ബേബി ആലുവ

കൊച്ചി

November 27, 2020, 10:06 am

പൊതുമേഖലാ സ്വകാര്യവത്കരണം പാളി; 34 സ്ഥാപനങ്ങളിൽ 28 ലും നടപടിയായില്ല

Janayugom Online

ബേബി ആലുവ

പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവത്കരണം കേന്ദ്രത്തിന്റെ കണക്കുകൂട്ടലിനൊപ്പിച്ച് മുന്നോട്ടു നീങ്ങുന്നില്ല. തന്ത്രപരമായ ഓഹരി വില്പനയ്ക്ക് അനുമതി നൽകിയ 34 സ്ഥാപനങ്ങളിൽ 28 എണ്ണത്തിന്റെ കാര്യത്തിലും നടപടിയായില്ലെന്ന് സർക്കാർതന്നെ സമ്മതിക്കുന്നു. 2016–19 കാലയളവിൽ തന്ത്രപരമായ ഓഹരി വില്പനയ്ക്കായി കേന്ദ്രം അനുമതി നൽകിയതാണ് ഈ 34 എണ്ണവും. ഇതിൽ 28 എണ്ണത്തിന്റെ കാര്യത്തിലാണ് സ്തംഭനാവസ്ഥ. എയർ ഇന്ത്യ, ഭാരത് എർത്ത് മൂവേഴ്സ്, സ്കൂട്ടേഴ്സ് ഇന്ത്യ, സിമന്റ്സ് കോർപ്പറേഷൻ, എച്ച്എൽഎൻ ലൈഫ് കെയർ, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ്, ഷിപ്പിംഗ് കോർപ്പറേഷൻ തുടങ്ങിയവയാണ് ഓഹരി വില്പന എങ്ങുമെത്താത്ത 28 ന്റെ പട്ടികയിൽപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ വില്പന നടപടികൾ ത്വരിതപ്പെടുത്താമെന്ന് കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകൾ പാളി. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വില്പനയിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ നേടാനായത് വെറും 6138.48 കോടി രൂപ മാത്രമാണ്. 

ഓഹരി വില്പന ലക്ഷ്യമിട്ടവയിൽ ഭൂരിഭാഗത്തിന്റെയും കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇനി ധനക്കമ്മി നികത്താനുള്ള ഏക മാർഗം ബിപിസിഎല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരി വിറ്റുകിട്ടുന്ന വരുമാനമാണ്. ഇതിലൂടെ 48,000 കോടി രൂപയോളം ഖജനാവിലേക്കെത്തുമെന്നാണ് കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആഗോള എണ്ണ ഭീമന്മാരായ കമ്പനികളെ പ്രതീക്ഷിച്ച് താല്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി പലവട്ടം നീട്ടി നൽകിയെങ്കിലും സൗദി അരാംകോ, ഫ്രാൻസിലെ ടോട്ടൽ, ബ്രിട്ടീഷ് കമ്പനിയായ ബി പി, റഷ്യയിലെ റോസ് നെഫ്റ്റ്, യുഎസിലെ എക്സൽ മൊബൈൽ എന്നിവയൊന്നും ഓഹരി വാങ്ങാനെത്തിയില്ല. ഇന്ത്യയിലെ വേദാന്ത ഗ്രൂപ്പ്, ന്യൂയോർക്ക് ആസ്ഥാനമായുള്ള അപ്പോളോ ഗ്ലോബൽ മാനേജുമെന്റ് എന്നിവ മാത്രമാണ് താല്പര്യപത്രം സമർപ്പിച്ചത്. വില്പന മുന്നിൽക്കണ്ട് ബിപിസിഎല്ലിൽ ജീവനക്കാർക്ക് വിആർഎസ് ഏർപ്പെടുത്തുകയും വികസന പദ്ധതികൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, സ്വകാര്യ മേഖലയിൽ സംവരണമില്ലാത്തതിനാൽ, സർക്കാർ സംരംഭങ്ങൾ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനയം സംവരണ വിഭാഗങ്ങൾക്ക് ആഘാതമാകും എന്നതിനെച്ചൊല്ലി ബിജെപിയിലും എൻഡിഎ ഘടകകക്ഷികളിലും രൂക്ഷമായ ഭിന്നതയുളവായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കു പ്രകാരം കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളിലുള്ളത് 10. 31 ലക്ഷം ജീവനക്കാരാണ്. ഇതിൽ 1.81 ലക്ഷം പട്ടികജാതി, 1.02 ലക്ഷം പട്ടികവർഗ്ഗം, 1.97 ലക്ഷം ഇതര പിന്നാക്ക വിഭാഗം എന്നാണ് കണക്ക്. ഈ വിഭാഗങ്ങളുടെ ഭാവിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന്റെ ഫലമായി അനിശ്ചിതത്വത്തിലാവുക.

ENGLISH SUMMARY:Public sec­tor pri­va­ti­za­tion layer
You may also like this video