Monday
18 Feb 2019

ആരോഗ്യമേഖലയെ കമ്പോള വല്‍ക്കരിക്കുമ്പോള്‍

By: Web Desk | Friday 4 August 2017 11:39 PM IST

ജയനാരായണന്‍
നഗരപ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ജില്ലാ ആശുപത്രികളുടെ ആസ്തികളും, സൗകര്യങ്ങളും, സ്വകാര്യമേഖലയ്ക്ക് ഉപയോഗിക്കാന്‍ കഴിയാവുന്ന വിധത്തിലാണ് കരാറിന് രൂപം നല്‍കിയിരിക്കുന്നത്. കരാര്‍ തയ്യാറാക്കിയത് നീതി ആയോഗും ആരോഗ്യമന്ത്രാലയവും ചേര്‍ന്നാണ് ജില്ലാ ആശുപത്രികള്‍ മുപ്പതുവര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് നീക്കം നടക്കുന്നത്. ആദ്യഘട്ടത്തില്‍ 50 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രികളെയാണ് പരിഗണിക്കുക. ജില്ലാ ആശുപത്രികളുടെ കെട്ടിടങ്ങളും രക്തബാങ്ക്, ആംബുലന്‍സ്, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളുമായി പങ്ക്‌വെയ്ക്കാനാണ് പ്രധാന നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രതിലോമകരമായ നീക്കത്തെ സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. സ്വകാര്യമേഖലയ്ക്ക് ഭൂമിയും സൗകര്യങ്ങളും നല്‍കുകയല്ല വേണ്ടതെന്നും, സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്നുമാണ് ഇടത് പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന പൊതുനിലപാട്. കേരള സര്‍ക്കാരും ഈ കേന്ദ്രനീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ ദേശീയ അരോഗ്യനയംതന്നെ പരിശോധിക്കുമ്പോള്‍ സ്വകാര്യമേഖലയ്ക്ക് കടന്നുകയറാന്‍ അവസരമൊരുക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയനാണക്കേടായി മാറിക്കഴിഞ്ഞിരിക്കുന്ന നീതിആയോഗിന്റെ ഇത്തരം ഇടപെടലുകളില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
നമ്മുടെ രാജ്യത്തെ മുന്നാമത്തെ ആരോഗ്യനയം 2017 മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങുകയുണ്ടായി. ആദ്യത്തെ ആരോഗ്യനയം 1983 ലും രണ്ടാമത്തേത് 2002 ലും ആയിരുന്നു പുറത്തിറങ്ങിയത്. മൂന്നാം ആരോഗ്യനയത്തിന്റെ കരട് 2014 ഡിസംബറില്‍ പുറത്തിറക്കി പൊതു ചര്‍ച്ചക്ക് വെയ്ക്കുകയുണ്ടായി. ദേശീയ ആരോഗ്യനയമെന്നത് നമ്മുടെ രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ചും, പദ്ധതികളെക്കുറിച്ചും, ഒരു പൊതുവീക്ഷണം രൂപപ്പെടുത്തുന്ന ഒരുരാഷ്ട്രീയ നയരേഖയാണ്. നമ്മുടെ ആരോഗ്യമേഖലയിലെ കുറഞ്ഞ സര്‍ക്കാര്‍ നിക്ഷേപത്തെക്കുറിച്ചും, ചികിത്സാ സേവനം വിതരണം ചെയ്യുന്നതിലെ അസമത്വത്തെക്കുറിച്ചും, ചികിത്സാ സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ചും നയരേഖ ചര്‍ച്ചചെയ്യുന്നുണ്ട്. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ വിഹിതം 2025 ആകുമ്പോഴേക്കും 2.5 ശതമാനമായി വര്‍ദ്ധിപ്പിക്കുക, പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയ്ക്കും പങ്കാളിത്തം നല്‍കി പൊതുജനാരോഗ്യമേഖലയെ വിപുലീകരിയ്ക്കുക, ചികിത്സാ സൗകര്യങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്കും, പാവപ്പെട്ടവരിലേയ്ക്കും എത്തിക്കുക തുടങ്ങിയ ജനകീയമെന്നും പൊതുവെതോന്നിക്കാവുന്ന ചില നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും സ്വകാര്യമേഖലയ്ക്ക് ആരോഗ്യരംഗത്ത് കടന്നുവരാനും, പങ്കാളിത്തമൊരുക്കാനുള്ള ധാരാളം അവസരങ്ങള്‍ ഈ നയരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യത്തിന്റെയും, സഹകരണത്തിന്റെയും കേന്ദ്രങ്ങള്‍ ആയി മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. ആരോഗ്യമേഖലയിലെ വിഹിതത്തിന്റെ മുന്നില്‍ രണ്ട് ഭാഗവും പ്രാഥമിക ചികിത്സാരംഗത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കിവച്ചിരിക്കുന്നു. ലൈംഗികാക്രമങ്ങളിലെ ഇരകളായ സ്ത്രീകളുടെ സംരക്ഷണത്തിന് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. വിദൂര മേഖലകളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കാനും, അത്യാഹിത വിഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ എത്തിയ്ക്കാനുള്ള ശൃംഖലാ സംവിധാനങ്ങള്‍ ഒരുക്കാനും നയരേഖ ലക്ഷ്യമിടുന്നു. എന്നാല്‍ ആരോഗ്യപരിപാലനം മൗലികാവകാശമാക്കുക എന്ന കരട് രേഖയിലെ സുപ്രധാന നിര്‍ദ്ദേശം പുതിയ നയരേഖയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസേവന വികസനത്തിനടിസ്ഥാനം 1946-ലെ ബോര്‍കമ്മിറ്റി റിപ്പോര്‍ട്ട് ആണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യാഭിവൃദ്ധി, രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ വളരെ ബൃഹത്തായ ലക്ഷ്യങ്ങളോടെ 1952 ല്‍ സാമൂഹ്യവികസന പരിപാടികളുടെ ഭാഗമായി ഇന്ത്യയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പകരം അതിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളും ബജറ്റും ക്രമേണ കുടുംബാസൂത്രണം, മലേറിയ നിയന്ത്രണം എന്നിവയിലേക്ക് വഴിമാറ്റപ്പെട്ടു. ഇത് അടിസ്ഥാന ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരമില്ലായ്മയിലേക്കും, പൊതുജനാരോഗ്യ രംഗത്തെ തളര്‍ച്ചയ്ക്കും വഴിതെളിയിച്ചു. തുടര്‍ന്ന് എഴുപതുകളുടെ അവസാനത്തില്‍ സമഗ്രപ്രാഥമികാരോഗ്യ സേവനമെന്ന ആശയം രൂപം കൊള്ളുകയുണ്ടായി. എല്ലാവിഭാഗം ജനങ്ങള്‍ക്കും അടിസ്ഥാനപരമായ ചികിത്സാസൗകര്യങ്ങള്‍ നല്‍കല്‍, രോഗപ്രതിരോധം, ആരോഗ്യാഭിവൃദ്ധി, പോഷകാഹാരമെത്തിക്കല്‍, കുടിവെള്ളം, ശുചിത്വസൗകര്യങ്ങള്‍ എന്നിവയൊക്കെ ഈ പരിപാടിയുടെ ലക്ഷ്യമായിരുന്നു.
എണ്‍പതുകളില്‍ ഓരോ രോഗത്തിനും പ്രത്യേകം പ്രത്യേകം പരിപാടി എന്ന നിലയില്‍ എയ്ഡ്‌സ് നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് എന്നിവ വേറിട്ട പദ്ധതികളിലൂടെ നടപ്പാക്കപ്പെട്ടു. പക്ഷെ ഇവയെല്ലാം വര്‍ത്തിച്ചത് പ്രാഥമികാരോഗ്യ സേവനത്തിന്റെ പ്രവര്‍ത്തനത്തിന് ഘടകവിരുദ്ധമായിട്ടാണ്. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യമേഖലകളിലെ വെല്ലുവിളികളും അപചയവും ആരോഗ്യമേഖലയുടെ മാത്രം പ്രശ്‌നമല്ല പ്രാഥമികാരോഗ്യ സേവനങ്ങളോടുള്ള അവഗണനയും, ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ സാമൂഹ്യമേഖലയുടെ ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിയാനം കൂടിയാണ്. ഈയൊരു സാഹചര്യത്തില്‍ നിന്ന് വേണം പുതിയ ആരോഗ്യനയത്തെ നോക്കികാണേണ്ടത്.
