പ്രതിഭകളെ തേടുന്ന പൊതു വിദ്യാഭ്യാസം

Web Desk
Posted on November 12, 2019, 11:24 pm

കെ വി മോഹൻ കുമാർ

 കേരളം പുരോഗനോന്മുഖമായ പുതിയൊരു ദിശയിലേക്കുള്ള മുന്നേറ്റത്തിലാണു. വിശേഷിച്ചും കേരളപ്പിറവിയുടെ അറുപതാം വർഷത്തിൽ രൂപം നൽകിയ നവകേരള മിഷനിൽ ഉൾപ്പെട്ട വിവിധ മേഖലകൾ. അതിൽ തന്നെ വ്യക്തമായ ദിശാബോധത്തോടെയുള്ള ആസൂത്രണത്തിന്റെയും ക്രിയാത്മകമായ ഇടപെടലിന്റെയും ഗുണഫലങ്ങൾ ഏറ്റവും പ്രകടമായ മേഖലയാണു കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഇത്ര മേഖലകളിൽ പഠിച്ചിരുന്ന നാലര ലക്ഷത്തോളം വിദ്യാർത്ഥികൾ സംസ്ഥാനത്തെ സർക്കാർ, എ യ്ഡഡ് വിദ്യാലയങ്ങളിൽ എത്തിച്ചേർന്നു എന്നത് ചെറിയ കാര്യമല്ല. കേരളത്തിലെ പൊതു സമൂഹത്തിനു കൈവന്ന ആത്മവിശ്വാസമാണത് തെളിയിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ജനകീയ മുന്നേറ്റത്തിലൂടെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് മികവും ഉയർത്തുന്നതിനു ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്ന വിവിധ വികസന പദ്ധതികൾ പൊതു സമൂഹത്തിന്റെ വിശ്വാസമാർജ്ജിച്ചതാണു ഈ കുതിച്ചു ചാട്ടത്തിനിടയാക്കിയത്.

ജനകീയ വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മാറിക്കഴിഞ്ഞു. ഓരോ വിദ്യാലയത്തിന്റെയും കുറവുകളും പോരായ്മകളും ആവശ്യകതകളും ജനകീയ ഇടപെടലിലൂടെ കണ്ടെത്തി, ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഓരോ വിദ്യാലയത്തിന്റെയും ചുറ്റുപാടുമുള്ള അഭ്യുദ്യകാംക്ഷികളും ഉൾപ്പെടുന്ന കൂട്ടായ ഇടപെടലിലൂടെ അക്കാദമിക്ക് മാസ്റ്റർ പ്ലാനും ഭൗതിക വികസന രൂപരേഖയും തയ്യാറാക്കി സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടൊപ്പം പ്രാദേശിക തലത്തിലും വിവിധ സ്രോതസ്സുകളിലൂടെ വിഭവ സമാഹരണം നടത്താൻ കഴിഞ്ഞതോടെയാണു ‘മികവിന്റെ കേന്ദ്രങ്ങൾ’ പോലുള്ള സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമായത്. പ്രകൃതിയെ അറിഞ്ഞും മാനവികതയിലും യുക്തിബോധത്തിലുമൂന്നി, സ്വന്തം സർഗ്ഗാത്മകമായ കഴിവുകളുടേയും അഭിരുചികളുടേയും അറിവിന്റേയും ലോകത്ത് ഉയർന്നു പറക്കാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തനാക്കുകയാണു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾക്ക് രൂപം നൽകി, കുട്ടികളെ പ്രകൃതിയുമായും ജൈവ വൈവിധ്യ ലോകവുമായും ചേർത്തു നിർത്തി, ഓരോ കാമ്പസ്സിനേയും ‘പാഠപുസ്തക’മാക്കി മാറ്റിയെടുക്കാനുള്ള ആഹ്വാനത്തോടെയായിരുന്നു പൊതുവിദ്യാഭ്യാസ പദ്ധതിയുടെ തുടക്കം. അദ്ധ്യാപന രംഗത്തു നിന്നു വന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആശയമായിരുന്നു അത്.

