ദേശീയ പത്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മലയാളപത്രത്തിൽ ഫെബ്രുവരി 14 വെള്ളിയാഴ്ച ഒരു വാർത്ത വന്നു. ‘പൊതുമേഖല വരുത്തിവെച്ച നഷ്ടം 31,635 കോടി രൂപ’ എന്നായിരുന്നു തലക്കെട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിനുണ്ടാക്കിയത് 31,635.30 കോടി രൂപയുടെ നഷ്ടം എന്ന് റിപ്പോർട്ടിൽ പറയുന്നു. ബിഎസ്എൻഎൽ 14,904 കോടി രൂപയും എംടിഎൻഎൽ 3,390 കോടി രൂപയും എയർ ഇന്ത്യ 8,474 കോടി രൂപയും ബാക്കി 64 കമ്പനികൾ ചേർന്ന് 11,646 കോടി രൂപയും നഷ്ടമുണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. 2019 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലാണിത്. ആവശ്യത്തിലധികം ജീവനക്കാരും ഉയർന്ന പ്രവർത്തനച്ചെലവുമൊക്കെയാണത്രെ ഈ നഷ്ടത്തിന് പ്രധാന കാരണമായി വ്യവസായ വകുപ്പ് പറയുന്നത്. പഴകിയ യന്ത്രങ്ങളും പ്ലാന്റുകളും വായ്പയെടുത്ത വകയിൽ നൽകേണ്ടിവരുന്ന ഉയർന്ന പലിശയും വിഭവ സമാഹരണത്തിന് കഴിയാതെ വരുന്നതുമൊക്കെ നഷ്ടത്തിന്റെ ആക്കം കൂട്ടുന്നുവത്രേ. ആകെ 348 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 249 എണ്ണം പ്രവർത്തിക്കുന്നു. 86 എണ്ണം നിർമ്മാണ ഘട്ടത്തിലാണ്. 13 എണ്ണം പ്രവർത്തനം നിർത്തിയിരിക്കുകയാ ണ് എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് വളരെ ലാഘവത്തോടെ ഒന്ന് സ്പർശിക്കുക മാത്രമാണ് റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുന്നുണ്ട് എന്നതിന് വലിയ പ്രാധാന്യം കൊടുക്കാൻ പാടില്ല എന്ന അതിയായ നിർബന്ധം ലേഖകനോ പത്രത്തിനോ രണ്ടു കൂട്ടർക്കുമോ ഉണ്ട് എന്നത് വ്യക്തമാണ്. എന്താണ് സത്യം? പ്രവർത്തനക്ഷമമായ 249 കമ്പനികളിൽ 182 എണ്ണവും ലാഭമുണ്ടാക്കുന്നു. ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻടിപിസി തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ, നവരത്ന‑മഹാരത്ന കമ്പനികൾ, ഇവയിൽപ്പെടും. ഈ 182 സ്ഥാപനങ്ങൾ ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉണ്ടാക്കിയ അറ്റാദായം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണ്. നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞിട്ടുമുണ്ട്. ലാഭവും നഷ്ടവും തട്ടിക്കിഴിച്ചാൽ പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തത്തിൽ 1,42,951 കോടി രൂപ അറ്റാദായമു ണ്ടാക്കി എന്നതാണ് വസ്തുത. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ 182 കമ്പനികൾ 1,74,586 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ 67 കമ്പനികൾ 31,635 കോടി രൂപ നഷ്ടമുണ്ടാക്കി. തട്ടിക്കിഴിക്കുമ്പോൾ 1.43 ലക്ഷം കോടി രൂപ ലാഭം. റയിൽവേ, ബാങ്കുകൾ, എൽഐസി ഇവയൊന്നും ഈ കണക്കിൽപെടുന്നില്ല. ഇതു കൂടാതെ വിവിധ നികുതിയിനങ്ങളിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കൂടി 3.68 ലക്ഷം കോടി രൂപ ഖജനാവിലേക്ക് അടച്ചിട്ടുമുണ്ട്.
