സ്വന്തം ലേഖകൻ

കൊല്ലം

January 15, 2020, 10:42 pm

കേന്ദ്രസർക്കാരിന് താക്കീതായി കൊല്ലത്ത് ബഹുജനസംഗമം

Janayugom Online

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിക്കെതിരെ ചരിത്രംപേറുന്ന കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ ഇന്നലെ നടന്ന ബഹുജന സംഗമം രാജ്യത്തെ വെട്ടിമുറിക്കാൻ യത്നിക്കുന്നവർക്കുള്ള താക്കീതായി മാറി. നാനാജാതി മതസ്ഥരായ ആയിരങ്ങൾ സംഗമത്തിൽ പങ്കെടുത്തു. സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു ഏറ്റവും ശ്രദ്ധേയം. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

നമ്മുടെ രാജ്യത്തെ തന്നെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതാണ് പൗരത്വഭേദഗതി നിയമം. പൗരത്വത്തിന്റെ അടിസ്ഥാനമായി മതം മാറുന്നു. നാം നേടിയ സ്വാതന്ത്ര്യവും പൗരന്റെ പരമാധികാരവും രാജ്യം അംഗീകരിച്ച ഭരണഘടനയും അത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത എന്നിവയെല്ലാം വെല്ലുവിളി നേരിടുകയാണ്. ഇതിനെതിരെ യോജിപ്പിന്റെ ഭാഗമായി മഹാശക്തി രൂപം കൊള്ളണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ‘ഇത് കേരളമാണ്. നാം ഒന്നിച്ചുനിന്നവർ. ഏകോദരസഹോദരന്മാർ. ഈ മണ്ണിൽ ഒരാപത്തും ഉണ്ടാകില്ലെന്ന’ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ജനതതി സ്വാഗതം ചെയ്തത്.

സിഎസ്ഐ ബിഷപ്പ് റവ. ഡോ. ഉമ്മൻ ജോർജ്ജ് അധ്യക്ഷത വഹിച്ച സംഗമത്തിൽ ഭരണഘടന സംരക്ഷണ സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എംഎൽഎ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു, മന്ത്രിമാരായ അഡ്വ. കെ രാജു, ജെ മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ല­യിലെ എംഎൽഎമാർ, ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.