അധ്യാപക നിയമനങ്ങളില്‍നിന്ന് ലോക്കോമോട്ടോര്‍ ഡിസബിലിറ്റിക്കാരെ മാറ്റി നിര്‍ത്തുന്നു

Web Desk
Posted on May 10, 2019, 2:11 pm

കാസര്‍കോട്: ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ തസ്തികകള്‍ മാറ്റിവെച്ച് സാമൂഹ്യ നീതിവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് അധ്യാപക നിയമനങ്ങളില്‍നിന്ന് ലോ വിഷന്‍ ഒഴികെയുള്ള ഭിന്നശേഷി ക്കാരെ പി എസ് സി മാറ്റി നിര്‍ത്തുന്നു.
പി .എസ്.സി അധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷിയുളള ആളുകള്‍ക്ക് പ്രത്യേക സംവരണം നിലവില്‍ ഉണ്ടായിരുന്നതാണ്. കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍ക്ക് ഇത് കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് 2018 നവംബര്‍ 28 ന് ഇവരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കുകയുണ്ടായി. എന്നാല്‍ നേരത്തെ ആനുകൂല്യം ലഭിച്ചിരുന്ന ലോക്കോ മോട്ടോര്‍ ഡിസബിലിറ്റിക്കാരുടെ കാര്യം ഈ ഉത്തരവില്‍ പരാമര്‍ശിച്ചില്ല. ഇക്കാരണത്താല്‍ 2018 നവംബര്‍ 28 ന് ശേഷം നടക്കുന്ന നിയമന ശുപാര്‍ശകളില്‍ പി.എസ്.സി ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാതെ അവര്‍ക്കായുള്ള തസ്തികകള്‍ ഒഴിച്ചിടുകയാണ് ചെയ്യുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവില്‍ വ്യക്തത വരുത്തി, പി.എസ്.സിക്ക് ആവശ്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായാല്‍ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാവു എന്നാണ് പറയുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം 2018 നവംബര്‍ 28 നാണ് ഉത്തരവിറങ്ങിയത്. ഈ ഉത്തരവില്‍ കാഴച ശക്തി കുറഞ്ഞവര്‍ക്ക് സാങ്കേതിക വിദ്യാഭ്യസ വകുപ്പില്‍ വര്‍ക്ക്‌ഷോപ്പ് ഇന്റട്രക്റ്റര്‍, ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, കാഴ്ചശക്തി, കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്ലാ അധ്യാപക തസ്തികകളിലും കേള്‍വികാഴ്ച ശക്തി കുറവ് ലോക്കോമോട്ടോര്‍ ഡിസബിലിറ്റി എന്നിവയുള്ളവര്‍ക്ക് നഗര ഗ്രാമാസൂത്രണ വകുപ്പില്‍ഓഫീസ് അറ്റന്റര്‍ കെ എസ് ഇ ബി ഉള്‍പ്പെടെ തസ്തിക നിലവിലുള്ള എല്ലാ വകുപ്പുകളിലും അസി.എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍) തസ്തികയിലേക്കും കേള്‍വിശക്തി കുറവും ലോക്കോമോട്ടോര്‍ ഡിസബിലിറ്റിയിലുള്ളവര്‍ക്ക് തുറമുഖ വകുപ്പില്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് രണ്ട്, ആ’്യന്തിര വകുപ്പില്‍ സയന്റിഫിക്ക് അസിസ്റ്റന്റ്(ഡോക്യുമെന്റ്), വാട്ടര്‍ അതോറിറ്റിയില്‍ പമ്പ് ഓപ്പറേറ്റര്‍, ജലഗതാഗത വകുപ്പില്‍ ബോട്ട്മാസ്റ്റര്‍ തസ്തികയിലേക്കും നിയമനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്‌കകളില്‍ നിന്ന് ലോക്കോ മോട്ടോര്‍ ഡിസബിലിറ്റിയുള്ളവരെ(ഓര്‍ത്തോ വിഭാഗക്കാര്‍) ഒഴിവാക്കിയെന്ന അവസ്ഥയാണ് പുതിയ ഉത്തരവുണ്ടാക്കിയത്. അതിന്റെ പേരിലാണ് ശുപാര്‍ശ തടസ്സപ്പെട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ വിഭ്യാഭ്യാസ വകുപ്പില്‍ ഡിസബിലിറ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിന് അവസരം വന്നെങ്കിലും സര്‍ക്കുലറിലെ അവ്യക്ത ചൂണ്ടിക്കാട്ടി നിയമന ശുപാര്‍ശ അയച്ചിട്ടില്ല. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച് പി എസ് സി ആസ്ഥാനത്തുനിന്നുള്ള വ്യക്തതയ്ക്ക് കാത്തിരിക്കുകയാണ്. ഇതോടെ ഭിന്നശേഷിക്കാര്‍ക്ക് നിലവിലുള്ള അവസരം കൂടി ഇല്ലാതാതാവുന്ന സ്ഥിതിഉണ്ടായിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കുന്ന തസ്തികകള്‍വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടും പി എസ് സിക്ക് കാര്യങ്ങള്‍ ബോധ്യമാവുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. പഴയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് പി എസ് സി യുടെ വാദം. വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി എസ് എ, യു പി എസ് എ, എച്ച് എസ് എ, എച്ച് എസ് എസ്ടി ഉള്‍പ്പെടെ എല്ലാ അധ്യാപക തസ്തികകളും ലോവിഷന്‍, ഹിയറിംഗ് ഇംപയേഡ് വിഭാഗം ഭിന്നശേഷിക്കാര്‍ അനുയോജ്യമാണെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്. ലോക്കോമോട്ടോര്‍ ഡിസബിലിറ്റിയുള്ളവര്‍ക്ക് നിലവിലുള്ള സ്‌കൂള്‍അധ്യാപക തസ്തികയില്‍ നിയമനം നല്‍കാറുള്ളതാണ്. അതനുസരിച്ചാണ് എല്ലാ ജില്ലകളിലും ഈ വിഭാഗക്കാര്‍ക്ക് പ്രത്യേകം ഉപപട്ടിക തയ്യാറാക്കിയിരിക്കുന്നതും. ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിച്ച് ഉത്തരവില്‍ വ്യക്തത വരുത്താന്‍ സാമൂഹ്യനീതി വകുപ്പും നിര്‍ത്തിവെച്ച നിയമനശുപാര്‍ശകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ പി എസ് സി യും തയ്യാറാകണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.