കേന്ദ്രസർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) ഓഹരികളും വിൽക്കുന്നു. അഞ്ച് ശതമാനം ഓഹരികൾ വില്പനയ്ക്കുവച്ച് ഖജനാവിൽ 1,000 കോടി രൂപ മുതൽകൂട്ടുകയാണ് ലക്ഷ്യമെന്ന് ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് അധികൃതർ സൂചിപ്പിച്ചു. സെയിലിന്റെ ഓഹരി വില്പനയ്ക്കായി ഹോങ്കോങ്ങിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് രോഗഭീഷണിയെ തുടർന്ന്മാ റ്റിവയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സെയിലിൽ കേന്ദ്രസർക്കാരിന് 75 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതിൽ നിന്ന് അഞ്ച് ശതമാനം വിൽക്കാനാണ് ഇപ്പോൾ ശ്രമം. ഓഹരികൾക്ക് പരമാവധി വില ലഭിക്കുവാനാണ് വില്പന റോഡ് ഷോകളിലൂടെ നടത്തുന്നത്. 2014 ലും സെയിലിന്റെ ഓഹരികളിൽ നിന്ന് അഞ്ച് ശതമാനം സർക്കാർ വിറ്റിരുന്നു.
വിപണിയിൽ സെയിൽ ഓഹരിയുടെ മൂല്യം കഴിഞ്ഞദിവസം 48. 65 രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വർഷം തന്നെ ഓഹരി വൽക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവല്പനയിലൂടെ 65, 000 കോടി രൂപ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. 2020- 21 വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലച്ച് 1.20 ലക്ഷം കോടി സ്വരുക്കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. അത്തരം നീക്കങ്ങളുടെ ഭാഗമാണ് സെയിൽ ഓഹരികച്ചവടവും. ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് അന്റ് ഇൻജിനേഴ്സ് ലിമിറ്റഡിന്റെ പത്തുശതമാനം ഓഹരി വിറ്റ് 200 കോടി രൂപ സ്വരുക്കൂട്ടാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഈ പൊതുമേഖലാ സ്ഥാപനത്തിൽ നിലവിൽ 74.50 ശതമാനമാണ് സർക്കാരിന്റെ ഓഹരി പങ്കാളിത്തം.
പ്ലാന്റുകൾ വാങ്ങാനാളില്ല
സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ വിറ്റഴിക്കാൻ തീരുമാനിച്ച മൂന്ന് പ്ലാന്റുകളും ഏറ്റെടുക്കാൻ ആളില്ല. പശ്ചിമ ബംഗാളിലെ അലോയ് സ്റ്റീൽ പ്ലാന്റ്, തമിഴ്നാട്ടിലെ സേലം സ്റ്റീൽ പ്ലാന്റ് , കർണാടകയിലെ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാന്റ് എന്നിവയാണ് ഏറ്റെടുക്കാൻ ആളില്ലാതെ വിൽപ്പന ഉപേക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് പ്ലാന്റുകളുടെ വിൽപ്പനയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ മൂന്നുതവണ സമയപരിധി നീട്ടിനൽകിയിട്ടും ആരും ഏറ്റെടുക്കാനെത്തിയില്ല. ഇതിനെത്തുടർന്നാണ് വിൽപ്പന നീക്കം ഉപേക്ഷിക്കുന്നത്. എന്നാൽ പ്ലാന്റുകൾ അടച്ചൂപൂട്ടില്ലെന്നും കൈമാറാനുള്ള ശ്രമം തുടരുമെന്നും അതോറിട്ടി ചെയർമാൻ അനിൽകുമാർ ചൗധരി പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.