March 21, 2023 Tuesday

മികവു തെളിയിക്കുന്ന കേരളത്തിലെ പൊതു ആരോഗ്യസംവിധാനം

കെ ദിലീപ്
നമുക്ക് ചുറ്റും
March 17, 2020 3:10 am

യുദ്ധമുഖത്താണ് സൈന്യത്തിന്റെ കഴിവ് മാറ്റുരയ്ക്കപ്പെടുന്നത്. അല്ലാതെയുള്ള അവകാശവാദങ്ങള്‍ക്ക് വീമ്പുപറച്ചിലിന്റെ വിലമാത്രമേയുള്ളു. കേരളം ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടു ആപല്‍ക്കരങ്ങളായ പകര്‍ച്ചവ്യാധികളെയാണ് നേരിട്ടത്. 2018 മെയ് മാസത്തില്‍, കോഴിക്കോട് ജില്ലയിലെ ചെങ്ങറോത്ത് എന്ന ഗ്രാത്തില്‍ നിന്നും പഴംതീനി വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന നിപ്പ എന്ന പകര്‍ച്ചവ്യാധി. രോഗം വളരെ പെട്ടെന്നുതന്നെ കണ്ടെത്തുവാനും ഫലപ്രദമായി പ്രതിരോധിക്കുവാനും സംസ്ഥാന ആരോഗ്യ വകുപ്പിന് കഴിഞ്ഞു. വളരെ ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനമാണ് നിപ്പ കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കുവാനും രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്കുന്നതിലും കേരളത്തിലെ പൊതു ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തിയത്.

2019 ല്‍ നിപ്പ വൈറസ് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴും വളരെ പെട്ടെന്നുതന്നെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. 2020 ജനുവരി 30ന് മറ്റൊരു വിനാശകാരിയായ പകര്‍ച്ചവ്യാധി കൊറോണ അതിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് മലയാളികളായ മൂന്ന് മെഡിക്കല്‍ വദ്യാര്‍ത്ഥികളിലൂടെ കേരളത്തിലെത്തി. കൃത്യമായ പരിചരണത്തിലൂടെ മൂന്നുപേരും രോഗവിമുക്തരായി. എന്നാല്‍ ലോകത്തിലെ നൂറ് രാജ്യങ്ങളിലേക്ക് ഈ സമയത്തിനുള്ളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. അങ്ങനെ വീണ്ടും ഇറ്റലിയില്‍ നിന്നും തിരിച്ചുവന്ന ഒരു കുടുംബത്തിലൂടെയും വിദേശ സഞ്ചാരികളിലൂടെയും മറ്റും കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധയുണ്ടായി. ഇപ്പോള്‍ നാലായിരത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്; രോഗികളായവര്‍ ചികിത്സയിലും. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം നിപ്പ വൈറസിനെതിരെയുള്ള പോരാട്ടത്തിലെ വിജയത്തിനുശേഷം ഇപ്പോള്‍ കൊറോണക്കെതിരെ പൊരുതുകയാണ്, തികഞ്ഞ ആത്മവിശ്വാസത്തോടെയും വിജയിക്കുമെന്ന ഉറപ്പോടെയും. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്രരംഗത്ത് വലിയ പുരോഗതി നേരിടുന്ന വികസിത രാജ്യങ്ങള്‍, അമേരിക്കന്‍ ഐക്യനാടുകളും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം ഈ വൈറസ് ആക്രമണത്തില്‍ പകച്ചുനില്ക്കുന്ന കാഴ്ചയും നമ്മള്‍ കാണുന്നു.

എന്താണ് ഈ കൊച്ചു കേരളവും ഈ വലിയ രാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു അന്തരം പകര്‍ച്ചവ്യാധി നിയന്ത്രണകാര്യത്തില്‍ ഉണ്ടാവാന്‍ കാരണം? അവിടങ്ങളിലെ ആശുപത്രികളെക്കുറിച്ചും അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുമൊക്കെ വലിയ പ്രശംസമാത്രം കേട്ടിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ആ രാജ്യങ്ങളില്‍ കൊറോണ വൈറസ് കാരണം വളരെയധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചത്? രാജ്യങ്ങള്‍ തന്നെ നിശ്ചലമായി പോയത്? നമ്മുടെ കൊച്ചു കേരളം ഗോലിയാത്തിനെ തോല്പിച്ച ദാവൂദിനെപോലെ അല്ലെങ്കില്‍ മുയലിനെ തോല്പിച്ച ആമയെപ്പോലെ പകര്‍ച്ചവ്യാധിയെ തോല്പിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1957 ല്‍ നിലവില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. 1957 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്ത മൂന്ന് മന്ത്രിമാര്‍ ഇടതുപക്ഷ സ്വതന്ത്രരായി മത്സരിച്ചു ജയിച്ചവരായിരുന്നു. ആഭ്യന്തര മന്ത്രി വി ആര്‍ കൃഷ്ണയ്യര്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ആരോഗ്യ വകുപ്പു മന്ത്രി ഡോ. എ ആര്‍ മേനോന്‍. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും മെഡിക്കല്‍ ബിരുദവും ലണ്ടനില്‍ നിന്നും എഫ്ആര്‍സിഎസും നേടിയ എ ആര്‍ മേനോന്‍ കൊച്ചി രാജ്യത്ത് 1925 മുതല്‍ 1945 വരെ അസംബ്ലി മെമ്പറും അഞ്ചു വര്‍ഷം ഗ്രാമവികസന മന്ത്രിയുമായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലത്താണ് കേരള സംസ്ഥാനം (1956–1961) രൂപീകൃതമാവുന്നത്. അന്ന് 195 ലക്ഷം രൂപയാണ് ആരോഗ്യരംഗത്ത് പദ്ധതി വിഹിതമായി മാറ്റിവച്ചത്.

അക്കാലത്ത് അത് വലിയൊരു തുകതന്നെയായിരുന്നു. അതുകൊണ്ടാണ് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വര്‍ഷം തന്നെ 1957 മെയ് 29ന് കോഴിക്കോട് മെഡിക്കല്‍ കോളജിന് തറക്കല്ലിടാന്‍ കഴിഞ്ഞത്. അതേവര്‍ഷം ഓഗസ്റ്റ് അഞ്ചിന് കേരളത്തിലെ രണ്ടാമത്തേതായി കോഴിക്കോട് മെഡിക്കല്‍ കോളജ് (തിരുവനന്തപുരം മെഡിക്കല്‍ കോളജ് 1951 ല്‍ ഉദ്ഘാടനം ചെയ്തു) സ്ഥാപിച്ചുകൊണ്ട് പൊതു ആരോഗ്യ രംഗത്ത് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തുടങ്ങിവച്ച വലിയ കാല്‍വയ്പാണ് ഇന്ന് വികസിത രാജ്യങ്ങള്‍ നടുങ്ങിനില്‍ക്കുമ്പോഴും വന്‍ പകര്‍ച്ചവ്യാധികളെ ധീരമായി നേരിടാന്‍ കേരളത്തെ പര്യാപ്തമാക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് അടിത്തറ പാകിയത്. കേരളത്തില്‍ മൂന്നു തട്ടുകളായുള്ള പൊതു ആരോഗ്യ സംവിധാനമാണ് നിലവിലുള്ളത്. ഏറ്റവും താഴെത്തട്ടില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ പരിപാലനം, പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നത് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ്. വിവിധ പ്രതിരോധ കുത്തിവെപ്പുകള്‍‍, സ്ത്രീകള്‍ക്കും കു‍ഞ്ഞുങ്ങള്‍ക്കും ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതും ഈ കേന്ദ്രങ്ങള്‍ വഴിയാണ്.

രണ്ടാം തട്ടില്‍ കിടത്തിചികിത്സ നല്കാന്‍ കഴിയുന്ന കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററുകളാണ് (സിഎച്ച്‌സി). ഈ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയടങ്ങുന്നതാണ് രണ്ടാമത്തെ തട്ടിലെ ആശുപത്രികള്‍ സിഎച്ച്സികള്‍ മുതല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. മുകള്‍തട്ടില്‍ ജനറല്‍ ആശുപത്രികള്‍, ടി ബി, ലെപ്രസി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രത്യേക ആശുപത്രികള്‍ മാനസിക രോഗചികിത്സയ്ക്കായുള്ള ആശുപത്രികള്‍,‍ നേത്രാശുപത്രികള്‍ തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഇവയ്ക്കെല്ലാം റഫറല്‍ ആശുപത്രികളായി മെഡിക്കല്‍ കോളജ് ആശുപത്രികള്‍. ഇതിനുപുറമെ ആയുര്‍വേദം, ഹോമിയോപ്പതി വൈദ്യ ശാഖകളിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ഇവയെല്ലാം ചേര്‍ന്ന് ആകെ 2,915 സ്ഥാപനങ്ങള്‍, 42,390 കിടക്കകള്‍, 7,127 ഡോക്ടര്‍മാര്‍ എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ കണക്ക്. രണ്ടാം പഞ്ചവത്സരപദ്ധതിയിലെ 195 ലക്ഷത്തില്‍ തുടങ്ങി 11-ാം പഞ്ചവത്സരപദ്ധതിയില്‍ ആയിരം കോടിയിലെത്തി നില്ക്കുന്ന കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തുള്ള മുതല്‍മുടക്ക് ഇന്ന് കേരള സംസ്ഥാനത്തിന് ആരോഗ്യ രംഗത്തെ അടിയന്തരഘട്ടങ്ങളെ നേരിടാന്‍ കെല്‍പ്പു നല്‍കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ പൊതു ആരോഗ്യ സ്ഥാപനങ്ങളും അതിലെ അനുഭവസമ്പന്നരായ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുമാണ്. സന്നിഗ്ധ ഘട്ടങ്ങളിലാണ് ഒരു സംവിധാനത്തിന്റെ മികവ് തെളിയിക്കേണ്ടത്.

അത് സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം തെളിയിക്കുകതന്നെ ചെയ്തു. നമുക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ പബ്ലിക് ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് വളരെ ചുരുക്കത്തില്‍ ഒന്നു നോക്കാം. പ്രധാന നഗരങ്ങളില്‍ 1996–2002 കാലഘട്ടത്തില്‍ 27 ശതമാനം പൊതു ആശുപത്രികളും പൂട്ടിപ്പോയി (134 ല്‍ നിന്ന് 98) അതായത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ള ആളുകള്‍ക്ക് അതിനാനുപാതികമായി സ്വകാര്യ ആശുപത്രികള്‍ നല്കുന്ന ചികിത്സയെ ആശ്രയിക്കുകയേ തരമുള്ളു. 2010 ല്‍ 48 മില്യണ്‍ ആളുകള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളിള്‍‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഇതില്‍ 15 മില്യണ്‍ ജനങ്ങള്‍ക്ക് അഫോര്‍ഡബിൾ കെയര്‍ ആക്ട് (എസിഎ) അനുസരിച്ച് മെഡികാര്‍ഡ് ലഭിച്ചു. അതേസമയം തന്നെ ഈ മെഡികാര്‍ഡുകാര്‍ക്ക് പൊതു ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സാഹചര്യമില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യങ്ങളില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബാധ്യത ഏറ്റെടുക്കും എന്ന് ആരും ധരിക്കേണ്ടതുമില്ല. ഫെഡറല്‍ സര്‍ക്കാരിന് നേരിട്ട് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ യുഎസില്‍ പരിമിതികളുണ്ട്. ഈ കൊച്ചു കേരളത്തില്‍ ആ പരിമിതികളില്ല.

ഇതാണ് വികസിത രാജ്യമായ അമേരിക്കയും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഭരിക്കുന്ന ഒരു കൊച്ചു സംസ്ഥാനമായ കേരളവും തമ്മില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് നിലനില്ക്കുന്ന അന്തരം. അവിടെ തീര്‍ച്ചയായും വലിയ ആശുപത്രികളും വിദഗ്ധ ഡോക്ടര്‍മാരുമൊക്കെയുണ്ട്. എല്ലാം സ്വകാര്യ മേഖലയില്‍ ആണെന്നുമാത്രം, എണ്ണിക്കൊടുക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ലഭിക്കുന്ന ചികിത്സ. ജില്ലാ ആശുപത്രികള്‍ വരെ സ്വകാര്യവല്ക്കരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിവിചിത്രമായ പേരുകളുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന എന്നൊക്കെയുള്ള പേരുകളില്‍ അവതരിപ്പിച്ച് കുറെയേറെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലാഭമുണ്ടാക്കി എന്നതല്ലാതെ പാവപ്പെട്ട രോഗികള്‍ക്കെന്തെങ്കിലും ഗുണമുണ്ടായതായി കണ്ടിട്ടില്ല.

കേന്ദ്രസര്‍ക്കാരിന് കേരളത്തില്‍ ഇന്ന് പൊതു ആരോഗ്യരംഗത്ത് നടക്കുന്ന പകര്‍ച്ച‍വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, എന്തുകൊണ്ട് സര്‍ക്കാര്‍ പൊതു ആരോഗ്യരംഗത്ത് സ്വന്തം സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം എന്നതിന് ഒരു പാഠമാവേണ്ടതാണ്. കേരളത്തിലിരുന്ന് സ്വന്തം അച്ഛന്‍ തെങ്ങേന്നുവീണ് ചത്തെങ്കിലും കട്ടിലൊഴിഞ്ഞുകിട്ടാന്‍ വഴിപാട് നേര്‍ന്നിരിക്കുന്ന സുഹൃത്തുക്കളെങ്കിലും ഈ പകര്‍ച്ചവ്യാധികള്‍ സ്വന്തം വീടുകളിലെത്താതെ പിടിച്ചുനിര്‍ത്തുന്നത് കേരളത്തിലെ പൊതു ആരോഗ്യ സ്ഥാപനങ്ങളും ദീര്‍ഘവീക്ഷണത്തോടെ പൊതു ആരോഗ്യ രംഗം ശക്തമാക്കി, അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്കുന്ന ഇടതുപക്ഷ സര്‍ക്കാരുമാണെന്ന വസ്തുത ലോക സാഹചര്യങ്ങളില്‍ നിന്നെങ്കിലും മനസിലാക്കുന്നത് അവര്‍ക്ക് തന്നെ ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.