സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍

Web Desk
Posted on August 29, 2019, 4:13 pm

അമരാവതി: സാനിയ മിര്‍സയെ പിടി ഉഷയാക്കി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിലാണ് വൻ പിഴവ് സംഭവിച്ചിരിക്കുന്നത്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതിന് തയ്യാറാക്കിയ ഫ്‌ളക്‌സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന് എഴുതുകയായിരുന്നു.

ഇതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. സാനിയ മിര്‍സയെയും പി.ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാറിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്‌ളക്‌സ് അച്ചടിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നു. ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളെക്‌സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു.