Janayugom Online
reserve bank

കിട്ടാക്കട പട്ടികയുമായി നാല് പൊതുമേഖലാ ബാങ്കുകള്‍

Web Desk
Posted on November 11, 2018, 11:02 pm

ന്യൂഡല്‍ഹി: നാല് പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട വായ്പാ കുടിശികക്കാരുടെ പേരുകള്‍ പുറത്തുവിട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ആര്‍ബിഐക്കും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി.പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവരാണ് കുടിശികക്കാരുടെ പേരുകള്‍ പുറത്തുവിട്ടത്.
42,000 കോടി കുടിശിക വരുത്തിയ 1,815 പേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം 23,470 കോടി രൂപ കുടിശിക വരുത്തിയ 11, 244 പേരുടെ പട്ടികയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തുവിട്ടത്. 7,500 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ നിരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍, 600 കോടി കുടിശിക വരുത്തിയ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നിവരും പിഎന്‍ബി പുറത്തുവിട്ട പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുണ്ട്. 16,48 കോടി വായ്പാ കുടിശിക വരുത്തിയ ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ്, ഫോര്‍എവര്‍ പ്രെഷ്യസ് ജൂവലറി, 13,02 കോടി കുടിശിക വരുത്തിയ കുഡോസ് കെമീ ലിമിറ്റഡ് എന്നിവരും പിഎന്‍ബിയുടെ പട്ടികയിലുണ്ട്.
11,050 കോടി രൂപ കുടിശിക വരുത്തിയ 162 പേരുടെ പട്ടികയാണ് ഐഡിബിഐ പുറത്തുവിട്ടത്. 6,261 കോടി രൂപ കുടിശിക വരുത്തിയ 306 പേരുടെ പട്ടിക ബാങ്ക് ഓഫ് ബറോഡയും 1,159 കോടി രൂപ കുടിശിക വരുത്തിയ 220 പേരുടെ പട്ടിക സിന്‍ഡിക്കേറ്റ് ബാങ്കും പുറത്തുവിട്ടു. കിംഗ് ഫിഷര്‍ എയര്‍ലൈസ് ഉടമ വിജയ് മല്യ 426 കോടി രൂപ ബാങ്ക് ബറോഡയിലും 697 കോടി രൂപ ഐഡിബിഐക്കും വായ്പാ കുടിശിക വരുത്തിയിട്ടുണ്ട്. ആംടെക് ഓട്ടോ 1,575 കോടി രൂപയും ഇപിസി കണ്‍സ്ട്രക്ഷന്‍സ് ഇന്ത്യ 915 കോടി രൂപയും എസ് കുമാര്‍സ് നേഷന്‍വൈഡ് 834 കോടി രൂപയും ഐഡിബിഐയില്‍ കുടിശിക വരുത്തി. സന്ദേസര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലിംഗ് ബയോടെക് 33 കോടി രൂപയും ഐഡിബിഐയില്‍ വായ്പാ കുടിശിക വരുത്തി.
റോട്ടോമാക് ഗ്ലോബല്‍ ബാങ്ക് ഓഫ് ബറോഡയില്‍ 457 കോടി രൂപ വായ്പാ കുടിശിക വരുത്തിയതായും പട്ടികയിലുണ്ട്. എബിസി കോട്‌സ്പിന്‍, ആര്‍ഇഐ ആഗ്രോ എന്നിവ യഥാക്രമം 362, 318 കോടി രൂപയും കുടിശിക വരുത്തി. ഫോര്‍എവര്‍ പ്രെഷ്യസ് ജൂവലറി സിന്‍ഡിക്കേറ്റ് ബാങ്കില്‍ 308 കോടി രൂപയാണ് കുടിശിക വരുത്തിയത്. സൈലോഗ് സിസ്റ്റംസ് 149.5 കോടി, നകോഡ 116.5 കോടി, സൂം ഡെവലെപ്പേഴ്‌സ് 80 കോടി രൂപയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ വായ്പാ കുടിശിക വരുത്തി.
പ്രമുഖ പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, കനാറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് കൊമേഴ്‌സ് എന്നിവര്‍ വന്‍കിട കുടിശികക്കാരുടെ പട്ടിക ഇനിയും പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 9,501പേരാണ് കോടികള്‍ വായ്പയെടുത്ത് കുടിശികയിട്ടത്. 1.3 ലക്ഷം കോടി രൂപയാണ് മൊത്തം കുടിശികയെന്നും ജൂലായ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. 2016 മാര്‍ച്ചിനും 2018 ജൂണ്‍ മാസത്തിനുമിടയില്‍ കുടിശികക്കാരുടെ എണ്ണം 14 ശതമാനവും കുടിശിക തുക 70 ശതമാനവും വര്‍ധിച്ചതായും ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.