24 April 2024, Wednesday

പൊതു ആരോഗ്യരംഗം തളരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2022 10:15 pm

രാജ്യത്ത് പകുതിയോളം കുടുംബങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യമേഖലയെയെന്ന് കുടുംബാരോഗ്യ സര്‍വേ. പൊതു ആരോഗ്യ മേഖലയിലെ ചികിത്സയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും സര്‍വേ വിലയിരുത്തുന്നു. പൊതു ആരോഗ്യ സംവിധാനങ്ങള്‍ നേരിടുന്ന മോശം സ്ഥിതി ഈ സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ അകറ്റിനിര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ 49.9 ശതമാനം പേരും ചികിത്സയ്ക്കായി സര്‍ക്കാരിനു കീഴിലുള്ള ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എത്തുന്നില്ല. 2015–16 കാലയളവില്‍ നടന്ന എന്‍എഫ്എച്ച്എസിലെ കണക്കുകള്‍ പ്രകാരം 55.1 ശതമാനമായിരുന്നു ഇത്.

പൊതു ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്നത് ബിഹാറിലാണ്. 80 ശതമാനത്തിലധികം കുടുംബങ്ങളും ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശില്‍ 75 ശതമാനം കുടുംബങ്ങളും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളെ ഒഴിവാക്കുകയാണ്. പൊതു ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കാത്ത കുടുംബങ്ങളുടെ നിരക്കില്‍, ബിഹാറുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായി. ഉത്തരാഖണ്ഡില്‍ 50.5 ശതമാനത്തില്‍ നിന്ന് പുതിയ റിപ്പോര്‍ട്ട് പ്രകാരം 55.7 ശതമാനം വര്‍ധനവുണ്ടായി. ബിഹാറില്‍ 77.6 ശതമാനത്തില്‍ നിന്ന് ഈ നിരക്ക് 80.2 ആയും വര്‍ധിച്ചു.

ലഡാക്ക്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് രാജ്യത്ത് ഇത് ഏറ്റവും കുറഞ്ഞിരിക്കുന്നത്. അഞ്ച് ശതമാനത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഈ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേരും ഗുണനിലവാരമില്ലാത്ത ചികിത്സയാണ് തങ്ങളുടെ അതൃപ്തിക്ക് കാരണമായി പറയുന്നത്. കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ടിവരുന്നുവെന്ന കാരണം പറഞ്ഞിരിക്കുന്നത് 46 ശതമാനം പേരാണ്. പൊതു ആരോഗ്യ സംവിധാനങ്ങള്‍ സമീപത്തില്ല എന്നതിനാല്‍ ചികിത്സ തേടാന്‍ സാധിക്കുന്നില്ലെന്ന് 40 ശതമാനം കുടുംബങ്ങള്‍ അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടാകാറില്ലെന്നത് 15 ശതമാനം കുടുംബങ്ങള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ 23.9 ശതമാനം

കേരളത്തില്‍ 23.9 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളെ പൂര്‍ണമായി കയ്യൊഴിഞ്ഞ് സ്വകാര്യമേഖലയെ ആശ്രയിക്കുന്നത്. ഇവരില്‍ 19 ശതമാനം പേര്‍ മാത്രമാണ് ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടത്. വളരെനേരം കാത്തുനില്‍ക്കേണ്ടിവരുന്നുവെന്നത് കൂടുതല്‍ പേരും (47 ശതമാനം) പ്രശ്നമായി ചൂണ്ടിക്കാട്ടി. ചികിത്സ ലഭിക്കുന്ന സമയം സൗകര്യപ്രദമല്ലെന്ന് 34.2 ശതമാനം പേരും പറഞ്ഞു. 6.7 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ജീവനക്കാര്‍ ഉണ്ടാകാറില്ലെന്നത് കാരണമായി ചൂണ്ടിക്കാട്ടിയത്.  തമിഴ്‌നാട്ടില്‍ 34.9 ശതമാനവും കര്‍ണാടകയില്‍ 44.8 ശതമാനവും ആന്ധ്രാപ്രദേശില്‍ 57.9 ശതമാനവും തെലങ്കാനയില്‍ 63.8 ശതമാനവും കുടുംബങ്ങള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നുണ്ട്. ഹരിയാന‑61 ശതമാനം, പഞ്ചാബ്-67.5 ശതമാനം, ഝാര്‍ഖണ്ഡ്-61.9 ശതമാനം, മഹാരാഷ്ട്ര‑63.9 ശതമാനം എന്നിങ്ങനെയാണ് ഈ നിരക്ക്.

Eng­lish Summary:Public health is declining
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.