June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഇന്ത്യയെ മറന്ന പൊതുബജറ്റ്

By Janayugom Webdesk
February 3, 2020

രാജ്യത്തെ ഭരണാധികാരികളും ആഗോള ഏജൻസികളും ഒരുപോലെ അംഗീകരിച്ച വസ്തുതയാണ് ഇന്ത്യ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നുള്ള കാര്യം. അത് മാന്ദ്യമാണോ അതല്ല മാന്ദ്യത്തിന് സമാനമാണോ അതിനുള്ള കാരണങ്ങൾ ആഭ്യന്തരമാണോ ലോകതലത്തിലുള്ളതാണോ എന്നിങ്ങനെ കാര്യങ്ങളിൽ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ. അത്തരമൊരു പശ്ചാത്തലത്തിലാണ് അടുത്ത വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഒരു രാജ്യത്തെയും അവിടത്തെ ജനതയെയും മുന്നിൽ കാണുന്ന ഭരണാധികാരികൾ ഗുരുതരമായ പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴികൾ തീർക്കാനാണ് ബജറ്റിനെ പ്രധാനമായും ഉപയോഗിക്കുക. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല കോർപ്പറേറ്റുകളും അതിസമ്പന്നരും തന്നെയാണ് തങ്ങളുടെ മുഖ്യപരിഗണനാ വിഭാഗമെന്ന പതിവ് തെറ്റിക്കാതെ ബജറ്റ് തയ്യാറാക്കുന്നതിൽ മന്ത്രി നിർമ്മലാ സീതാരാമൻ വിജയിച്ചുവെന്ന് വേണം ഒറ്റവാചകത്തിൽ പറയേണ്ടത്. നോട്ടുനിരോധനം, ചരക്കുസേവന നികുതി എന്നിവയുടെയും കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റിന്റെയും ഫലമായി ഇന്ത്യ ഇപ്പോൾ നേരിടുന്ന മാന്ദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കിയത് മഹാഭൂരിപക്ഷത്തിനുമേലാണ്. 30 ലക്ഷത്തിലധികം പേർക്ക് സ്ഥിരം തൊഴിൽ നഷ്ടമായി. വാഹന നിർമ്മാണ‑വിതരണമേഖല­യിൽ മാത്രം തൊഴിൽ നഷ്ടമായത് 3.5 ലക്ഷമാണ്.

റിയൽ എസ്റ്റേറ്റ്, ചെറുകിട വ്യവസായം, വ്യാപാരമേഖല എന്നിങ്ങനെ എല്ലാ മേ­ഖ­ലകളിലും തൊഴിൽ നഷ്ടമുണ്ടായി. ഇതിന് പുറമേയാണ് കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമായത്. ഇതിനൊപ്പം തന്നെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തു. 3.15 കോടിയാണ് ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ തൊഴിലില്ലായ്മ. ഈ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമാത്രമേ ഒരു രാജ്യത്തിന് അതിന്റെ ബജറ്റ് തയ്യാറാക്കാനാകൂ. കാരണം ജനസംഖ്യയിലെ 80 ശതമാനത്തോളം പേരാണ് ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നത്. എന്നാൽ പതിവുപോലെ മഹാഭൂരിപക്ഷത്തെ പൂർണമായും മറന്നുകൊണ്ട് കോർപ്പറേറ്റുകളെയും വൻകിടക്കാരെയും മാത്രം അഭിമുഖീകരിക്കുന്നതാണ് ബജറ്റ് എന്ന് ആഴത്തിൽ പരിശോധിച്ചാൽ ബോധ്യമാകും. പ്രഖ്യാപനങ്ങൾ നിലയ്ക്കാതെ നടത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ അവയൊന്നുംതന്നെ യാഥാർഥ്യമാകുവാൻ പോകുന്നവയല്ല. കോർപ്പറേറ്റ് നികുതി 30 ൽ നിന്ന് 22 ശതമാനമാക്കിയെന്നത് നേരിട്ട് അനുഭവവേദ്യമാകുന്ന പ്രഖ്യാപനമാണ്. ഇടത്തരക്കാർക്ക് സഹായകമാകുമെന്ന് കരുതുന്ന ആദായനികുതി മാറ്റവും (ഇതിന്റെ നിർവഹണം ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഫലത്തിൽ മെച്ചമൊന്നുമുണ്ടാകില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ടെങ്കിലും) നേരിട്ട് അനുഭവിക്കാൻ പോകുന്നതാണ്. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ളവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമാണ്.

