ഷാജി ഇടപ്പള്ളി

കൊച്ചി

May 04, 2021, 1:54 pm

തലമുറ മാറ്റമല്ല കോൺഗ്രസിന് വേണ്ടത്: കൂട്ടായ ചർച്ചകൾ വേണമെന്ന് പിടി തോമസ്

Janayugom Online

കോൺഗ്രസിന്റെ ഭാവിക്ക് തലമുറ മാറ്റമല്ല വേണ്ടതെന്നും കൂട്ടായ ചർച്ചകളും യോജിച്ച തീരുമാനങ്ങളുമാണ് ഉണ്ടാകേണ്ടതെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. നിയമസഭാ തെരെഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്നും കോൺഗ്രസ് പാഠമുൾക്കൊള്ളണം. തോൽവിയുടെ ഉത്തരവാദിത്വം നേതൃത്വം കൂട്ടായി ഏറ്റെടുക്കണം. പാർട്ടിയിൽ ഉടലെടുത്ത ചില തെറ്റായ പ്രവണതകളും ആവശ്യമായ ചർച്ചകളുടെ അഭാവവും കോൺഗ്രസിന്റെ തോൽവിക്ക് വഴിവെച്ചു. നേതൃത്വത്തിൽ തലമുറ മാറിയതുകൊണ്ട് തീരാവുന്ന വിഷയമല്ല, ഇനി സമഗ്രമായ ചർച്ചകളിലൂടെ സംഘടനാപരമായ ദൗർബല്യം പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തുടരുമോ എന്ന ചോദ്യത്തിന് ചെന്നിത്തല അടക്കം യോഗ്യരായ നിരവധി പേർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പല പേരുകളും പാർട്ടി ചർച്ച ചെയ്യുന്നുണ്ടെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് പി ടി തോമസിൽ നിന്നുമുണ്ടായത്. സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ ദൗർലഭ്യമുണ്ട് .അതിനാൽ ഓക്സിജൻ കിട്ടാതെ രോഗി മരിക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. 

Eng­lish summary:PT thomas press meet

You may also like this video: