Web Desk

ന്യൂഡൽഹി

June 04, 2020, 10:13 pm

പിഎം കെയർ പദ്ധതിക്കെതിരേ പൊതുതാൽപര്യ ഹർജി

Janayugom Online

പിഎം കെയർ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും പണവിനിയോഗവും കാരണങ്ങളും വ്യക്തമായി വെബ്സൈറ്റിൽ ചേർക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി. ഡോ. എസ് എസ് ഹൂഡയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎംകെയർ പദ്ധതിയുടെ വിവരങ്ങൾ ആരാഞ്ഞു പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച വിവരാവകാശ രേഖയ്ക്ക് മറുപടി നൽകാനാവില്ലെന്ന് അറിയിപ്പുകിട്ടിയതിനു പിന്നാലെയാണ് ഹൂഡ ഹൈക്കോടതിയെ സമീപിച്ചത്. പിഎം കെയർ ഫണ്ട് വിവരാവകാശ നിയമം, 2005ന്റെ സെക്ഷൻ 2(എച്ച്) അനുസരിച്ച് പൊതുഅധികാര പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതോ സർക്കാർ സംവിധാനത്താൽ നിയന്ത്രിക്കപ്പെടുന്നതോ ധനസഹായം സ്വീകരിക്കുന്നതോ ആയ എന്തും പൊതുഅധികാരത്തിന്റെ പരിധിയിൽ വരുമെന്നും വിവരാവകാശനിയമത്തിൻ കീഴിൽ വിവരം നൽകാൻ ബാധ്യസ്ഥരാണെന്നും ഹർജിയിൽ പറയുന്നു. പ്രധാനമന്ത്രിയാണ് പിഎം കെയർ പദ്ധതിയുടെ എക്സ് ഒഫീഷ്യോ ചെയർമാനെന്നും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യമന്ത്രി എന്നിവർ ട്രസ്റ്റികളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള സംഭവാനകൾ സ്വീകരിച്ചാണ് പിഎംകെയർ പദ്ധതിയിലേക്കുള്ള പണം സ്വരൂപിച്ചത്. അത് ഏകദേശം 10,000 കോടിയോളം വരും. കേന്ദ്ര മന്ത്രിമാരും പ്രതിരോധസേനയിലെ അംഗങ്ങളും മറ്റ് സർക്കാർ ജോലിക്കാരും ഇതിലേക്ക് പണം ദാനം നൽകാൻ നിർബന്ധിതരായിരുന്നു. പിഎം കെയർ പൊതുഅധികാരപരിധിയിൽ വരുന്നതല്ലെങ്കിൽ തന്നെയും സർക്കാർ ഏജൻസികളും സർക്കാർ ഉദ്യോഗസ്ഥരും നിർബന്ധമായും ഈ ഫണ്ടിലേക്ക് പണം ദാനം ചെയ്യേണ്ടിവരുന്നത് പുനപ്പരിശോധിക്കണമെന്നും ഹർജി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് എത്ര പണമാണ് പിഎം കെയറിലേക്ക് വന്നതെന്നും കോവിഡിനു വേണ്ടി എത്ര ചെലവഴിച്ചെന്നും അറിയാനുള്ള അവകാശമുണ്ടെന്നും ഹർജി വാദിക്കുന്നു. കേസ് ജൂൺ 10ന് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:Public inter­est lit­i­ga­tion for pm care project
You may also like this video