ഫെബ്രുവരി 11ന് പാർലമെന്റിൽ സർക്കാർ സമർപ്പിച്ച കണക്കാണിത്. ഇതു മറച്ചുവെച്ച് എന്തിനാണ് ദേശീയ മലയാള പത്രം പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിന് പ്രാധാന്യം കൊടുത്ത് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് എന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ടതുണ്ട്. ലാഭമുണ്ടാക്കിയ ഈ സ്ഥാപനങ്ങളുടെ വിജയരഹസ്യമെന്തായിരുന്നു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ ചർച്ച ചെയ്യാത്തതെന്ത് എന്ന ചോദ്യവും ഉയരും. പൊതുമേഖല എന്നാൽ അതൊരു വെള്ളാനയാണ് എന്ന പൊതുബോധത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള നരേറ്റീവുകളാണ് ഇത്തരം ‘ജനപ്രിയ’ പ്രസിദ്ധീകരണങ്ങൾക്കുള്ളത് എന്നതാണ് പ്രശ്നം. പൊതുമേഖല ലാഭമുണ്ടാക്കി എന്ന റിപ്പോർട്ട് കൊടുക്കാൻ അവർക്ക് വലിയ മടിയാണ്. ഒരു പക്ഷേ അത് ഫാഷൻ അല്ലാത്തതുകൊണ്ടാവാം. പൊതുമേഖലാ സ്ഥാപനങ്ങളെ സമ്പൂർണമായും വിറ്റ് നിത്യനിദാന ചെലവുകൾ നടത്തുക എന്ന അജണ്ടയാണ് കേന്ദ്രസർക്കാരിനുള്ളത്. ഈ വർഷത്തെ ബഡ്ജറ്റിലും ഇത് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന 2020–21 സാമ്പത്തികവർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയിലൂടെ രണ്ടുലക്ഷം കോടിയിലേറെ രൂപ സമാഹരിക്കും എന്നാണ് നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ വൻ ലാഭമുണ്ടാക്കുന്ന എൽഐസി, ബിപിസിഎൽ തുടങ്ങിയ കമ്പനികൾ ഉൾപ്പെടും. ഓഹരി മാത്രമല്ല അതോടൊപ്പം അധികാരവും ഉടമസ്ഥത തന്നെയും കയ്യൊഴിയുക എന്നതാണ് ഗവൺമെന്റിന്റെ ലക്ഷ്യം.
മഹാനായ നെഹ്റുവിന്റെ കാലം മുതൽ വിവിധ ഗവൺമെന്റുകൾ സ്വരുക്കൂട്ടിവച്ച ദേശീയ സമ്പത്താണ് ഈ വിൽക്കുന്നത് എന്ന യാതൊരു കുറ്റബോധവും ബന്ധപ്പെട്ടവർക്ക് ഇല്ലെന്നുമാത്രമല്ല, വലിയ ഒരു പുരോഗമന നടപടി സ്വീകരിക്കുന്നു എന്ന ഭാവമാണുതാനും. ബാലൻസ്ഷീറ്റ് പ്രകാരം തന്നെ 26 ലക്ഷം കോടി രൂപയിലേറെ മൂലധന ആസ്തിയും 10 ലക്ഷം കോടി രൂപയോളം റിസർവുകളും ഉള്ള ഈ പൊതുമേഖലാ സ്ഥാപനങ്ങളെ ഗവൺമെന്റ് കയ്യൊഴിഞ്ഞാൽ സ്വകാര്യമേഖലയ്ക്ക് ലഭിക്കുന്ന സമ്പത്ത് എത്രമേൽ വലുതായിരിക്കുമെന്ന് ചിന്തിച്ചുനോക്കുക. ഇപ്പറഞ്ഞ തുകയുടെ അനേകമിരട്ടിയാണ് ഈ സ്ഥാപനങ്ങൾക്ക് സ്വന്തമായുള്ള