ഒരു രാജ്യത്തിന്റെ സമ്പത്ത് എന്നത് ആ രാജ്യത്തിന്റെ ആരോഗ്യമുള്ള ജനതയാണ്. എല്ലാ പൗരന്മാര്‍ക്കും, താങ്ങാവുന്നചെലവില്‍ അടിസ്ഥാന ആരോഗ്യപരിചരണം നല്‍കേണ്ടത് ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും പ്രാഥമിക കടമകളില്‍ ഒന്നാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത് ദുര്‍ബലമായ പൊതുജനാരോഗ്യ മേഖലയും വളരെ ഉദാസീനമായ ഒരു ഭരണ സംവിധാനവും ആണ്. ഇത് അരോഗ്യമേഖലയില്‍ കടുത്ത അസന്തുലിതാവസ്ഥയ്ക്ക് വഴിവെച്ചിരിക്കുന്നു. ദേശീയ വരുമാനത്തിന്റെ വിഹിതത്തിന്റെ അഞ്ച് ശതമാനമെങ്കിലും സര്‍ക്കാര്‍ വിഹിതമായി ആരോഗ്യമേഖലയ്ക്കായി നീക്കിവെയ്ക്കണമെന്ന ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തെ ഇത് കുറെക്കാലമായി ഒരു ശതമാനത്തില്‍ താഴെയാണ്. ഇത്മൂലം ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പിറകോട്ട് പോകുകയും രൂക്ഷമായ മറ്റു പ്രശ്‌നങ്ങള്‍ കാരണമാവുകയും ചെയ്തു. നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അത്യാവശ്യക്കാര്‍ക്കുപോലും സേവനമെത്തിക്കാന്‍ പര്യാപ്തമല്ല. ഏറ്റവും പുതിയ കെപിഎംജി റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 80 ശതമാനം ഡോക്ടര്‍മാരുടെയും, 75 ശതമാനം ആശുപത്രികളുടെയും സേവനം ലഭിക്കുന്നത് 28 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണെന്നാണ്. ഇതിന്റെയെല്ലാം ഫലമായി ആരോഗ്യമേഖല ചികിത്സാ വ്യവസായത്തിന് വേദിയായിരുന്നു. ചികിത്സാവ്യവസായം വര്‍ഷംതോറും 15 ശതമാനം കണ്ട് വളര്‍ച്ച പ്രാപിക്കുന്നതിന്റെ ഫലമായി ചികിത്സാ ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചു. ഇത് 20 ശതമാനം ജനങ്ങള്‍ ചികിത്സിച്ച് മുടിയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇന്ത്യയെപോലുള്ള ഒരു രാജ്യത്ത് ജിഡിപിയുടെ ആറ് ശതമാനമെങ്കിലും ആരോഗ്യമേഖലയില്‍ ചെലവഴിച്ചാല്‍ മാത്രമെ ഇന്ന് ഈ രംഗത്ത് നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് ഇത് ഏകദേശം 4 ശതമാനവും ഇതില്‍ സര്‍ക്കാര്‍ വിഹിതം ഒരു ശതമാനത്തില്‍ താഴെയുമാണ്. ലോക ആരോഗ്യസുസ്ഥിര വികസന ലക്ഷ്യ സൂചികയനുസരിച്ച് 188 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം. 143 ആണ് എന്നത് നിര്‍ഭാഗ്യകരമാണ്. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ വിഹിതം 2 മുതല്‍ 3 ശതമാനം വരെ ഉയര്‍ത്തണമെന്ന് 2002-ലെ ആരോഗ്യനയത്തില്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍നിന്നും പുറകോട്ട് പോകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇത് സൃഷ്ടിച്ചത് ആരോഗ്യമേഖലയില്‍ വന്‍ അസമത്വവും അസന്തുലിതാവസ്ഥയും ആണ്. ഇവയുടെ ദുരിതം പേറേണ്ടിവന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും, ആദിവാസികളുമായിരുന്നു. ടി.