സിഎഎക്കെതിരെ പ്രമേയം പാസാക്കി പുതുച്ചേരി നിയമസഭ

Web Desk

പുതുച്ചേരി

Posted on February 12, 2020, 11:03 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പുതുച്ചേരി നിയമസഭ. ഡിസംബർ പകുതി മുതൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കെല്ലാം കാരണമായ സിഎഎ അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതുച്ചേരിയിൽ അധികാരത്തിലുള്ളത്. ഇന്നലെ ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് പുതുച്ചേരി നിയമസഭ പ്രമേയത്തിന് അംഗീകാരം നൽകിയത്. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയ ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി ഇതോടെ പുതുച്ചേരി മാറി. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ നാല് സംസ്ഥാനങ്ങൾ സമാനമായ പ്രമേയങ്ങൾ നേരത്തെ പാസാക്കിയിരുന്നു. ഇത്തരത്തിൽ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ നഗരസഭയായി ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞയാഴ്ച മാറിയിരുന്നു. അഖിലേന്ത്യാ എൻ‌ആർ‌ കോൺഗ്രസ്, എഐഎഡിഎംകെ എം‌എൽ‌എമാർ ബഹിഷ്‌കരിച്ചു. എന്നാൽ പൗരത്വ ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്തിനും ബാധകമാണെന്നും ഒരു തരത്തിലും അതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും ഗവർണർ കിരൺ ബേദി മുഖ്യമന്ത്രി വി നാരായണസാമിക്ക് അയച്ച കത്തിൽ പറഞ്ഞു.