സ്വത്തുവകകളുടെ യഥാർത്ഥ മൂല്യം. ഇതൊക്കെ ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് സ്വകാര്യ കുത്തകകൾക്കു മുന്നിൽ ഭരണക്കാർ കൂസലില്ലാതെ തുറന്നുകൊടുക്കുന്നത്. ഗവൺമെന്റ് ഉദ്ദേശിക്കുന്ന രീതിയിൽ ഈ വിൽപ്പന നടക്കുന്നപക്ഷം രണ്ടോ മൂന്നോ വർഷംകൊണ്ട് രാഷ്ട്രത്തിന്റെ ഈ സഞ്ചിത സമ്പത്ത് മുഴുവനായും സ്വകാര്യമേഖലയുടെ കൈകളിലെത്തും. ഇത് ഗവൺമെന്റിനെ എത്രകണ്ട് സാമ്പത്തികമായി ദുർബലപ്പെടുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു രാഷ്ട്രമായാലും അവിടെ സർക്കാർ സാമ്പത്തികമായി ദുർബലമായിരിക്കുകയും സ്വകാര്യമേഖല സാമ്പത്തികമായ അധീശത്വം നേടുകയും ചെയ്യുമ്പോൾ രാഷ്ട്രത്തിന്റെ പരമാധികാരം തന്നെ അപകടത്തിലാവുകയാണ് ഫലം.
ഇപ്പോൾ തന്നെ ദേശീയ വരുമാനത്തിന്റെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ധനാഢ്യർ കയ്യടക്കിക്കഴിഞ്ഞു. ഗവൺമെന്റ് അവരുടെ ആജ്ഞാനുവർത്തികളായി പല കാര്യങ്ങളിലും മാറിക്കഴിഞ്ഞു. ഈ ദിശയിൽ കാര്യങ്ങൾ തുടർന്നാൽ സർക്കാരിന്റെ സാമ്പത്തികമായ വീഴ്ചയും സ്വകാര്യ മേഖലയുടെ സാമ്പത്തിക മേൽക്കോയ്മയും സമ്പൂർണമാകും. സർക്കാർ എന്നത് നാമമാത്രമാവുകയും കോർപ്പറേറ്റുകൾ രാജ്യം ഭരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമാകും. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഗ്രാമവികസനം, തുടങ്ങിയ കാര്യങ്ങളിലൊന്നും സർക്കാരിന് ഇടപെടാൻ കഴിയില്ല. കാർഷി കമേഖലയിൽ ശ്രദ്ധ പതിപ്പിക്കാനോ കർഷകരെ സഹായിക്കാനോ കഴിയില്ല. ഭരണ രംഗ ത്തുനിന്നുള്ള സർക്കാരിന്റെ സമ്പൂർണ പിൻമാറ്റമാണ് സംഭവിക്കുക. അത് രാഷ്ട്രത്തെ വലിയ തകർച്ചയിലേക്ക് നയിക്കും. രാഷ്ട്രത്തോടും ജനങ്ങളോടും പ്രതിബദ്ധതയില്ലാതെ വാർത്തകളവതിരിപ്പിക്കുന്നവർ ഇത്തരം തകർച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. വരാനിരിക്കുന്ന വലിയ വിപത്തുകളെ മറച്ചുവയ്ക്കുക മാത്രമല്ല, അവയെ വലിയ നന്മകളാക്കി ചിത്രീകരിക്കുക കൂടിയാണ് ഇവർ ചെയ്യുന്നത്. സത്യം പറയുക, സത്യം മാത്രം പറയുക, മുഴുവൻ സത്യവും പറയുക എന്നതാവണം മാധ്യമങ്ങളുടെ നയം. ഇതിൽ നിന്നും വ്യതിചലിക്കുന്നത് ക്ഷമിക്കാനാവാത്ത അപരാധം തന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.