഓഫീസര്‍ പോലുള്ള കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ ഒഴികെ 70 ശതമാനം തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ഓണ്‍ലൈന്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, സിവില്‍ പൊലീസ് ഓഫീസര്‍ പോലുള്ള കൂടുതല്‍ അപേക്ഷകരുള്ള തസ്തികകളില്‍ ഒഴികെ എഴുപത് ശതമാനം തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ സാധിക്കും. ഉത്തരപേപ്പറുകളില്‍ ബബ്ലിംഗിനിടെയുണ്ടാവുന്ന പ്രശ്‌നങ്ങളും ആള്‍മാറാട്ടവും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലുള്ള തടസ്സങ്ങളുമെല്ലാം ഇതോടെ ഇല്ലാതാവും. ഇ ഓഫീസ് സംവിധാനം പിഎസ് സി യുടെ സുതാര്യവും ശക്തവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് വേഗത കൂട്ടും.
കായിക താരങ്ങള്‍ക്ക് നൂറില്‍ ഒന്ന് എന്ന രീതിയില്‍ തസ്തികകള്‍ സംവരണം ചെയ്യും. ഇത് കൂടാതെ ദേശീയ, അന്തര്‍ സംസ്ഥാന മത്സരങ്ങളിലെ വിജയികള്‍, പങ്കെടുത്തവര്‍ എന്നിവര്‍ക്ക് പ്രത്യേകമായി മെറിറ്റോറിയല്‍ മാര്‍ക്ക് നല്‍കും. ആദിവാസി ഊരുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള തീരുമാനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷനംഗം ഡോ. പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.കമ്മീഷനംഗം പി എച്ച് മുഹമ്മദ് ഇസ്മയില്‍ എന്‍ ഐ സി ജില്ലാ ഓഫീസര്‍ മേഴ്‌സി സെബാസ്റ്റന്‍, ജോയിന്റ് സെക്രട്ടറി എ രവീന്ദ്രന്‍ നായര്‍ ഡപ്യൂട്ടി സെക്രട്ടറി പ്രശാന്ത് കുമാര്‍ കെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. മനോജ് സംസാരിച്ചു. മേഖലാ ഓഫീസര്‍ കെ വി ഗംഗാധരന്‍ സ്വാഗതവും ജില്ലാ ഓഫീസര്‍ ടി ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related News