പുലിക്കുത്ത് ജീപ്പ് അപകടം; മരണ സംഖ്യ അഞ്ചായി ഉയര്‍ന്നു

Web Desk
Posted on September 20, 2019, 8:09 pm

രാജാക്കാട്: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ തമിഴ്‌നാട് ചുരംപാതയിലെ പുലിക്കുത്തിന് സമീപം തൊഴിലാളി വാഹനം മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചു. ബോഡി സ്വദേശിനി പാപ്പാത്തി (59) യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കണ്ണന്‍ (40) ധനലക്ഷ്മി (45) എന്നിവര്‍ സംഭവസ്ഥലത്തും, മുന്തല്‍ സ്വദേശിനി അന്നക്കിളി (68) ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച മരിച്ചിരുന്നു.

ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ആയിരുന്ന ബോഡി സ്വദേശിനി നൂര്‍ജഹാന്‍(52) ചൊവാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. ഏഴ് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തേനി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ബി എല്‍ റാവ് സ്വദേശിയും താല്‍ക്കാലിക ഡ്രൈവറുമായ മൂകേശ്വരന്‍ ഓടിച്ചിരുന്ന തൊഴിലാളുകളുമായി തമിഴ്‌നാടിന് പോയ ജീപ്പ് കാറ്റാടിപ്പാറക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. കൊടും വളവില്‍ നൂറടിയോളം താഴെ റോഡിലേക് മറിഞ്ഞ വാഹനം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.