ദയാവധം കാത്തുകിടക്കുന്ന പൊതുമേഖല

Web Desk
Posted on July 08, 2019, 11:05 pm
k dileep

ണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യക്കാര്‍ രാഷ്ട്ര ശില്‍പ്പിയെന്നു വിളിച്ച് ആദരിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ കാശ്മീര്‍ വിഭജനത്തിനുത്തരവാദി എന്ന് അവഹേളിക്കപ്പെട്ടപ്പോള്‍ ദുര്‍ബലമായ പ്രതിഷേധമുയര്‍ത്താന്‍ പോലും കോണ്‍ഗ്രസിനായില്ല. നെഹ്‌റു പ്രതിമ തകര്‍ക്കപ്പെട്ടപ്പോഴും നിരന്തരം പൊതുവേദികളില്‍ അദ്ദേഹം അപമാനിക്കപ്പെട്ടപ്പോഴും നെഹ്‌റുവിനെ ദുര്‍ബോധന ചെയ്ത് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ പ്രേരണ ചെലുത്തിയവരിലാരും തന്നെ അതിനെ ചെറുക്കാന്‍ മുന്നോട്ടു വന്നില്ല. നെഹ്‌റുവിനെതിരെയുള്ള ജല്‍പ്പനങ്ങള്‍ക്ക് മറുപടി നല്‍കിയത് കമ്മ്യൂണിസ്റ്റുകാരും അര്‍ബന്‍ നക്‌സലുകള്‍ എന്ന വിളിപ്പേരു വീണ ഇന്ത്യയിലെ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പിടി ബുദ്ധിജീവികളും മാത്രമാണ്. നെഹ്‌റു ഇവിടെ പരാമര്‍ശ വിധേയനാവുന്നത് ഇന്ത്യയില്‍ അതിശക്തമായിരുന്ന പൊതുമേഖലയുടെ, നവരത്‌നങ്ങള്‍ എന്ന് അത്യഭിമാനത്തോടെ നമ്മള്‍ പേരിട്ട പൊതുമേഖല കമ്പനികളുടെതടക്കം സ്രഷ്ടാവ് എന്ന നിലയിലാണ്. ഇന്നില്ലാത്ത കേന്ദ്ര ആസൂത്രണ കമ്മിഷനിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഡോ. കെ എന്‍ രാജ് ആസൂത്രണ കമ്മിഷന്റെ യോഗങ്ങളില്‍ നേരിട്ട് പങ്കെടുത്ത് ഓരോ പദ്ധതിയുടെയും പുരോഗതി വിലയിരുത്തിയിരുന്ന നെഹ്‌റുവിനെ ഓര്‍ക്കാറുണ്ടായിരുന്നു. പൊതു മേഖലയിലെ അടിസ്ഥാന വ്യവസായശാലകള്‍, വലിയ അണക്കെട്ടുകള്‍, ജലസേചന പദ്ധതികള്‍, പഞ്ചവത്സര പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ഇവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ എന്നത്തേയും മുന്‍ഗണനകള്‍. ഈ പരിഗണനയിലൂടെ വളര്‍ന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയവയാണ് ഇന്ത്യയിലെ പൊതുമേഖല കമ്പനികളും ബഹിരാകാശ ഗവേഷണ രംഗവുമൊക്കെ. പൊതുമേഖലയിലെ വാര്‍ത്താ വിനിമയ സംവിധാനത്തിനും ഇതേ പരിഗണന ലഭിച്ചിരുന്നു.
1948 ല്‍ ഇന്ത്യയിലാകെ 80,000 ലാന്റ്‌ലൈന്‍ ഫോണ്‍കണക്ഷനുകളാണ് ഉണ്ടായിരുന്നത്. 1971 ല്‍ 9,80,000 ആയും സാമ്പത്തിക ഉദാരവല്‍ക്കരണം ആരംഭിച്ച 1991 ല്‍ 5.07 കോടി ആയും ലാന്റ് ഫോണുകളുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലടക്കം ടെലഫോണ്‍ ശൃംഖല സ്ഥാപിക്കുവാനായി വലിയ മുടക്കുമുതലാണ് ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ചെലവഴിച്ചത്. ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ മറ്റു ഓഫീസുകള്‍ ഇവയെല്ലാമായി ഇന്ന് 19,308 കോടി വരുമാനവും 70,746.75 കോടി ആസ്തിയും 1,74,216 ജീവനക്കാരുമുള്ള കമ്പനിയാണ് ബിഎസ്എന്‍എല്‍. ഇന്നത്തെ മാര്‍ക്കറ്റ് വിലയില്‍ ആസ്തികള്‍ കണക്കുകൂട്ടിയാല്‍ പ്രഖ്യാപിത മൂല്യത്തേക്കാള്‍ വളരെയധികം വരും. 1986 ല്‍ തന്നെ മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് (എംറ്റിഎന്‍എല്‍) വിദേശ് സഞ്ചാര്‍ നിഗം (വിഎസ്എന്‍എല്‍) എന്നീ കമ്പനികള്‍ രൂപീകരിച്ച് മെട്രോനഗരങ്ങളിലെയും വിദേശത്തെയും ടെലകോം മേഖലയെ ഈ പൊതുമേഖല കമ്പനികള്‍ക്ക് കീഴിലാക്കിയിരുന്നു. 