വരണ്ടുണങ്ങിക്കിടന്നിരുന്ന വിദ്യാലയ പരിസരങ്ങൾക്ക് ഇതോടെ ഹരിതാഭ കൈവന്നു. കുട്ടികളുടെ ലോകത്തേക്ക് പൂക്കളും ശലഭങ്ങളും ചെറു കിളികളും പറന്നു വന്നു. വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൂടുതൽ പ്രാണവായു കടന്നു വന്നു. അതോടൊപ്പം ബാഹ്യമായ പല കാരണങ്ങളാലും പഠനത്തിൽ പിന്നോക്കം നിന്നിരുന്ന കുട്ടികളെ മുന്നോട്ട് കൈപിടിച്ചു കൊണ്ടു വരുന്നതിനു ‘ശ്രദ്ധ’ പോലുള്ള ബോധന പരിഹാര പദ്ധതികൾക്ക് രൂപം നൽകി. മിടുക്കന്മാരെ മാത്രം പ്രോൽസാഹിപ്പിച്ചിരുന്ന പരമ്പരാഗത രീതി വിട്ട്, സാമൂഹികവും സാമ്പത്തികവും ഗാർഹികവും വൈകാരികവുമായ കാരണങ്ങളാൽ പഠനത്തിൽ പിന്തള്ളപ്പെട്ടു പോയ മിടുക്കന്മാരേയും മിടുക്കികളേയും മുൻ നിരക്കാരുടെ ഒപ്പമെത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. വിദ്യാലയങ്ങളിൽ ‘വായനയുടെ വസന്തം’ വിരിയിച്ചുകൊണ്ടായിരുന്നു അടുത്ത മുന്നേറ്റം. കഴിഞ്ഞ അധ്യയന വർഷം സംസ്ഥാന ബജറ്റിൽ പത്തു കോടി രൂപയാണു ഇതിനായി നീക്കി വച്ചത്. മുഖ്യ ലൈബ്രറിക്കു പുറമേ അപ്പർ പ്രൈമറി തലത്തിൽ ഓരോ ക്ലാസ്സ് മുറിയിലും നൂറോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി വന്നു. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ആദ്യമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ വായനയെ പ്രോൽസാഹിപ്പിക്കാൻ ഇത്ര ബൃഹത്തായൊരു പദ്ധതി. വിദ്യാർത്ഥിയുടെ അറിവിന്റെ സീമ പാഠ്യപുസ്തകത്തിന്റെ ചട്ടക്കൂടിനു പുറത്തേക്ക് വികസിപ്പിക്കുകയായിരുന്നു ‘വായനയുടെ വസന്തം’ ലക്ഷ്യമിട്ടത്.

തുടർപ്പദ്ധതിയായി ഈ വർഷവും ഇത് നടപ്പാക്കി വരുന്നു. മുഖ്യമായും മൂന്ന് ഘടകങ്ങൾക്ക് ഊന്നൽ നൽകിയാണു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു രൂപം നൽകിയത്. ഒന്ന്: ജനകീയത. രണ്ട്: ആധുനികത. മൂന്ന്: മാനവികത. ഈ മൂന്ന് ആശയങ്ങളുടെ പരസ്പര പൂരകങ്ങളായ വ്യാപനമാണു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ മുന്നോട്ട് നയിക്കുന്ന ദിശാബോധം. കമ്പോള താലപര്യങ്ങൾ നഷ്ടപ്രായമാക്കിയ എല്ലാ മൂല്യങ്ങളേയും തിരിച്ചു പിടിക്കാൻ ഈയൊരു ദിശാബോധത്തിലൂടെ മുന്നോട്ട് പോയാലേ കഴിയൂ. ‘വിദ്യാലയങ്ങൾ പ്രതിഭകൾക്കൊപ്പം’ എന്ന പുതിയ പരിപാടിയിലൂടെ വിദ്യാർത്ഥി സമൂഹവും നമ്മുടെ നാടിന്റെ ധന്യതയെന്നു വിശേഷിപ്പിക്കാവുന്ന വിവിധ മേഖലകളിലെ പ്രതിഭാ ധനരുമായുള്ള ആശയ വിനിമയത്തിനു വഴിയൊരുക്കുകയാണു പൊതു വിദ്യാഭ്യാസ വകുപ്പ്. നവംബർ പതിനാലിനാരംഭിച്ച് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ ഓരോ വിദ്യാലയത്തിന്റെയും പരിസര പ്രദേശങ്ങളിൽ ജീവിക്കുന്ന പ്രതിഭാ ധനരായ വ്യക്തികളുടെ വീടുകൾ വിദ്യാർത്ഥികൾ സന്ദർശ്ശിക്കും. അവരുമായി സംവദിക്കും. അവരുടെ സർഗ്ഗ ചൈതന്യങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളും. പൊതു വിദ്യാഭ്യാസ രംഗം പുതിയ മാനഗൾ തേടുകയാണു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് പ്രതിഭകളെ വാർത്തെടുക്കേണ്ടതുണ്ട്. കലാ, കായിക, സാഹിത്യ, ശാസ്ത്ര രംഗങ്ങളിൽ എന്നപോലെ,പൊതു സമൂഹത്തിനു ഭാവിയിൽ നേതൃത്വവും ദിശാബോധവും നൽകേണ്ട ഉൽപതിഷ്ണുക്കളായ ഒരു തലമുറയെ വാർത്തെടുക്കുകയെന്ന മഹത്തായ ദൗത്യമാണു പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നിർവ്വഹിക്കാനുള്ളത്.

(മുൻ പൊതു വിദ്യാഭ്യാസ ഡയറക്റ്ററാണ് ലേഖകൻ)