Saturday
14 Dec 2019

ചരിത്രത്തിന്റെയും പഴമയുടെയും ഓര്‍മ്മപുതുക്കി പുലവാണിഭമേളക്ക് തുടക്കം

By: Web Desk | Wednesday 9 January 2019 8:49 PM IST


ജനാര്‍ കൃഷ്ണ
കൊച്ചി: ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി പള്ളുരുത്തിയില്‍ പുലവാണിഭ മേളക്ക് തുടക്കമായി. പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ മകര ഉത്സവത്തോട് അനുബന്ധിച്ച് കീഴ്ജാതിക്കാര്‍ക്ക് കൊച്ചി രാജാവ് ക്ഷേത്ര പ്രവേശന അനുമതി നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ പരമ്പരാഗതമായ വ്യാപാരമേള. ഇക്കുറി പരമ്പരാഗത ശൈലിയില്‍ നിന്ന് വേറിട്ട് അന്തര്‍ സംസ്ഥാന വില്‍പ്പനക്കാരുടെ പങ്കാളിത്തം കൊണ്ട് ദേശിയ ശ്രദ്ധ നേടിയിരിക്കുകയാണ് പുല വാണിഭമേള. ധനുമാസത്തിലെ അവസാന വ്യാഴാഴ്ച്ചയാണ് പുല വാണിഭമേള നടത്തിവരുന്നത്. ഇതിന്റെ ചരിത്രം നിലനിര്‍ത്തി ആയിരങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ എത്തുന്നത്. പണ്ടുള്ളതിനേക്കാളും വിപുലമായാണ് ഇപ്പോള്‍ മേള നടന്നു വരുന്നത്. പലനിറത്തിലുള്ള കുങ്കുമങ്ങള്‍, ഫേബ്രിക്ക് പ്ലേറ്റുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഗ്ലാസ്സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് അന്തര്‍ സംസ്ഥാന വില്‍പ്പനക്കാര്‍ ഇവിടെ കച്ചവടത്തിനായി എത്തിച്ചിരിക്കുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക, ബീഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയിരിക്കുന്നത്.
ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാ അവശ്യവസ്തുക്കളും ഇവിടെ ലഭിക്കും എന്നതാണ് പുല വാണിഭമേളയുടെ പ്രത്യേകത. പുരാതനകാലത്തു പഴമക്കാര്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ മുതല്‍  ആധുനിക കാലത്തെ വീട്ടുപകരണങ്ങള്‍ വരെ ഇവിടെ സുലഭമാണ്. പണ്ടുകാലത്ത് കാപ്പി ഉണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്ന കരിപ്പെട്ടി, ചുക്ക് കരിപ്പെട്ടി, പനം കല്‍ക്കണ്ടം എന്നിവയുടെ കച്ചവടത്തിനായി കഴിഞ്ഞ 20 വര്‍ഷത്തിന് മേൡലായി മേളയുടെ സ്ഥിരം സാനിധ്യമായ കലാവതിയും ഭര്‍ത്താവ് മുരുകനും ഇത്തവണയും മേളയില്‍ എത്തിയിട്ടുണ്ട്. മേളയില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ എത്തുന്ന മറ്റൊന്നാണ് പായ. കയറ്റുപായ, കൈതോലപ്പായ എന്നിവയാണ് പായകളില്‍ ആവശ്യക്കാര്‍ അധികമായി എത്തുന്നത്. 250 മുതല്‍ 400 രൂപ വരെയാണ് പായുകളുടെ വില. പണ്ട് കാലങ്ങളില്‍ സുലഭമായിരുന്ന ഗ്യാസ് മിഠായികള്‍, മധുര പലഹാരങ്ങള്‍, പലതരത്തിലുള്ള മുറുക്കുകള്‍, ഉപ്പേരികള്‍ തുടങ്ങിയവ എല്ലാം തന്നെ ഇവിടെ നിരന്നു തുടങ്ങി. പലഹാരങ്ങളുടെ കച്ചവടത്തിനായി കഴിഞ്ഞ 40 വര്‍ഷത്തിന് മുകളിലായി കോയമ്പത്തൂര്‍ സ്വദേശി ഉമ മഹേശ്വരിയും ഭര്‍ത്താവ് കണ്ണനും ഇവിടെ എത്താറുണ്ട്.
എല്ലാ വര്‍ഷവും നല്ല കച്ചവടം ലഭിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. പണ്ട് കലാങ്ങളില്‍ വീടുകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വാരിക്കൊട്ട, ചോറ്റുകൊട്ട, ഉരല്‍, ഇടികല്ല്, അമ്മി, മുളം കുറ്റി, ചിരട്ടത്തവി എന്നിവയും പഴമയെ ഓര്‍മ്മിപ്പിച്ച് ആവശ്യക്കാര്‍ക്കായി കാത്തിരിപ്പുണ്ട്. ഇവയെക്കൂടാതെ കറിച്ചട്ടികള്‍ കളിമണ്‍ കുടുക്ക, കുജ, അടുപ്പ്, ചിരാദ് എന്നിവയും മേളയില്‍ മുഖം മിനുക്കി എത്തിയിട്ടുണ്ട്. 100 മുതല്‍ 600 രൂപ വരെയാണ് ഇവയുടെ വില. മേളയിലെ മറ്റൊരു പ്രധാന ഇനമാണ് ഉണക്കമീനുകള്‍ പലതരത്തിലുള്ള ഉണക്കമീനുകള്‍ ഇവിടെ സുലഭമാണ.് ഇതിനായി പലയിടങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഇരുമ്പ് ഉപകരണങ്ങള്‍, ഫര്‍മണ്ണീച്ചറുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ചെടികള്‍, പച്ചക്കറി വിത്തുകള്‍ എന്നിവയെല്ലാം ഇവിടെ സുലഭമാണ്. പള്ളുരുത്തി റോഡിന്റെ ഇരുവശങ്ങളിലടക്കം ആരംഭിച്ചിട്ടുള്ള കടകളില്‍ നിരവധി ആവശ്യക്കാരാണ് എത്തുന്നത്. പ്രത്യേക സംഘാടകര്‍ ഇല്ലാതെ നടക്കുന്നു എന്നതാണ് ഈ മഹാമേളയുടെ ഏറ്റവും വലിയ  പ്രത്യേകത.
ഫോട്ടോ: വിഎന്‍ കൃഷ്ണ പ്രകാശ്