പി എസ് സി ചോദ്യം അടുത്ത വര്‍ഷം മുതൽ മലയാളത്തിലും

Web Desk
Posted on September 18, 2019, 9:30 am

തിരുവനന്തപുരം:  മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കാനുള്ള പി എസ് സിയുടെ നീക്കം അടുത്തവര്‍ഷംമുതല്‍ നടപ്പാകാന്‍ സാധ്യത. ഈ വര്‍ഷം നവംബര്‍വരെയുള്ള പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതുവര്‍ഷത്തെ പൊതുപരീക്ഷകള്‍ക്ക് മലയാളത്തില്‍കൂടി ചോദ്യം ലഭ്യമാക്കാനുള്ള ശ്രമം പിഎസ് സി നടത്തും. ചോദ്യകര്‍ത്താക്കളായ അധ്യാപകര്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കണം. അതിനുമുന്‍പ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സര്‍വകലാശാലാ വി സിമാരുടെ യോഗം വിളിക്കേണ്ടതുണ്ട്.

ഇതില്‍ പിഎസ് സിയുടെ നിര്‍ദേശങ്ങള്‍ ചെയര്‍മാന്‍ അറിയിക്കും. ഇംഗ്ലീഷില്‍ ചോദ്യം നല്‍കുന്നവര്‍തന്നെ മലയാളം തര്‍ജമയും ലഭ്യമാക്കണമെന്നാണ് പിഎസ് സിയുടെ ആവശ്യം. അതിന് വിസിതലത്തില്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കണം. ഏതൊക്കെ വിഷയങ്ങളില്‍ മലയാളത്തില്‍ ചോദ്യം ലഭ്യമാക്കാനാകുമെന്നും തീരുമാനിക്കണം. അതിനനുസരിച്ചായിരിക്കും പരീക്ഷകള്‍ നിശ്ചയിക്കുന്നത്. എന്‍ജിനിയറിങ്, മെഡിക്കല്‍, കംപ്യൂട്ടര്‍ പോലുള്ള സാങ്കേതിക വിഷയങ്ങളിലെ പരീക്ഷകള്‍ നിലവിലെ രീതിയില്‍ത്തന്നെ തുടരും.

ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. അത് ഈവര്‍ഷം ഡിസംബര്‍ മുതല്‍ നടപ്പാക്കുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ പോലീസ്എക്‌സൈസ് ഓഫീസര്‍, ഫയര്‍മാന്‍ തുടങ്ങിയ പരീക്ഷകളായിരിക്കും ഇനി മലയാളത്തില്‍ നടത്തുന്നത്. അതോടെ കൂടുതല്‍ അപേക്ഷകരുള്ള പി.എസ്.സി.യുടെ ഭൂരിഭാഗം പരീക്ഷകളും മലയാളത്തിലാകും. മലയാളത്തിനായി മുഖ്യമന്ത്രി നിര്‍ദേശിച്ചതും നടപ്പാക്കാമെന്ന് പി.എസ്.സി. അംഗീകരിച്ചതുമായ കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതുവരെ സമരമുന്നണി തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു. തിരുവനന്തപുരത്ത് പി.എസ്.സി. ആസ്ഥാനത്തിനു മുന്നിലെ അനിശ്ചിതകാല നിരാഹാരസമരം തിങ്കളാഴ്ച അവസാനിപ്പിച്ചു.