ബി., മലേറിയ തുടങ്ങിയ പഴയ പകര്‍ച്ചവ്യാധികളുടെയും പ്രമേഹം, ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചേതര വ്യാധികളാലും നമ്മുടെ രാജ്യം കടുത്ത ഭാരം പേറുകയാണ്. നമ്മുടെ രാജ്യത്തെ കുട്ടികളില്‍ 44 ശതമാനത്തിനും ഭാരക്കുറവും, ശിശുക്കളില്‍ 72 ശതമാനത്തിനും വിളര്‍ച്ചയും ബാധിച്ചവരാണ്. വര്‍ഷംതോറും 2 ദശലക്ഷം ടി.ബി. ബാധിതരും, 15 ദശലക്ഷം മലേറിയ ബാധിതരും ഉണ്ടാകുന്നു. എച്ച്.ഐ.വി. എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ 3.4 ദശലക്ഷത്തിന്റെയും വര്‍ദ്ധനവ് അനുഭവപ്പെട്ടിരിക്കുന്നു. ഇങ്ങിനെ ഏറ്റവും രോഗാതുരമായ ഒരു അവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യം കടന്ന് പോകുന്നത്. ഇങ്ങിനെയുള്ള ഒരവസ്ഥയിലും ഈ പ്രശ്‌നങ്ങളെ എങ്ങിനെ പരിഹരിക്കണമെന്ന കാര്യത്തില്‍ ഗൗരവമായ ആലോചനകളോ കര്‍മ്മപരിപാടികളോ പുതിയ നയരേഖ മുന്നോട്ട് വെയ്ക്കുന്നില്ല. പുതിയ ആരോഗ്യനയം മെച്ചപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങളെ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ആയുര്‍ ദൈര്‍ഘ്യം 2025 ഓടുകൂടി ഇന്നുള്ള 67.05 വയസില്‍ നിന്നും 70 വയസാക്കി ഉയര്‍ത്താനും, ശിശുമരണനിരക്ക് ആയിരത്തിന് 23 ആക്കി കുറയ്ക്കാനും ലക്ഷ്യമിടുന്നു. എന്നാല്‍ ഇതിനുള്ള ഗൗരവമായ കര്‍മ്മപരിപാടികള്‍ ഒന്നുംതന്നെ നയരേഖയില്‍ പ്രതിപാദിക്കുന്നില്ല.
2002 ലെ ആരോഗ്യനയത്തില്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കുന്നതില്‍ ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ മൂന്നാം ആരോഗ്യ നയത്തില്‍ സ്വകാര്യ സംരംഭകരെ ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നയരേഖ ആവര്‍ത്തിച്ച് പറയുന്നു. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ പൊതു-സ്വകാര്യ കൂട്ടു സംരംഭങ്ങളെ സ്വകാര്യ സംരംഭകര്‍ മൊത്തത്തില്‍ വരുതിയിലാക്കിയതിന്റെ ധാരാളം ഉദാഹരണങ്ങള്‍ അനുഭവത്തില്‍ ഉണ്ട്. ഈ നീക്കങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ സ്വകാര്യ സംരംഭകര്‍ മൊത്തമായി വിഴുങ്ങുന്ന സാഹചര്യം ഉണ്ടാകും. പൊതു ജനങ്ങളുടെ ചികിത്സ ഉത്തരവാദിത്ത്വത്തില്‍നിന്ന് തന്ത്രപരമായി പിന്‍വാങ്ങുകയാണ് മോഡി സര്‍ക്കാര്‍. ഇതിന്റെ ഉത്തമോദാഹരണമാണ് സ്ട്രാറ്റജിക് പര്‍ച്ചേസിംഗ് അല്ലെങ്കില്‍ തന്ത്രപരമായ വാങ്ങല്‍ ദ്വഥീയ-ത്രിഥീയ ആരോഗ്യ മേഖലകളില്‍ സര്‍ക്കാര്‍ സേവനം ലഭ്യമല്ലാതെ വരുന്ന ഘട്ടങ്ങളില്‍ സ്വകാര്യ മേഖലയില്‍ നിന്നും അവ വില കൊടുത്ത് വാങ്ങാന്‍ നയരേഖ നിര്‍ദ്ദേശിക്കുന്നു. സ്വകാര്യ ചികിത്സാ മേഖലയ്ക്ക് പ്രോത്സാഹനം നല്‍കണമെന്നും, ഇവയെ സെസ്സ് ചുമത്തി സാമ്പത്തിക സ്രോതസ് ആക്കി മാറ്റാനും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ ഭാവിയില്‍ ഇനി സൗജന്യ ചികിത്സ നല്‍കുന്ന പൊതു സ്ഥാപനങ്ങള്‍ മാത്രമല്ല സേവനങ്ങള്‍ക്ക് മുന്‍കൂര്‍ പണംപറ്റി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനും പദ്ധതിയുണ്ട്. താലൂക്ക്-ജില്ല ആശുപത്രി സൗകര്യമില്ലാത്ത മേഖലകളില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം വിലകൊടുത്തുവാങ്ങാനും നീക്കമുണ്ട്.