1991 ലെ ദേശീയ ടെലകോ നയം ആണ് ടെലകോം മേഖലയില്‍ സ്വകാര്യ വല്‍ക്കരണത്തിന് വഴിയൊരുക്കിയത്. ഇന്ന് മൊബൈല്‍ സേവന മേഖലയില്‍ 9. 7 ശതമാനം മാത്രമേ ബിഎസ്എന്‍എല്ലിന് മാര്‍ക്കറ്റ് ഷെയര്‍ ഉള്ളൂ. ലാന്റ്‌ലൈനുകളില്‍ 52.4 ശതമാനവും.2000 ത്തില്‍ ടെലകോം വകുപ്പില്‍ നിന്ന് വേര്‍പിരിഞ്ഞ് ബിഎസ്എന്‍എല്‍ രൂപീകരിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലഫോണ്‍ ദാതാക്കളായിരുന്നു. 2005 ല്‍ 10,000 കോടി ലാഭമുണ്ടാക്കിക്കൊണ്ട് നവരത്‌ന കമ്പനികളുടെ പട്ടികയില്‍ ബിഎസ്എന്‍എല്‍ സ്ഥാനം നേടി. എന്നാല്‍ കഴിഞ്ഞ 14 വര്‍ഷം കൊണ്ട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി 2018 ല്‍ 8000 കോടി നഷ്ടത്തിലെത്തി നില്‍ക്കുകയാണ് ബിഎസ്എന്‍എല്‍. ആരാണ് ഈ തകര്‍ച്ചക്കുത്തരവാദി ? ബിഎസ്എന്‍എല്ലിന്റെ തകര്‍ച്ച 2007–2008 ല്‍ ആരംഭിക്കുന്നു. ധാരാളം വിദേശ കമ്പനികള്‍ ടെലകോം മേഖലയിലേക്ക് പ്രവേശിക്കുകയും അവയില്‍ പലതും ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുത്ത് വളരുകയും ചെയ്തപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി ദീര്‍ഘിപ്പിച്ചുകൊണ്ട് അതിന്റെ മത്സരക്ഷമത ഇല്ലാതാക്കുവാനാണ് കഴിഞ്ഞ പത്തുവര്‍ഷമായി മാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ മത്സരിച്ചത്. ബിഎസ്എന്‍എല്ലിന് മാത്രം നവീകരണം നിഷേധിക്കപ്പെട്ടു. 3ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് തന്നെ വളരെയധികം മുറവിളി കൂട്ടേണ്ടിവന്നു. ഇന്ന് വരെ 4ജി സ്‌പെക്ട്രം ഇന്ത്യയിലെ പൗരന്മാരുടെ വിയര്‍പ്പിന്റെ ഫലമായി ഉയര്‍ന്നുവന്ന ബിഎസ്എന്‍എല്‍ എന്ന പൊതുമേഖല കമ്പനിക്ക് മാത്രം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഒരു ദേശസ്‌നേഹിയും ഇതിന്റെ കാരണമെന്തെന്ന് പറയുന്നില്ല. ഇന്ന് സ്വകാര്യ കമ്പനികളുടെ മൊബൈല്‍ ടവറുകളെ ആശ്രയിച്ച് സേവനം നല്‍കേണ്ട ഗതികേടിലാണ് ബിഎസ്എന്‍എല്‍. ഒരു ദേശസ്‌നേഹിക്കും ചോരതിളയ്ക്കുന്നില്ല.
ബിഎസ്എന്‍എല്‍ എന്ന നവരത്‌ന കമ്പനി ഇന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും ഗതിയില്ലാതെ അന്ത്യശ്വാസം വലിക്കുമ്പോള്‍ ലക്ഷക്കണക്കിന് കോടി വിലമതിക്കുന്ന ആസ്തികള്‍ തട്ടിയെടുക്കാനും ഈ അവസ്ഥയിലും ലാന്റ്‌ഫോണ്‍ മേഖലയില്‍ ബിഎസ്എന്‍എല്‍ പുലര്‍ത്തുന്ന ആധിപത്യം കൈവശപ്പെടുത്തുവാനുമായി കഴുകന്‍മാരെ പോലെ വട്ടമിട്ടു പറക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ് ഭരണാധികാരികള്‍. ഇന്ത്യയിലെ പൗരന്മാരുടെ വിയര്‍പ്പിന്റെ വിലകൊണ്ട് പടുത്തുയര്‍ത്തിയ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ഇന്ന് വില്‍പനക്ക് വച്ചിരിക്കുകയാണ്. ഈ വില്‍പനക്ക് ധാര്‍മ്മികമായി എന്ത് അവകാശമാണ് ഭരണാധികാരികള്‍ക്കുള്ളത് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നില്ല. പകരം അന്തരീക്ഷത്തില്‍ മുഴുങ്ങുന്നത് പൊതുമേഖല പടുത്തുയര്‍ത്താനായി മരണം വരെ യത്‌നിച്ചവരെ ദേശദ്രോഹികളാക്കി ചിത്രീകരിച്ചു കൊണ്ടുള്ള അവഹേളനങ്ങള്‍ മാത്രം. ദേശസ്‌നേഹികള്‍ എല്ലാം വില്‍പനക്ക് വച്ചിരിക്കുകയാണ്. നഷ്ടത്തിലാക്കി എങ്ങനെയെങ്കിലും വിറ്റു തുലച്ചാല്‍ മതി. ബിഎസ്എന്‍എല്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.