കാർഷിക മേഖലയ്ക്കായി 16 ഇന പദ്ധതികളുടെ നിർദ്ദേശമുണ്ട്. അവ നടപ്പിലാക്കുന്നതിനുള്ള വഴികൾ ബജറ്റിൽ നിർദ്ദേശിക്കുന്നില്ല. വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും പ്രധാനമായി സംഭവിക്കേണ്ടത് സാധാരണക്കാരുടെ കയ്യിൽ പണമെത്തിക്കുകയെന്നതാണ്. അത് വിപണിയെയും ചലിപ്പിക്കും. എന്നാൽ പാവപ്പെട്ടവരുടെ കയ്യിൽ പണമെത്തിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളായി കരുതുന്ന പദ്ധതികൾക്കുള്ള വിഹിതം കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുള്ള ബജറ്റ് വിഹിതം കണക്കിൽ വർധിച്ചുവെന്ന് പ്രഖ്യാപിച്ചുവെങ്കിലും നടപ്പുവർഷത്തെ മതിപ്പ് വിഹിതവുമായി താരതമ്യം ചെയ്താൽ 9500 കോടി രൂപയുടെ കുറവാണുണ്ടായത്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 54,000 കോടി രൂപ വേണമെന്നിരിക്കേ ഇതിനും കാർഷിക വരുമാനവർധന പദ്ധതിക്കുമായി 75,000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഫലത്തിൽ രണ്ടു പദ്ധതികളും അവതാളത്തിലാകാനാണ് പോകുന്നത്. തൊഴിലില്ലായ്മയെന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനും പദ്ധതികളില്ല. ഭക്ഷ്യ സബ്സിഡിയുടെ യഥാർത്ഥ ചെലവ് നിലവിലെ ബജറ്റിൽ 75,000 കോടി രൂപയായി കുറച്ചതും പാവപ്പെട്ടവരെയാണ് ബാധിക്കാൻ പോകുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ വിഹിതത്തിൽ കാലാനുസൃതവും ആവശ്യത്തിനനുസരിച്ചും വർധന വരുത്തുന്നതിന് തയ്യാറായില്ല. ഇതേ ബജറ്റിൽതന്നെയാണ് ദേശീയപാതാ വികസനത്തിനായി നാലുലക്ഷം കോടിയും അടിസ്ഥാന ഗതാഗത വികസനത്തിനായി 1.75 ലക്ഷം കോടി രൂപയും നീക്കിവച്ചിട്ടുള്ളത്. കൂടാതെ 66 ഉല്പന്നങ്ങൾക്ക് വില ഉയരുന്ന വിധത്തിലുള്ള തീരുവ നിർണ്ണയവും നടത്തിയിട്ടുണ്ട്. നിലവിലുള്ള വിലക്കയറ്റത്തെ കൂടുതൽ രൂക്ഷമാക്കുന്നതിന് സഹായകമാകുന്ന നിലപാടാണിത്. എല്ലാ പ്രതിസന്ധികൾക്കുമുള്ള മറുമരുന്നായി പൊതുമേഖലാ വില്പന, വിദേശ നിക്ഷേപം, സ്വകാര്യവൽക്കരണം, പൊതു സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെ നവ ഉദാരവൽക്കരണത്തിന്റെ ഉല്പന്നങ്ങൾ തന്നെയാണ് ഈ ബജറ്റിലും മുഖ്യ വരുമാനമാർഗമായി കണ്ടിരിക്കുന്നത്. ഇതേ നയങ്ങളുടെ ഫലമായി തകർന്നുപോയ രാജ്യങ്ങളുടെ അനുഭവങ്ങളല്ല, അവിടങ്ങളിൽ തടിച്ചുകൊഴുത്ത കോർപ്പറേറ്റുകളോടുള്ള ആഭിമുഖ്യം തന്നെയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുകയാണ് ഈ ബജറ്റിലൂടെ കേന്ദ്ര സർക്കാര്‍ ചെയ്തിരിക്കുന്നത്. ബജറ്റ് എന്നത് സാധാരണക്കാരെ സഹായിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതിനുള്ളതാണ് എന്ന പരമ്പരാഗത കാഴ്ചപ്പാട്, കോർപ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും കീശവീർപ്പിക്കാനുള്ളതാണ് എന്ന് തിരുത്തിയെഴുതുകയാണ് നിർമ്മലാസീതാരാമൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.