ആരോഗ്യ മേഖലയിലേക്ക് ഇന്‍ഷുറന്‍സ് പദ്ധതികളെ ധാരാളമായി നയരേഖയില്‍ സ്വാഗതം ചെയ്യുന്നു. അത്‌വഴി സേവനങ്ങള്‍ വിലകൊടുത്ത് വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ പൊതു സമൂഹത്തോട് ആവശ്യപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉണ്ടെങ്കില്‍ മാത്രമെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍വഴി ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കുകയുളളു. എന്നതാണ് അന്താരാഷ്ട്രതലത്തിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അംഗങ്ങളായി 72.8 ദശലക്ഷം കുടുംബങ്ങളുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയില്‍ പ്രയോജനം ലഭിച്ചത് ഏകദേശം 11.8 ദശലക്ഷം ആശുപത്രി കേസുകള്‍ക്ക് മാത്രമാണ്. ഇവിടെ വെളിവാകുന്നത് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത് വളരെ കുറച്ച് അംഗങ്ങള്‍ക്ക് മാത്രമാണ് എന്നതാണ്. പാവപ്പെട്ടവര്‍ നേരിടേണ്ടിവരുന്ന കനത്ത ചികിത്സാ ചെലവുകള്‍ ലഘൂകരിയ്ക്കാനായി ലക്ഷ്യമിട്ട് സ്ഥാപിച്ച ആര്‍എസ്ബിവൈയ്ക്ക് ആ ലക്ഷ്യം കൈവരിക്കാനായി കഴിഞ്ഞിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. പൊതു ജനാരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയും, കാലാനുസൃതമായി പരിഷ്‌കരിക്കുകയും, നവീകരിക്കുകയും ചെയ്യുന്നതിനുപകരം സേവന മേഖലകളില്‍ നിന്ന് പടിപടിയായി പിന്മാറുകയും അവിടെ സ്വകാര്യ മേഖലയെ പ്രതിഷ്ഠിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍
2012-13 വര്‍ഷത്തില്‍ സ്വകാര്യ ആരോഗ്യമേഖലക്ക് 2 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്വകാര്യ ആരോഗ്യമേഖല ആഗോളതലത്തില്‍തന്നെ രണ്ടാം സ്ഥാനക്കാരാണ്. ആരോഗ്യനയത്തിലെ ചില പ്രധാന സൂചകങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത് മൂലധനശക്തികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും തന്ത്രപരമായി ഇടപെടാനും ക്രമേണ ആ രംഗം കൈയ്യടക്കാനുമുള്ള തരത്തിലാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആരോഗ്യസേവനങ്ങളുടെ നിര്‍വചനങ്ങളെ ഘടനാപരമായി മാറ്റം വരുത്തി കമ്പോള വ്യവസ്ഥയ്ക്ക് അനുസരണമായി വിലകൊടുത്ത് വാങ്ങേണ്ട ചരക്കുകളോ, ഇന്‍ഷുറന്‍സ് പരിരക്ഷയോ ആക്കി തീര്‍ത്തിരിക്കുന്നു. ഈ നയം വേഗത്തില്‍ നടപ്പിലാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നഗരപ്രദേശങ്ങളിലെ ആശുപത്രികളെയും ജില്ലാ ആശുപത്രികളെയും സ്വകാര്യവത്ക്കരിക്കാനുള്ള പുതിയ നീക്കം. പൊതുജനങ്ങള്‍ക്ക് ചികിത്സ ഉറപ്പ് വരത്തക്കവിധം പൊതുമേഖലയില്‍ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, കച്ചവടവല്‍ക്കരണം ചെറുക്കാനും പുതിയ ആരോഗ്യ നയത്തിന് കഴിയേണ്ടതുണ്ട്. ആരോഗ്യമെന്നാല്‍ ചികിത്സ മാത്രമല്ല ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്വസ്ഥ ജീവിതം കൂടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ ഇതൊരു മനുഷ്യാവകാശ പ്രശ്‌നംകൂടിയാണ്. ഇതിനൊക്കെ പകരം സ്വകാര്യ മേഖലയില്‍ നിന്ന് സേവനം വിലകൊടുത്ത് വാങ്ങാനും, ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെയും, പ്രീ പെയ്ഡ് കെയര്‍ സംവിധാനങ്ങളിലൂടെയും ആരോഗ്യമേഖലയെ മൂലധനശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് പുതിയ ആരോഗ്യനയത്തിലൂടെ മോഡി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇതിനെ ചെറുക്കാനുള്ള പ്രതിരോധങ്ങള്‍ രാജ്യത്താകമാനം ശക്തിയോടെ ഉയര്‍ന്നുവരേണ്ടതുണ്ട്.

Related News